വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും യു എസ് ഭരണകൂടത്തെയും വിമർശിച്ച് ചിലിയൻ-അമേരിക്കൻ നടൻ പെഡ്രോ പാസ്കൽ. കലാകാരന്മാരെ ട്രംപ് ലക്ഷ്യം വെക്കുന്നുവെന്ന ആരോപണവുമായാണ് നടൻ രംഗത്തെത്തിയത്. നിങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവരെ എതിർക്കുക. അവരെ ഒരിക്കലും വിജയിക്കാൻ അനുവദിക്കരുത്. തിരിച്ചടിക്കുകയാണ് ചെയ്യേണ്ടതെന്ന് പെഡ്രോ പാസ്കൽ പറഞ്ഞു. ‘എഡിംഗ്ടൺ’ എന്ന സിനിമയുടെ പ്രീമിയറിനായി കാൻ ചലച്ചിത്രമേളയിൽ എത്തിയപ്പോഴായിരുന്നു നടന്റെ പരാമർശം.
‘ഭയപ്പെടുത്തി വിജയിക്കുന്ന രീതിയാണ് അവരുടേത്. അവർ കഥകൾ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങൾ നിങ്ങളായി തന്നെ നിലനിൽക്കുക. ട്രംപിന്റെ കുടിയേറ്റക്കാരോടുളള നയം വളരെ ഭയപ്പെടുത്തുന്നത് ആയിരുന്നു’വെന്നും പെഡ്രോ പാസ്കൽ പറഞ്ഞു.
‘ഞാനൊരു കുടിയേറ്റക്കാരനാണ്. ഒൻപത് മാസം പ്രായമുള്ളപ്പോൾ എന്റെ മാതാപിതാക്കൾ ചിലിയിൽ നിന്നും അഭയാർത്ഥികളായി കുടിയേറി വന്നവരാണ്. സ്വേച്ഛാധിപത്യത്തിൽ നിന്ന് പലായനം ചെയ്ത് ഡെൻമാർക്കിലേക്കും പിന്നീട് അമേരിക്കയിലേക്കും എത്തിയവരാണ് ഞങ്ങൾ. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് എനിക്കറിയില്ല. ഇപ്പോഴുളള സംരക്ഷണത്തിൽ നിലകൊള്ളുകയാണ് ഞാൻ’, എന്നും പെഡ്രോ പാസ്കൽ പറഞ്ഞു. ഒരു അഭിനേതാവിന് ഇത്തരത്തിലുളള വിഷയങ്ങളിൽ പ്രതികരിക്കുന്നത് ഭയപ്പെടേണ്ട ഒന്നാണ്. ആളുകൾ സുരക്ഷിതരായിരിക്കണമെന്നും സംരക്ഷിക്കപ്പെടണമെന്നും ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.