ന്യൂയോര്‍ക്ക്: ആണവായുധങ്ങള്‍ക്കായുള്ള നീക്കം ഇറാന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള സൈനീക നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ആണവക്കരാറില്‍ ചര്‍ച്ചകള്‍ സജീവമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഇറാനു മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തു വന്നത്.
ആണവക്കരാര്‍ അമേരിക്ക മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന ഇറാന്റെ ആരോപണത്തിനു മറുപടിയിലായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങളില്‍ സൈനിക ആക്രമണം ഉണ്ടാകുമോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും അങ്ങനെ സംഭവിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
യുഎസിനെ ഇറാന്‍ പറ്റിക്കുകയാണെന്നാണെന്നു യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആണവായുധം എന്ന ആശയം ഇറാന്‍ ഒഴിവാക്കണമെന്നും അവര്‍ക്ക് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ലെന്നുമാണ് യുഎസ് കമാന്‍ഡര്‍-ഇന്‍-ചീഫ് പറഞ്ഞത്. അതേസമയം യുഎസിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് ഇറാന്‍ രംഗത്തെത്തി. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് ഇറാന്റെ നിലപാട്. യുഎസ് – ഇറാന്‍ ആണവക്കരാറിലെ രണ്ടാംഘട്ട ചര്‍ച്ച റോമില്‍ നടക്കുമെന്നാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.