വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കും. പ്രസിഡന്റിന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ മേയ് 13 മുതല്‍ 16 വരെയുളള ദിവസങ്ങളില്‍ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം വട്ടം അധികാരമേറ്റതിനു ശേഷമുള്ള പ്രധാനപ്പെട്ട വിദേശ സന്ദര്‍ശനമാണ് മേയ് 13 ന് ആരംഭിക്കുന്നത്. ശനിയാഴ്ച വത്തിക്കാനില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങുകളിലും ട്രംപ് പങ്കെടുക്കുമെന്ന് അവര്‍ പറഞ്ഞു.
ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനു മുന്നോടിയായി സൗദിയില്‍ നിന്നുള്ള ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദി സന്ദര്‍ശനത്തില്‍ വമ്പന്‍ വ്യാപാര കരാറുകള്‍ അമേരിക്കയ്ക്ക് ലഭിക്തകുമെന്നു സൂചനയുണ്ട്. കഴിഞ്ഞ തവണയും ട്രംപ് അധികാരമേറ്റ ശേഷം ആദ്യം സന്ദര്‍ശനം നടത്തിയ രാജ്യം സൗദിയായിരുന്നു. സാമ്പത്തിക സഹകരണം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളില്‍ ട്രംപ് ഭരണകൂടവും സൗദിയും തമ്മില്‍ ചര്‍ച്ച നടത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ മേഖലകളില്‍ കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.