സരോജ വര്‍ഗീസ്
2022-24 പ്രവര്‍ത്തനവര്‍ഷങ്ങളിലേക്ക് ഫൊക്കാനയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ശ്രീമതി ലീല മാരേട്ട് മത്സരിക്കുന്നു. കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനമേഖലകളില്‍, തന്റെ സവിശേഷമായ കര്‍മ്മശേഷികൊണ്ട്, സംഘടനാപാടവം തെളിയിച്ചിട്ടുള്ള പ്രമുഖ വ്യക്തിയാണ് ശ്രീമതി ലീല മാരേട്ട്.
കേരളത്തില്‍ ആലപ്പുഴയില്‍ സെന്റ് ജോസഫ്സ് കോളേജില്‍ പ്രൊഫസറായി സേവനം അനുഷ്ഠിക്കവെ, 1981ല്‍ വിവാഹിതയായി ലീല അമേരിക്കയിലെത്തി. ന്യുയോര്‍ക്കില്‍ പരിസ്ഥിതിസംരക്ഷണമേഖലയില്‍ ശാസ്ത്രജ്ഞയായി ഏറെക്കാലം പ്രവര്‍ത്തിച്ചു. ഒപ്പം തന്നെ ന്യുയോര്‍ക്കില്‍ മാത്രമല്ല, വടക്കേ അമേരിക്കയിലെ വിവിധ സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച് നേതൃത്വനിരയിലേക്കെത്തി. ന്യുയോര്‍ക്കിലെ പ്രഥമ സാംസ്‌കാരിക സംഘടനയായ കേരളസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യുയോര്‍ക്കിന്റെ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍പേഴ്‌സണ്‍, കമ്മറ്റി മെമ്പര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു.
ഇന്നും സമാജത്തിന്റെ കമ്മറ്റിയില്‍ തന്റെ പ്രവര്‍ത്തനം തുടരുന്നു. 2004 ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യുയോര്‍ക്ക് സിറ്റിയില്‍ നടന്ന പരേഡില്‍ കേരളസമാജത്തിന്റേതായ ഫ്ളോട്ട് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നതിനു ലീലക്ക് കഴിഞ്ഞു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‌സുലേറ്റിനോട് ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും അവര്‍ അവസരങ്ങള്‍ ഒരുക്കി.
മലയാളികളുടെ അഭിമാനമായി വിശേഷിപ്പിക്കാവുന്ന ഫെഡറേഷന്‍ ഓഫ് കേരളൈറ്റ്സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) വിവിധ തസ്തികകളില്‍ ചുമതല വഹിച്ചിട്ടുണ്ട്. ഫൊക്കാന ന്യുയോര്‍ക്ക് റീജിയണല്‍ പ്രസിഡന്റ്, ഫൊക്കാന ട്രഷറര്‍, എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡണ്ട് ഫൊക്കാന വിമന്‍സ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ച് തന്റെ കര്‍മ്മശേഷി തെളിയിച്ച വനിതയാണ് ലീല.
കൂടാതെ, ഏഷ്യന്‍ പസിഫിക് ലേബര്‍ അലയന്‍സ്, ന്യു അമേരിക്കന്‍ ഡെമോക്രാറ്റിക്ക് ക്ലബ്, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്സ് തുടങ്ങിയ മേഖലകളിലും വിവിധ റോളുകളില്‍ സേവനം കാഴ്ചവയ്ക്കാന്‍ ലീലക്ക് കഴിഞ്ഞു.
ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍, അമേരിക്കന്‍ മലയാളികളുടെ യുവതലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും മലയാളത്തനിമയുടെ പൈതൃകസംസ്‌കാരത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനും ലീലക്ക് സാധിക്കും. നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍, പ്രസിഡന്റ് എന്ന നിലയില്‍ ശ്രീമതി ലീല മാരേട്ടിന്റെ കൈകളില്‍ സുശക്തമായിരിക്കും. വിജയാശംസകള്‍.