ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ള്യു.എം.സി) അമേരിക്ക റീജിയന്റെ 13 മത് ബൈനിയൽ കോണ്‍ഫറന്‍സ് മെയ് 21, 22 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്നു. ഡബ്ള്യു.എം.സി അമേരിക്ക റീജിയൻ പ്രസിഡണ്ട് സുധീർ നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂയോർക്ക് ഇന്ത്യൻ കോൺസുലെറ്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസുൽ വി. വിജയ കുമാറും, ന്യൂജേഴ്‌സി സ്റ്റേറ്റ് 18 മത് ലെജിസ്ലേറ്റിവ് അസംബ്ലി മാൻ സ്റ്റെർലി എസ് സ്റ്റാൻലിയും മുഖ്യാതിഥികൾ ആയിരുന്നു.
ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസെഷൻ ഡെവലപ്മെന്റ് പി. സി. മാത്യു, ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രെഷറാർ സെസിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് അഡ്മിൻ എൽദോ പീറ്റർ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലപ്മെൻറ് ജോൺസൻ തലച്ചെല്ലൂർ, വൈസ് പ്രസിഡന്റ് ജോർജ് കെ ജോൺ, വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം, വൈസ്-ചെയർപേഴ്സൺ ശാന്ത പിള്ളൈ, അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കലേത്, കോൺഫറൻസ് കൺവീനർ അനീഷ് ജെയിംസ്, കോ കൺവീനേഴ്‌സ് ജിനു തര്യൻ, മാലിനി നായർ മറ്റു പ്രൊവിൻസുകളിൽ നിന്നുള്ള ഒഫീഷ്യൽസ് എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ന്യൂജേഴ്‌സി സ്റ്റേറ്റ് 18 മത് ലെജിസ്ലേറ്റിവ് അസംബ്ലി മാൻ സ്റ്റെർലി എസ് സ്റ്റാൻലി കോൺഫറൻസിന്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിച്ചു. കോൺസുൽ വി. വിജയ കുമാർ മുഖ്യ പ്രഭാഷണം നടത്തി. അദെവ് ബിനോയ്, ഋഷി ഇവാനി, ഡേവ് പിന്റോ എന്നിവർക്ക് പ്രസിഡെൻഷ്യൽ (പി. വി. എസ്. എ) അവാർഡുകൾ സമ്മാനിച്ചു. സാമൂഹ്യ സന്നദ്ധ പ്രവർത്തന രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച റവ. ഡോ. അലക്‌സാണ്ടർ കുര്യൻ, ശാന്താ പിള്ളൈ എന്നിവർക്ക് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.
ഡബ്ല്യു.എം.സി ഭാഷാ മിത്രം അവാർഡിന് പ്രഫ. ജോയി പല്ലാട്ടുമഠം അർഹനായി. 14 മുതല്‍ 25 വയസ്സ് വരെയുള്ളവർക്ക് വേണ്ടി നടത്തിയ മിസ് ഡബ്ല്യു.എം.സി അമേരിക്ക ബ്യൂട്ടി പേജൻറ് സൗന്ദര്യ മത്സരത്തിൽ നിത്യ സതീഷ് വിജയിയായി. മിഡിൽ സ്‌കൂള്‍-ഹൈസ്‌കൂള്‍ ലെവല്‍ യൂത്ത് ഡിബേറ്റ്സും, സിംഗിള്‍-ഗ്രൂപ്പ് ഇനങ്ങളില്‍ ഡാന്‍സ് മത്സരങ്ങളും, ഇന്ത്യൻ-വെസ്റ്റേൺ ലൈറ്റ് മ്യൂസികും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ഡബ്ള്യു.എം.സി നോർത്ത് ടെക്സസ് പ്രൊവിൻസ് ചെയർമാൻ ആൻസി തലച്ചെല്ലൂർ, പ്രസിഡന്റ് സുകു വർഗീസ് എന്നിവർ ശ്രുതി മധുരമായ ഗാനങ്ങൾ ആലപിച്ചു. ഗായകന്‍ സിജി ആനന്ദിന്റെയും പിന്നണി ഗായിക രഞ്ജിനി ജോസിന്റേം ഗാനമേള കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാരുന്നു. ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി സ്വാഗതം ആശംസിച്ചു. ജോൺ സാംസൺ നന്ദി അറിയിച്ചു.
21 – നു രാവിലെ നടന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ അമേരിക്ക റീജിയൻ 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ചാക്കോ കോയിക്കലെത്തു (ചെയർമാൻ), ജോൺസൺ തലച്ചെല്ലൂർ (പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളി (ജനറൽ സെക്രട്ടറി), അനീഷ് ജെയിംസ് (ട്രെഷറർ), എൽദോ പീറ്റർ (വൈസ് പ്രസിഡന്റ് അഡ്മിൻ), ജിബ്സൺ മാത്യു ജേക്കബ് (വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ ഡെവലപ്മെന്റ്), ഉഷ ജോർജ് (വൈസ് പ്രസിഡന്റ്), ശോശാമ്മ ആൻഡ്രൂസ് (വൈസ് ചെയർപേഴ്സൺ), ശാന്താ പിള്ളൈ (വൈസ് ചെയർപേഴ്സൺ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഔട്ട്‌ഗോയിങ് ചെയർമാൻ ഫിലിപ്പ് തോമസ് ചൊല്ലിക്കൊടുത്ത സത്യ വാചകം ഏറ്റുപറഞ്ഞ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ആഗോള മലയാളികളുടെ ശൃംഖല വളര്‍ത്തിയെടുക്കുക, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക, സമൂഹത്തിൽ പിന്നോക്കരായവരെ ശാക്തീകരിക്കുക, മലയാളി പ്രവാസികളുടെ ബിസിനസ്സും ബ്രാന്‍ഡും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക, സാമൂഹിക പ്രവര്‍ത്തനം എന്നിവയാണ് രണ്ടു വർഷത്തിൽ ഒരിക്കൽ കൂടുന്ന ബൈനിയൽ കോണ്‍ഫറന്‍സിന്റെ പ്രധാന ലക്ഷ്യങ്ങൾ. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി ഇരുന്നൂറോളം പേർ കോൺഫറൻസിൽ പങ്കെടുത്തു.