സ്വന്തം ലേഖകന്‍
ഫ്ളോറിഡ : നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഒര്‍ലാന്റോ കണ്‍വെന്‍ഷനില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കും. ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഫൊക്കാന നേതാക്കള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്ഭവനില്‍ ഗവര്‍ണറെ നേരില്‍ കണ്ട് കണ്‍വെന്‍ഷന്റെ മുഖ്യാതിഥിയായി പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഫൊക്കാന നേതാക്കളുടെ ക്ഷണം സ്വീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജൂലൈ 7 മുതല്‍ 10 വരെ ഒര്‍ലാണ്ടോയിലെ ഡിസ്നി വേള്‍ഡിലുള്ള ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രമുഖ മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറും കാരുണ്യപ്രവര്‍ത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാജിക്ക് പ്ലാനറ്റില്‍ നടന്ന ഫൊക്കാന കേരളാ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനായിരുന്നു.
കേരളാ കണ്‍വെന്‍ഷനിലേക്ക് ഗവര്‍ണറെ ക്ഷണിക്കാന്‍ ഫൊക്കാന ഭാരവാഹികള്‍ രാജ് ഭവനില്‍ എത്തിയപ്പോഴാണ് ഫ്ളോറിഡയിലെ ഒര്‍ലാന്റോയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചത്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് അന്ന് വാക്കാല്‍ ഉറപ്പു നല്‍കിയ ഗവര്‍ണര്‍, പിന്നീട് അദ്ദേഹത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച് ഗവര്‍ണറുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.
സമാപന സമ്മേളനത്തില്‍വച്ച് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ സംസാരിച്ചിരുന്നു. കേരള ജനതയ്ക്കായി ഫൊക്കാന ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും, ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് മുതുകാടിന് ഫൊക്കാന നല്‍കുന്ന സഹായസഹകരണങ്ങളില്‍ ഗവര്‍ണര്‍ ഏറെ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. കേരളത്തിന്റെ വികസനങ്ങള്‍ക്കായി അമേരിക്കന്‍ മലയാളികള്‍ നടത്തിവരുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ച ഗവര്‍ണര്‍ അമേരിക്കയിലെ മലയാളി സമൂഹത്തെ നേരില്‍ കാണാനുള്ള തന്റെ ആഗ്രഹവും ഫൊക്കാന നേതാക്കന്മാര്‍ മുന്‍പാകെ പങ്കു വച്ചു.
ഫൊക്കാന അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ഫൊക്കാന മുന്‍ പ്രസിഡണ്ടും കണ്‍വെന്‍ഷന്‍ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററുമായ പോള്‍ കറുകപ്പള്ളില്‍, പ്രഫ. ഗോപിനാഥ് മുതുകാട് എന്നിവരും ഗവര്‍ണറെ ക്ഷണിക്കാന്‍ രാജ് ഭവനിലെത്തിയ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിനൊപ്പമുണ്ടായിരുന്നു.