ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, റവ. ഫാ. മാത്യു പാഴൂര്‍ (ന്യൂയോര്‍ക്ക്), റവ. ഫാ. ജില്‍സണ്‍ (ബോസ്റ്റണ്‍) എന്നിവര്‍ കാര്‍മ്മികരായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം.
മെയ് 14 ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. കുര്‍ബാനമധ്യേ കാര്മ്മികര് കുട്ടികള്‍ക്ക് സ്ഥൈര്യലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അള്‍ത്താരയില്‍ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങള്‍ക്ക് നല്കി.
കഴിഞ്ഞ ഒരുവര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 17 കുട്ടികള്‍ പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യലേപനവും തദവസരത്തില്‍ സ്വീകരിച്ചു. എയ്ഡന്‍ ബിനു, അജയ് നരളക്കാട്ട്, അലിനാ റോയ്, എലെന തോമസ്, എതാന്‍ അഗസ്റ്റിന്, ഗ്ലെന്‍ സാബു, ജയ്ഡന്‍ ഡൊമിനിക്, ജോണ്‍ നിഖില്‍, ജോഷ്വാ അപ്രേം, ജസ്വിന് ജോസഫ്, മിതുന്‍ ആന്റണി, നേതന്‍ പോള്‍, നേതന്‍ തോമസ്, ഒലിവിയ കുര്യന്, റയാന് പള്ളിവാതുക്കല്‍, സാറാ ബിജോ, സോഫിയാ കുര്യന് എന്നിവരായിരുന്നു കൂദാശകള്‍ സ്വീകരിച്ചത്.
മതാധ്യാപകരായ ജയ്ക്ക് ചാക്കോ, കാരളിന് ജോര്‍ജ്, ഡോ. മെര്ലിന് മന്നാട്ട്, ജൂലിയറ്റ് ജോണി എന്നിവര്‍ കുട്ടികളുടെ പരിശീലനത്തിനു നേതൃത്വം നല്കി. ജയിന് സന്തോഷ്, ലീനാ ജോസഫ് എന്നീ മതാധ്യാപകര്‍ ദിവ്യകാരുണ്യ സ്വീകരണ ക്രമീകരണത്തിന് സഹായികളായി.
ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ റോഷിന് പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, തോമസ് ചാക്കോ, ജോര്‍ജ് വി. ജോര്‍ജ്, ഇടവക സെക്രട്ടറി ടോം പാറ്റാനി, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സി. സി. ഡി. ടീച്ചേഴ്സ്, കുട്ടികളുടെ മാതാപിതാക്കള്‍, പള്ളിക്കമ്മിറ്റി, മരിയന്‍ മദേഴ്സ്, ഭക്തസംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ കൂദാശാകര്‍മ്മങ്ങള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. കാരളിന് ജോര്‍ജിന്റെ നേതൃത്വത്തില്‍ യുവഗായകരടങ്ങുന്ന ഇംഗ്ലീഷ് ക്വയര്‍ ദിവ്യബലിമധ്യേ ഗാനങ്ങള്‍ ആലപിച്ചു.
പ്രഥമദിവ്യകാരുണ്യസ്വീകരണത്തോടനുബന്ധിച്ച് കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വര്‍ണമനോഹരമായ ബുക്ലെറ്റും പ്രസിദ്ധീകരിച്ചിരുന്നു.
ഫോട്ടോ: ജോസ് തോമസ്