വാഷിംഗ്ടണ്‍ ഡിസി: ടെക്‌സസിലെ സ്‌കൂളില്‍ 18 കുട്ടികളെ വെടിവച്ച് കൊന്ന സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡന്‍.
വാര്‍ത്ത കേട്ട് താന്‍ തളര്‍ന്ന് പോയെന്നും ഇത് എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ബൈഡന്‍ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു.
ദൈവനാമത്തില്‍, എപ്പോഴാണ് നാം തോക്കുലോബിക്കെതിരെ നിലകൊള്ളുക. ഈ രാജ്യത്തെ എല്ലാ രക്ഷിതാക്കള്‍ക്കും വേണ്ടി, ഈ വേദനയെ പ്രവര്‍ത്തിയാക്കി മാറ്റാനുള്ള സമയമായിരിക്കുന്നു. ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണെന്ന് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും വ്യക്തമാക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സംഭവം ഹൃദയഭേദകമാണെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഉവാള്‍ഡെയിലെ മനുഷ്യരുടെ വേദനയ്‌ക്കൊപ്പമാണ് വൈറ്റ് ഹൗസുമുള്ളതെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
കൂട്ടക്കൊലക്കെതിരേ വ്യാപകമായ പ്രതിഷേധം രാജ്യത്താസകലം ഉയര്‍ന്നിട്ടുണ്ട്. സാധാരണക്കാര്‍ മുതല്‍ യുഎസ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് അംഗങ്ങളും വിവിധ രംഗങ്ങളില്‍ പ്രശസ്തരായ അമേരിക്കക്കാരും സംഭവത്തെ അപലപിച്ചു.
‘ദൈവമേ, മതി. ചെറിയ കുട്ടികളും അവരുടെ ടീച്ചറും. സ്തംഭിച്ചുപോയി. ഹൃദയം തകര്‍ന്നു.’- പ്രസിഡന്റിന്റെ ഭാര്യ ജില്‍ ബൈഡന്‍ പ്രതികരിച്ചു.
തോക്ക് ലോബിക്കെതിരേ നടപടിയെടുക്കാത്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരേ മുന്‍ പ്രസിഡന്റ് ഒബാമ ആഞ്ഞടിച്ചു.
”സാന്‍ഡി ഹുക്കിലെ വെടിവയ്പ് കഴിഞ്ഞ് പത്ത് വര്‍ഷത്തിനുശേഷം നമ്മുടെ രാജ്യം ഭയത്താലല്ല, ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ ധൈര്യം കാണിക്കാത്ത രാഷ്ട്രീയപാര്‍ട്ടികളാല്‍ തളര്‍ന്നുകിടക്കുകയാണ്. നടപടിയെടുക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു- ഒബാമ പറഞ്ഞു.
കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ തലത്തിലെ അധികാരികള്‍ പാര്‍ട്ടിവ്യത്യാസമില്ലാതെ നടപടിയെടുക്കണമെന്ന് മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ അഭിപ്രായപ്പെട്ടു.