ഷാജി രാമപുരം
ഡാലസ് : ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 6 വെള്ളി മുതല്‍ 8 ഞായര്‍ ദിവസങ്ങളിൽ നടത്തപ്പെടും.
മെയ് 6 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്കും, മെയ് 7 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്കും സന്ധ്യാ പ്രാർത്ഥനയോടും, ഗാന ശുശ്രുഷയോടും കൂടെ ആരംഭിക്കുന്ന ഓർമ്മപ്പെരുന്നാൾ ശുശ്രുഷയിൽ ഹ്യൂസ്റ്റൺ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഇടവക വികാരിയായിരിക്കുന്ന റവ.ഫാ. ഐസക് ബി. പ്രകാശ് മുഖ്യ സുവിശേഷ പ്രഭാഷണം നടത്തുന്നതാണ്.
ശനിയാഴ്ച വൈകിട്ട് 8 മണിയോടെ അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോടു കൂടി ഭക്തി നിർഭരമായ റാസയും, ആശിർവാദവും നേർച്ച വിളമ്പും കൂടാതെ അന്നേദിവസം ആത്‌മീയ പ്രസ്ഥാനങ്ങളുടെയും സൺഡേ സ്കൂളിന്റേയും നേതൃത്വത്തിൽ നാടൻ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
മെയ് 8 ഞായറാഴ്ച്ച രാവിലെ 8 :30 ന് പ്ലേനോ സെൻറ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരി വെരി. റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബ്ബാനയും, റാസ, നേർച്ച വിളമ്പ് എന്നീ ശുശ്രുഷകൾക്ക് ശേഷം ഈ വർഷത്തെ പെരുന്നാൾ കൊടി ഇറങ്ങും.
മെയ് 1 ഞായറാഴ്ച രാവിലെ 8:30 ന് പ്രഭാത നമസ്കാരത്തിനും, വി.കുർബ്ബാനക്കും ശേഷം 11:30 ന് കൊടിയേറ്റത്തോടെ പെരുന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച ഈ ദേവാലയം വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്‌സാസിലെ ഏക ദേവാലയമാണ്. ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധവും നാനാ ജാതി മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയവുമാണ്.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഭംഗിയായി കൊണ്ടാടി അനുഗ്രഹം പ്രാപിപ്പാൻ എല്ലാ വിശ്വാസ സമൂഹത്തേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. ജോഷ്വാ ജോർജ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :സാജൻ ചാമത്തിൽ (സെക്രട്ടറി) 972- 900-7723, രാജൻ ജോർജ് (ട്രസ്റ്റി) 804 735-6150.