ന്യൂയോര്‍ക്ക് : മസ്തിഷ്ക ക്ഷതങ്ങളെപ്പറ്റിയുള്ള മലയാളിയുടെ ഗവേഷണം ശ്രദ്ധേയമായി. ന്യൂജഴ്‌സി ജോണ്‍ എഫ്. കെന്നഡി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സയന്റിസ്റ്റും അസോഷ്യേറ്റ് പ്രഫസറുമായ ഡോ. അബ്ദുല്‍ മുനീറും സംഘവും നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ‘ഇന്യൂറോ’ ജേണല്‍ പ്രസിദ്ധീകരിച്ചു.
തലച്ചോറിനേല്‍ക്കുന്ന ക്ഷതങ്ങള്‍ വ്യക്തികളുടെ പിന്നീടുള്ള ജീവിതത്തെ ബാധിക്കാറുണ്ട്. പ്രോട്ടീന്‍ നിര്‍മിത തന്മാത്രകളായ ഇന്റര്‍സെല്ലുലര്‍ അദീഷന്‍ മോളിക്യൂളാണ് തലച്ചോറിലെ നീര്‍ക്കെട്ടിനും രക്തകോശങ്ങള്‍ തലച്ചോറിലേക്കു കയറുന്നതിനും മുഖ്യകാരണം.
ക്ഷതമേല്‍ക്കുന്ന സമയത്തുണ്ടാകുന്ന ഈ പ്രോട്ടീന്റെ ആധിക്യം, സൈറ്റോകൈനുകളുടെ പ്രവാഹത്തിനു വഴിയൊരുക്കി നാഡീവീക്കത്തിലേക്കും കോശങ്ങളുടെ മരണത്തിലേക്കും നയിക്കും. ഈ പ്രോട്ടീനുകള്‍ ശരീരത്തിലെ ബോധ, ചലന പ്രക്രിയകളെ ബാധിക്കുന്നതിന്റെ രീതി കണ്ടെത്തുകയായിരുന്നു ഡോ. മുനീറിന്റെ പഠനത്തിന്റെ ലക്ഷ്യം.
2017 ലാണു പഠനം തുടങ്ങിയത്. മനുഷ്യ മസ്തിഷ്കത്തിലെ എന്‍ഡോത്തീലിയല്‍ കോശങ്ങളെയും എലികളെയും ഉള്‍പ്പെടുത്തിയായിരുന്നു ഗവേഷണം. ഭാവിയില്‍ മസ്തിഷ്ക ക്ഷതങ്ങള്‍ക്കു നൂതന ചികിത്സ കണ്ടെത്താന്‍ പഠനം സഹായകരമാകുമെന്ന് കാസര്‍കോട് മംഗല്‍പാടി സ്വദേശിയായ ഡോ. മുനീര്‍ പറഞ്ഞു.