പി.പി. ചെറിയാന്‍
ഡാളസ് : ഡാളസ് കേരള അസ്സോസിയേഷന്‍ മെയ് 29ന് സൂം പ്ലാറ്റ് ഫോം വഴി സംഘടിപ്പിച്ച ഹെല്‍ത്ത് സെമിനാര്‍ ഏറെ വിജ്ഞാനപ്രദമായി.
‘കോവിഡ് 19 ഫാക്ടസ് ആന്റ് ഫിയേഴ്‌സ് ‘ എന്ന ആനുകാലിക വിഷയത്തെകുറിച്ചു അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദനും, സാഹിത്യ നിരൂപകനുമായ ഡോ.ഏ.വി.പിള്ള പ്രബന്ധം അവതരിപ്പിച്ചു.
മാനവരാശിയെ ഇപ്പോഴും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ വ്യാപനത്തെകുറിച്ചും, ആരംഭത്തില്‍ കോവിഡിനെ നേരിടുന്നതില്‍ പ്രകടിപ്പിച്ച അലംഭാവവും, തുടര്‍ന്ന് കൊറോണ വൈറസ് നടത്തിയ സംഹാരതാണ്ഡവവും, ഇപ്പോള്‍ കോവിഡിനെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികളെ കുറിച്ചും ഡോക്ടര്‍പിള്ള വിശദീകരിച്ചു.
ഉത്തരവാദിത്തപ്പെട്ടവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും, സ്വയം പാലിക്കപ്പെടേണ്ട നിയന്ത്രണങ്ങളും മാത്രമേ രോഗവ്യാപനം തടയുന്നതിനുള്ള ഏകമാര്‍ഗമെന്നും ഡോക്ടര്‍ പറഞ്ഞു.
ഡാളസ് ഫോര്‍ട്ട് വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ സെമിനാറില്‍ പങ്കെടുത്തു.
കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ഡാിയേല്‍ കുന്നേല്‍ മുഖ്യാതിഥിയുള്‍പ്പെടെ എല്ലാവരേയും സ്വാഗതം ചെയ്യുകയും, ഡോ.പിള്ളയെ പരിചയപ്പെടുത്തുകയും ചെയ്തു. ജനറല്‍ സെക്രട്ടറി പ്രദീപ് നാഗന്തൂലില്‍ നന്ദി പറഞ്ഞു. അസ്സോസിയേഷന്‍ ഭാരവാഹി ഡോ.ജെസ്സി പോള്‍ മോഡറേറ്ററായിരുന്നു.