ന്യൂജെഴ്സി / ചിക്കാഗോ: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്സിയിലും ചിക്കാഗോയിലും അല സംഘടിപ്പിച്ച ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു കൊടിയിറങ്ങി.
പ്രസിദ്ധ മലയാളി സാഹിത്യകാരൻ ശ്രീ പോൾ സഖറിയ ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യ്തു. 2023 മേയ് 20ന് ന്യൂജെഴ്സിൽ ഒന്നാം പാദവും, മേയ് 27ന് ചിക്കാഗോയിൽ രണ്ടാംഘട്ടം അരങ്ങേറി. അലയുടെ ബോർഡ് ഓഫ് ട്രസ്റ്റിയുടെയും ദേശീയ കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ ന്യൂജേഴ്സി , ന്യൂയോർക് , പെൻസിൽവാനിയ, ബോസ്റ്റൺ എന്നീ ചാപ്റ്ററുകൾ ന്യൂജേഴ്സിയിൽ നടന്ന പരിപാടിക്ക് നേതൃത്വം നൽകിയപ്പോൾ ചിക്കാഗോയിലെ രണ്ടാം പാദത്തിനു ചിക്കാഗോ, വിസ്കോൺസിൻ ചാപ്റ്ററുകൾ ചുക്കാൻ പിടിച്ചു.
ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര, ശാസ്ത്രസാഹിത്യകാരനും അധ്യാപകനും കേരളസാഹിത്യഅക്കാദമി ജേതാവുമായ എതിരൻ കതിരവൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ശ്രീധരൻ കർത്ത എന്നിവർ അതിഥികളായി എത്തി.
സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയിൽ മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരൻ സഖറിയ “സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വിഷയത്തിലും, ആടുജീവിതത്തിന്റെ കഥാകാരൻ ബെന്യാമിൻ “മാറുന്ന ലോകത്തെയും മാറുന്ന പ്രവാസികളെയും” കുറിച്ച് സംസാരിച്ചു. സമകാലീന മലയാള സാഹിത്യത്തിന്റെ സമ്മിശ്ര ഭാവങ്ങളെ സംബന്ധിച്ച് ഡോണ മയൂര അനുഭവങ്ങളും അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ച്ചപ്പോൾ, ശാസ്ത്രവും സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ എതിരൻ കതിരവൻ സംസാരിച്ചു.
സാഹിത്യോത്സവത്തിന്റെ ഭാഗമായി മണ്ഡപത്തിൽ രജനി മേനോന്റെ കഥകളി (പൂതനാമോക്ഷം), നിമ്മി ആർ. ദാസ് അവതരിപ്പിക്കുന്ന നൃത്തരൂപം ( ഇനി ഞാൻ പോയ് വരാം), നിഷാ പ്രദീപ്, സ്വപ്ന കാലത് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന നൃത്തം “ദി വിസ്ഡം വിത്തിൻ”, മൽഹാർ ഡാൻസ് സ്കൂളിലെ കലാകാർ അവതരിപ്പിച്ച നൃത്തരൂപം ( അലർശര പരിതാപം) എന്നിവക്ക് പുറമെ ടീം ഗുങ്കുരുവിന്റെ നൃത്തനാടകാവിഷ്കാരം ‘സത്യഭാമ’ അരങ്ങിലെത്തി.
സാഹിത്യോത്സവത്തോട് അനുബന്ധമായി മലയളിയുടെ പ്രിയങ്കരനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ ഉണർത്തുന്ന രീതിയിൽ തയ്യാറക്കുന്ന ബഷീർ കോർണർ, പ്രശസ്ത എഴുത്തുകാരുടെ 400ൽ അധികം പുസ്തകങ്ങളുമായി ഒരുങ്ങുന്ന ബുക്ക്സ്റ്റാൾ, കേരളത്തിലെ വിവിധയിനം പലഹാരങ്ങളും വിഭവങ്ങളും അടങ്ങുന്ന ഫുഡ് കോർണർ, കുട്ടികൾക്കായിചിത്രരചന ശില്പശാലയും സജ്ജീകരിച്ചിരുന്നു.