ന്യൂയോര്‍ക്ക്: പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിക്കാണ് അദ്ദേഹം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെത്തിയത്.
എം പി സ്ഥാനം നഷ്ടമായതിന് ശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ വിദേശപര്യടനത്തിന് ഇതോടെ തുടക്കമായി. രാജ്യത്തെ ഇന്ത്യക്കാരോടുള്ള സംവാദമടക്കമുള്ള വിവിധ പരിപാടികള്‍ കോണ്‍ഗ്രസ് നേതാവിന്റെ അമേരിക്കൻ സന്ദര്‍ശനത്തിന്റെ ഭാഗമാണ്. മാര്‍ച്ചില്‍ നടന്ന ബ്രിട്ടണ്‍ സന്ദര്‍ശനത്തിനിടയില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച രാഹുല്‍ ഗാന്ധി ഇന്ത്യാവിരുദ്ധനാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
അതേസമയം അമേരിക്കൻ സന്ദര്‍ശനത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷ ഡല്‍ഹി അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി ഭാഗികമായി അംഗീകരിച്ചിരുന്നു. എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത കാരണം ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നതിനാലാണ് രാഹുല്‍ ഗാന്ധി സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.