ഹരിദാസ് തങ്കപ്പൻ
ഡാളസ്: നമ്മുടെ ഭാഷയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന പ്രവാസി സംഘടനകൾക്കുള്ള പി കേശവദേവ് മലയാളം പുരസ്കാരം ആദ്യമായി ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ ഡാളസിലെ കേരള അസോസിയേഷൻ ഓഫ് ഡാലസ്സ് പ്രവർത്തകസമിതിയും അംഗങ്ങളും അതിയായ ആവേശത്തിലാണ്.
പി കേശവദേവ് ഫൗണ്ടേഷനാണ് ഈ അഭിമാനകരമായ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. സെലക്ഷൻ പാനലിൽ ഡോ. ടി പി ശ്രീനിവാസൻ, ഡോ. എം വി പിള്ള, ഡോ ജോതിദേവ് കേശവദേവ്, ശ്രീമതി സുനിത ജ്യോതിദേവ് എന്നിവർ ഉൾപ്പെട്ടിരുന്നു.
കമ്മിറ്റി അസ്സോസ്സിയേഷന്റെ 1992 മുതൾക്കുള്ള ചരിത്രവും നേട്ടങ്ങളും വിശദമായി അവലോകനം ചെയ്യുകയും സംഘടനയുടെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഈ നാഴികക്കല്ലായ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും കേരളാ അസ്സൊസ്സിയേഷൻ ഓഫ് ഡാലസ്സിന്റെ നട്ടെല്ലായി നിലകൊണ്ട മുൻകാല നേതാക്കൾക്കും കമ്മിറ്റി അംഗങ്ങൾക്കും ഒരിക്കലും തളരാത്ത സന്നദ്ധ പ്രവർത്തകർക്കുമായി ഞങ്ങൾ സമർപ്പിക്കുന്നു.
എല്ലാറ്റിലുമുപരി, ഈ സംഘടനയെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുകയും ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്യുന്ന ഞങ്ങളുടെ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ഞങ്ങൾ നന്ദി പറയുന്നു. ഇതുവരെ ഈ സംഘടനയുടെ ഭാഗമായിട്ടില്ലാത്ത എല്ലാ ഡാലസ് മലയാളി കുടുംബങ്ങളെയും അംഗങ്ങളായി ചേരാനും പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും മലയാള ഭാഷയെയും സംസ്കാരത്തെയും സംഘടനാ പ്രവർത്തനങ്ങളിലൂടെയും ഒത്തുചേരലുകളിലൂടെയും പരിപോഷിപ്പിക്കുവാനും ഞങ്ങൾ ക്ഷണിക്കുന്നു.