ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് റോക്‌ലാന്റ് കൗണ്ടിയുടെ (MARC) കമ്മറ്റി മെമ്പേഴ്‌സിന്റെ ഫാമിലി നൈറ്റിൽവച്ച് ജേക്കബ് ചൂരവടിയുടെ പ്രവർത്തനങ്ങളെ മാനിച്ച്, പ്രത്യേകിച്ച് മാർക്കിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകിയ നേതൃത്വത്തിൽ അഭിനന്ദിച്ച് ജേക്കബ് ചൂരവടിയെ പൊന്നാട അണിയിച്ചു.
ഓറഞ്ച് ബർഗ് സിത്താർ പാലസിൽവച്ച് കൂടിയ മീറ്റിങ്ങിൽ മാത്യു വർഗീസ്, തോമസ് അലക്‌സ്, പി.റ്റി തോമസ്, സന്തോഷ് വർഗീസ്, ബെന്നി ജോർജ്, എൽസി ജൂഡ്, ജോസ് കക്കാട്ടിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടി, ഐ ഫോർ ദ ബ്ലൈൻഡ്, വീൽസ് ഓൺ മീൽസ് തുടങ്ങിയ പരിപാടികൾ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു വരുന്നു. ഇടുക്കിയിൽ നിർധനർക്ക് ഭവനപദ്ധതിയും, വെളളപ്പൊക്ക സഹായ ധനവും നല്കി.
മാർക്കിന്റെ ആഭിമുഖ്യത്തിൽ ക്ലാർക്‌സ്ടൗൺ ഹൈസ്‌ക്കൂളിലെ സ്‌പോർട്‌സ് ആന്റ് ഗെയിംസ് കൊറോണക്കാലത്തും മുടങ്ങാതെ നടക്കുന്നത് റോക്ക്‌ലാൻഡ് മലയാളികൾക്ക് കായികാഭിനിവേശം പകരുന്നു.
സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ആക്ടിവിറ്റികൾ കഴിഞ്ഞ 10 വർഷമായി ഇൻഡോർ ജിമ്മിൽ നടന്നുവരുന്ന ഒരു പ്രധാന ആകർഷണമാണ്. ബാഡ്മിന്റൺ, ബാസ്‌കറ്റ്ബാൾ കളിക്കുവാൻ താൽപ്പര്യമുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.
ഈ വർഷം മൂന്നു ഇൻഡോർ ജിം സൗകര്യങ്ങൾ ലീസിന് എടുത്തിട്ടുണ്ട്.
എല്ലാ വെള്ളി, ഞായർ ദിവസങ്ങളിൽ ക്ലാർക്‌സ്ടൗൺ സൗത്ത് ഹൈസ്‌കൂളിലും, എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ലേയ്ക്ക്‌വുഡ് സ്‌കൂളിലും, എല്ലാ ബുധൻ, ശനി ദിവസങ്ങളിൽ ഫെലിക്‌സ് ഫെസ്റ്റാ മിഡിൽ സ്‌കൂളിലും മുടങ്ങാതെ നടക്കുന്നു. കായിക പ്രേമികൾക്കായി ചിട്ടപ്പെടുത്തിയതും വിദഗ്ധർ മേൽനോട്ടം വഹിക്കുന്നതുമായ ഒരു പരിപാടിയാണ് ഇത് എന്നു കൂടി ഭാരവാഹികൾ അറിയിച്ചു. സമ്മർ സീസൺ ആരംഭിച്ചു കഴിഞ്ഞു.
ബാഡ്മിണ്ടണിൽ കുറച്ചു ഓപ്പണിങ്‌സ് കൂടി ഉണ്ട്. ബിഗിന്നേഴ്‌സിന് എപ്പോഴും സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക് ദയവായി മാർക്കിന്റെ ഒഫീഷ്യൽസുമായി ബന്ധപ്പെടുക.
റിപ്പോർട്ട് : സണ്ണി കല്ലൂപ്പാറ