ജയപ്രകാശ് നായർ
ന്യൂയോർക്ക് ; ഏപ്രിൽ 30ന് ക്വീൻസിലുള്ള നായർ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനത്ത്, ഈയിടെ അന്തരിച്ച പ്രമുഖ ശാസ്ത്രജ്ഞനും ആദ്ധ്യാത്മിക പ്രഭാഷകനുമായിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വളരെയധികം ആളുകൾ സംസാരിച്ചു. എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, ചെയർമാൻ രഘുവരൻ നായർ, സെക്രട്ടറി സേതു മാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, റിക്കോർഡിങ് ട്രസ്റ്റീ ജി.കെ. നായർ, ജയപ്രകാശ് നായർ, രാജേശ്വരി രാജഗോപാൽ, ജനാർദ്ദനൻ തോപ്പിൽ, രാം ദാസ് കൊച്ചുപറമ്പിൽ, കിരൺ പിള്ള എന്നിവർ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് സംസാരിച്ചു.
ഡോ. എൻ. ഗോപാലകൃഷ്ണൻ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ സമ്മേളനങ്ങളിൽ എന്നും നിറസാന്നിദ്ധ്യമായിരുന്നു. ന്യൂയോർക്കിൽ എൻ.ബി.എ. യുടെ പല സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. കെ.എച്.എൻ.എ. കൺവൻഷനുകളിലും മറ്റു പല സന്ദർഭങ്ങളിലും അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണം നേരിട്ടും അല്ലാതെയും ശ്രവിച്ചിട്ടുള്ള അനേകർക്ക് അദ്ദേഹത്തിന്റെ ദേഹവിയോഗം ഒരു തീരാനഷ്ടമാണെന്ന് അനുശോചനം രേഖപ്പെടുത്തിയവർ എടുത്തു പറഞ്ഞു.
സനാതന ധർമ്മത്തിന്റെ അന്തസ്സത്ത ശാസ്ത്രീയമായി വിശകലനം ചെയ്ത് ലോകോപകാരപ്രദമായി പ്രചരിപ്പിച്ച അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ കാലാവർത്തിയായി നിലനിൽക്കും.
അദ്ദേഹം അവസാനമായി അയച്ച സന്ദേശവാക്കുകൾ – ജീവിതം ധന്യമാക്കുക, useful, fruitful, powerful and meaningful ആക്കുക, സനാതന ധർമ്മവും ഭഗവത് ഗീതയും പഠിക്കുകയും, പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതായിരുന്നു എന്നും അനുശോചന സമ്മേളനത്തിൽ പങ്കെടുത്തവർ സൂചിപ്പിച്ചു. ആ ധന്യാത്മാവിന് ആത്മപ്രണാമം!