സുരേന്ദ്രൻ നായർ
പ്രണവ മന്ത്രത്തിന്റെയും നാരായണീയ നാമാവലികളുടെയും അകമ്പടിയോടെ സാൻ അന്റോണിയയിലെ പ്രഥമ കെ.എച്.എൻ.എ.കൂട്ടായ്മക്ക് തുടക്കം കുറിച്ചു.
2023 ഗ്ലോബൽ ഹൈന്ദവ സംഗമത്തിന്റെ പ്രചരണാർത്ഥം നടന്ന കുടുംബ സംഗമത്തിൽ ട്രസ്‌റ്റി ബോർഡ് വൈസ് ചെയർമാൻ സോമരാജൻ നായർ മുൻ പ്രസിഡന്റും ട്രസ്‌റ്റി അംഗവുമായ സുരേന്ദ്രൻ നായർ, ഹൂസ്റ്റൺ ശ്രീരാമദാസ ആശ്രമ യജ്ഞാചാര്യൻ ജയപ്രകാശ് ബാലകൃഷ്ണൻ എന്നിവർ അതിഥികളായിരുന്നു.
ഹൈന്ദവ സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ ഉയർച്ചക്കായി സംഘടന ഏറ്റെടുത്തു നടത്തുന്ന വിവിധ പ്രവർത്തനങ്ങളെയും കഴിഞ്ഞ വിഷു ദിനത്തിൽ കേരളത്തിൽ ആരംഭിച്ച നിർധനരായ അമ്മമാർക്ക് പ്രതിമാസ പെൻഷൻ നൽകുന്ന അമ്മക്കൈനീട്ടം പദ്ധതിയെക്കുറിച്ചും ആമുഖ പ്രഭാഷണം നടത്തിയ സോമരാജൻ നായർ വിശദീകരിച്ചു.
തുടർന്ന് സംസാരിച്ച സുരേന്ദ്രൻ നായർ കെ.എച്.എൻ.എ. യുടെ കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തെ പ്രവർത്തനങ്ങളെയും ഹിന്ദു സംഗമം മുന്നോട്ടുവയ്ക്കുന്ന സന്ദേശത്തെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചു. ശ്രീരാമദാസ മിഷൻ മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ തൃക്കൈകളാൽ തിരി തെളിയിക്കപ്പെട്ട ഹൈന്ദ സംഗമത്തിൽ ഈ വർഷം അമേരിക്കയുടെ ഭൗതിക പുരോഗതിയിൽ ഭാരതീയ മൂല്യബോധങ്ങൾ കൂട്ടിച്ചേർക്കുന്ന യുവജന വനിതാ സമ്മേളനങ്ങളും, കലാസാംസ്കാരിക പ്രകടനങ്ങളും,പ്രൊഫെഷണൽ സംരംഭക കൂടിച്ചേരലുകളും, ചലച്ചിത്ര പ്രതിഭാ സംഗമവും, സാഹിത്യ സംവാദങ്ങളും ഒരുക്കുന്നതായി അദ്ദേഹം അറിയിച്ചു.
കേരളത്തിലെ വിവിധ സന്യാസി മഠങ്ങളെ പ്രതിനിധീകരിച്ചു സ്വാമി ചിദാനന്ദ പുരി, ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ശക്തി ശാന്താനന്ദ തുടങ്ങിയവരും കലാസാംസ്കാരിക രംഗത്തുനിന്നും ശ്രീകുമാരൻ തമ്പി, സൂര്യ കൃഷ്ണ മൂർത്തിയും സംഘവും തമിഴ് സിനിമ രംഗത്തെ പ്രമുഖ താരം മാധവൻ, കലാമണ്ഡലം ശിവദാസ്,പ്രശസ്‌ത ശാസ്ത്രജ്ഞൻ നമ്പി നാരായണൻ തുടങ്ങിയവർ ഇതിനകം സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ആയിരത്തോളം കുടുംബങ്ങൾക്ക് ആതിഥ്യം അരുളുന്ന കേരളത്തിന് പുറത്തുനടക്കുന്ന ഏറ്റവും വലിയ ഈ സംഗമത്തിന്റെ വിജയത്തിനായി പ്രസിഡന്റ് ജി. കെ.പിള്ളയുടെയും സെക്രട്ടറി സുരേഷ് നായരുടെയും കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ളയുടെയും നേതൃത്വത്തിൽ ഇരുപതിൽ പരം സബ് കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു വരുന്നതായും സുരേന്ദ്രൻ നായർ അറിയിച്ചു.
സാൻ അന്റോണിയ ഹൈന്ദവ കൂട്ടായ്മക്ക് അഭിവാദ്യം അർപ്പിച്ചു സംസാരിച്ച ജയപ്രകാശ് ബാലകൃഷ്ണൻ ദ്വാപര യുഗത്തിൽ രൂപം കൊണ്ട രാധാകൃഷ്ണ സങ്കൽപ്പത്തിലെ പരിശുദ്ധ പ്രേമവും പ്രകൃതിയുടെ പ്രതിരൂപമായ ഗോപികമാരിൽ കാർമുകിൽ വർണ്ണനായ കൃഷ്ണൻ സൃഷ്ടിച്ച ആത്മനിഷ്ഠമായ അനുഭൂതികളെയും പറ്റി സർഗ്ഗാത്മകമായി വിശദീകരിച്ചു.
ആസന്നമാകുന്ന ഹൂസ്റ്റൺ കൺവൻഷനിൽ സാൻ അന്റോണിയയിൽ നിന്നും ഇരുപതിൽ കുറയാത്ത കുടുംബങ്ങൾ പങ്കെടുക്കുമെന്ന് മുഖ്യ സംഘാടകരായ സരിതാ അനൂപും നിഖിൽ പുന്നേരിമഠത്തിലും അറിയിച്ചു. തുടർന്ന് ഹരിവരാസനം പാടിയതോടെ ചടങ്ങുകൾ അവസാനിച്ചു.