മിനി വിശ്വനാഥന്‍
സാഹിത്യത്തില്‍ പ്രവാസി എഴുത്തുകാര്‍ എന്ന വേര്‍തിരിവ് ആവശ്യമില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സര്‍ഗ്ഗാത്മകതക്ക് കാലദേശാതിര്‍ത്തികള്‍ ബാധകമല്ല എന്നു തെളിയിക്കുന്നതാണ് ഗ്രീന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ച ബെന്നി കുര്യന്‍ എഡിറ്റു ചെയ്തു കോര്‍ത്തിണക്കിയ കഥാ സമാഹാരമായ ‘ അമേരിക്കന്‍ കഥക്കൂട്ടം’ എന്ന പുസ്തകം തെളിയിക്കുന്നത്. അനുഭവങ്ങളുടെ ഉലയില്‍ ഊതിക്കാച്ചി തച്ചുടച്ചു മിനുക്കിയെടുത്ത കാരിരുമ്പിന്റെ വെട്ടിത്തളിങ്ങുന്ന സൃഷ്ടികള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഈ കഥാകൃത്തുക്കളുടെ അനുവാചകര്‍ കടല്‍ കടന്ന് ദേശാന്തരങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് ഈ പുസ്തകം ജന്മമെടുത്തതുകൊണ്ടാകാം.
തായ് വേരുകള്‍ മറന്നുപോവാതിരിക്കുക എന്നത് മാനുഷിക ഗുണങ്ങളില്‍ ഒന്നാമത്തേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവ ജീവസ്പന്ദനം പോലെ കൂടെ കൊണ്ടു നടക്കുന്ന പ്രവാസി എഴുത്തുകാര്‍ക്കും , ഇത്തരമൊരു മഹത്തായ സംരംഭത്തിന് തന്റെ സമയം ചിലവഴിക്കാന്‍ തയ്യാറായ പ്രവാസി എഴുത്തുകാരന്‍ ബെന്നി കുര്യനും ഗ്രീന്‍ ബുക്‌സും അഭിനന്ദനമര്‍ഹിക്കുന്നു.
അറുപത്തിഅഞ്ച് അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ‘അമേരിക്കന്‍ കഥക്കൂട്ടം’ എന്ന കഥാ സമാഹാരം എന്റെ കൈയില്‍ കിട്ടിയിട്ട് ഒരു മാസത്തോളമായി. ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങളും കൊണ്ടും വായന നീണ്ടു പോയെങ്കിലും, വായിച്ചവസാനിപ്പിച്ചത് പരിപൂര്‍ണ്ണ സംതൃപ്തിയോടെയാണ്.
സാഹിത്യരചനകള്‍ വെറുമൊരു നേരംപോക്കു മാത്രമായിരുന്നില്ല ഈ എഴുത്തുകാര്‍ക്ക്. ഗൗരവത്തോടെയും ലളിതമായും തങ്ങളുടെ ജീവിത പരിസരങ്ങളും സ്വത്വപ്രതിസന്ധികളും ഗൃഹാതുരതകളും തങ്ങളുടെ രചനകളില്‍ കൊണ്ടുവരാന്‍ അവര്‍ക്കായിട്ടുണ്ട്. നാട് വിടുന്ന ഓരോ മലയാളിയും തന്റെ ഭാഷയേയും സംസ്‌കാരത്തെയും ഓര്‍മ്മകളേയും തനിക്കൊപ്പം കൂടെ കൂട്ടും.
മലയാളിയായിരുന്നു എന്ന അടയാളപ്പെടുത്തലിന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അമേരിക്കന്‍ മലയാളികളാണെന്ന് തോന്നാറുണ്ട്. അവിടെ താമസമുറപ്പിച്ച മലയാളികള്‍ കഥയേയും സാഹിത്യത്തേയും എത്രമേല്‍ സ്‌നേഹിക്കുന്നുവെന്നതിന് ഉന്നത നിലവാരം പുലര്‍ത്തുന്ന അമേരിക്കന്‍ മലയാളം പ്രസിദ്ധീകരണങ്ങള്‍ സാക്ഷി.
ഈ സമാഹാരത്തിലെ എല്ലാ കഥകളും പ്രശംസ അര്‍ഹിക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കഥകളുടെ ഒരു അന്തോളജി ആണ് ഈ സമാഹാരം. എല്ലാ കഥകളെ കുറിച്ചും എഴുതാനുള്ള സ്ഥലപരിമിധിമൂലം ചുരുക്കം ചില കഥകള്‍ പരാമര്‍ശിക്കട്ടെ.
അനിത പണിക്കരുടെ ഗേള്‍ഫ്രണ്ട്‌സ് എന്ന കഥയുടെ പശ്ചാത്തലം അമേരിക്കയിലെ മലയാളി കുടുംബന്ധങ്ങളുടെ വീര്‍പ്പുമുട്ടലുകളും സ്ത്രീ സൗഹൃദങ്ങളുടെ വ്യാപ്തിയും തന്നെയാണ്. സ്ത്രീകള്‍ അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങള്‍ വളരെ ഭംഗിയായി അനിത പ്രതിഫലിപ്പിച്ചിരിക്കുന്നു.
രാജേഷ് വര്‍മ്മയുടെ കൊളോണിയല്‍ കസിന്‍സിന്റെ പശ്ചാത്തലം കേരളത്തിലെ ഗ്രാമീണതയാണെങ്കിലും വിഷയം അമേരിക്കന്‍ മലയാളിയുടെ സന്ദര്‍ശനവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും പ്രതീക്ഷകളുമാണ്.
സിഎംസിയുടെ പോപ്പറില്ലോയില്‍ വരാനിരിക്കുന്ന ക്രിസ്തുമസ്സ് കാലങ്ങളില്‍ ഇരുട്ടില്‍ മൂടിക്കിടക്കുന്ന തന്റെ വീടിനെ നോക്കി നേടുവീര്‍പ്പിടുന്ന ആദ്യ കുടിയേറ്റ മലയാളിയുടെ ആകുലത ഉള്ളില്‍ തറക്കും.
പാപനാശിനിയുടെ തീരത്ത് വായനക്കാരനും റ്റിമ്മിക്കായി പ്രാര്‍ത്ഥനയോടെ… മാലിനിയുടെ കഥയില്‍ ഒരമ്മയുടെ ഹൃദയത്തിന്റെ തുടിപ്പ്.
ജോണ്‍ മാത്യുവിന്റെ ന്യായവിധിയില്‍ വായനക്കാരനും സ്വയം വിധിക്കപ്പെടും.
നിര്‍മ്മലയുടെ ‘പാക്കിപ്രിന്‍സസ്’ എന്ന കഥയില്‍ കോര്‍പ്പറേറ്റ് ലാഡര്‍ ചവുട്ടിക്കയറുന്ന പ്രവാസ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രൊഫഷണല്‍ ഈഗോസിനെ മനോഹരമായി വരച്ചിട്ടിരിക്കുന്നു. പാക്കിസ്ഥാനി പ്രിന്‍സസ് എന്ന അപരപ്പേര് ചുരുക്കി പാക്കിപ്രിന്‍സസ് , രാജകുമാരിയാക്കി പരിഹാസപ്പേരു വിളിച്ചിട്ടൊന്നും കുലുങ്ങാത്ത ‘ഇന്‍ഡി’ എന്ന പാക്കിസ്ഥാനിയുടെ കമ്പനിയുടെ ഭാവിയെ പറ്റി ഒരുമിച്ചു് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയാണ്. ഇതാണ് പ്രവാസിയുടെ, പ്രത്യേകിച്ച് പ്രവാസി സ്ത്രീകള്‍ തിളങ്ങാന്‍ കാരണം! – അനേക വര്‍ഷം ദുബായില്‍ ജോലിചെയ്ത എനിക്ക് ഇത് നല്ലവണ്ണം നേരിട്ടറിയാവുന്നതാണ്.
പ്രിയ ജോസഫിന്റെ ‘കന്യാവൃതത്തിന്റെ കാവല്‍ക്കാരന്‍’, ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ കാണിച്ചുതരുന്നു. മജ്ജയും മാംസവും വികാരങ്ങളും ഉള്ളവളാണ് താലിയില്‍ കെട്ടിയിട്ടിരിക്കുന്ന ജീവിതങ്ങള്‍ എന്ന് റേച്ചല്‍ വായനക്കാരനോട് മന്ത്രിക്കുന്നുണ്ട്. പെടിക്യൂറില്‍ ‘കാലുപൂജ’ ചെയ്യുന്ന ടോണിയുടെ ദൌര്‍ബല്യം റേച്ചല്‍ സഹാനുഭൂതിയോടെ കാണുന്നു. ഭാരതീയ കുടുംബ ബന്ധനത്തിന്റെ ചങ്ങലകളില്‍ റേച്ചല്‍ സ്വയം ഹോമിക്കണമായിരുന്നോ എന്നെനിക്കു തോന്നിപ്പോയി.
ഈ കഥാസമാഹാരത്തില്‍ എന്നെ ആകര്‍ഷിച്ച ഒരു കഥയാണ് പുസ്തകത്തിന്റെ പിന്നണിക്കാരനായ ബെന്നി കുര്യന്റെ തന്നെ ‘വീണ്ടുമൊരു കടല്‍ത്തീരത്തേക്ക് ‘ എന്ന കഥ. രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ വെള്ളായിയപ്പന്റെ നിസ്സഹായത കടന്നുവരികയാണ്. വടക്കു പുറത്തെ തൊടിയിലെ പച്ചക്കറികളില്‍ നിന്ന് അമ്മ കടന്നുവരുന്നത് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മകളുടെ പിടി വാശികളിലേക്കാണ്. പ്രായപൂര്‍ത്തിയായെന്ന് സ്വയം വിശ്വസിക്കുന്ന പതിനാറു വയസുകാരിയുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ പകച്ച് പോവുന്ന അമ്മയെയും ‘കടല്‍ത്തീരത്ത്’ എന്ന കഥയേയും എഴുത്തുകാരന്‍ ഹൃദയസ്പര്‍ശിയായി ബന്ധിപ്പിച്ചിരിക്കുന്നു.
കേരളത്തിലെ ഗ്രാമത്തിലെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്നു സമൃദ്ധമായ ജീവിതം കൊതിച്ചു കൊണ്ട് അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കന്‍മാര്‍ തങ്ങള്‍ ജീവിച്ച ശീലങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. പലപ്പോഴും നിസ്സഹായതയുടെ ഗര്‍ത്തങ്ങളില്‍ താഴ്ന്നു പോവുന്ന മാതാപിതാക്കളുടെ നേര്‍ച്ചിത്രം ഈ കഥ കൂടുതല്‍ ഹൃദയസ്പര്‍ശിയാക്കുന്നു !
ഇന്ത്യ എന്നത് മകളുടെ ഭാഷയില്‍ ‘നിങ്ങളുടെ ഇന്ത്യ’യാണ്, അമേരിക്ക അവരുടേതും. രണ്ട് തലമുറകള്‍ തമ്മിലുള്ള വൈകാരിക പ്രതിസന്ധി വെള്ളായിയപ്പന്റെ ചിന്തയുമായി ചേര്‍ത്തിണക്കിയാണ് ഈ കഥ രചിച്ചിട്ടുള്ളത്, അതുകൊണ്ട് തന്നെ കൂടുതല്‍ ആസ്വാദ്യവുമാവുന്നു.
കെ.വി. പ്രവീണിന്റെ ജാക്ക്‌പോട്ട്, അശോകന്‍ വേങ്ങശ്ശേരിയുടെ അസൈന്‍മെന്റ്, കവിത അംബികദേവിയുടെ കീ വെസ്റ്റില്‍ നിന്നോടൊപ്പം, ജീന രാജേഷിന്റെ ഇന്നാണ് ഫിലിപ്പന്റെ മരണം, സാംജീവിന്റെ ഗ്രീക്ക് യോഗര്‍ട്ട്, ഷാജു ജോണിന്റെ മോറിസ് മൈനര്‍, പ്രിയ ഉണ്ണികൃഷ്ണന്റെ റൊമേറോ തുടങ്ങി എല്ലാ കഥകളും വായനക്കാരനെ അമേരിക്കന്‍ ജീവിത യാഥാത്ഥ്യങ്ങളില്‍ തളച്ചിടും.
ഈ സമാഹാരത്തിലെ ഓരോ കഥയ്ക്ക് പിന്നിലും മറ്റൊരു കഥയും ഓര്‍മ്മകളും ജീവിതവുമുണ്ടെന്ന് പറയാം. അമേരിക്കന്‍ മലയാളികളുടെ ഈ കഥക്കൂട്ടം ഗൗരവമുള്ള വായനയും ചര്‍ച്ചകളും വിശകലനവും അര്‍ഹിക്കുന്നുണ്ട്.
460 പേജുകള്‍ ഉള്ള ഈ സമാഹാരത്തിന്റെ കവര്‍ മനോഹരമായി ചെയ്തിരിക്കുന്നത് പ്രശസ്ത കവര്‍ ഡിസൈനര്‍ രാജേഷ് ചേലോട് ആണ്.
പബ്ലിക്ഷര്‍: ഗ്രീന്‍ ബുക്‌സ്, തൃശൂര്‍.
വില 450 രൂപ.