പി. പി. ചെറിയാൻ.
ന്യുയോർക്ക് :രണ്ടു വയസ്സു മുതൽ നാലു വയസ്സുവരെയുള്ള കുട്ടികളെ മാസ്ക്ക് ധരിക്കുന്നതിൽ നിന്നും ഒഴിവാക്കിയതായി ന്യൂയോർക്ക് മേയർ ആഡംസ് ജൂൺ 9 വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. തിങ്കളാഴ്ച മുതൽ ഉത്തരവു നിലവിൽ വരും.
ന്യൂയോർക്ക് സിറ്റിയിൽ കഴിഞ്ഞ രണ്ടു ആഴ്ചയായി കോവിഡിന്റെ വ്യാപനത്തിൽ 26 ശതമാനം വരെ കുറവുണ്ടായതായി മേയർ അറിയിച്ചു. അതോടൊപ്പം വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ 5 വയസ്സിനു താഴെയുള്ള കുട്ടികൾ മാസ്ക്കു ധരിക്കുന്നതിനു തീർത്തും എതിരായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.

രണ്ടാഴ്ച കൂടി സ്കൂൾ അടക്കുന്നതിനു ശേഷിച്ചിരിക്കെയാണു മേയറുടെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന കുറവ് മാസ്ക്ക് ഒഴിവാക്കുന്നതിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു.
കുട്ടികൾക്കു രോഗത്തിൽ നിന്നും സംരക്ഷണം നൽകുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം വിദ്യാലയങ്ങളാണെന്ന് ആരോഗ്യവകുപ്പു അധികൃതരും പറയുന്നു. കുട്ടികളെ മാസ്ക്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു രക്ഷിതാക്കളും പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.