വിസ്കോൺസിനിൽ വെസ്റ്റേൺ ഡിസ്ട്രിക്ടിലെ യു എസ് അറ്റോണിയായി ഇന്ത്യൻ അമേരിക്കൻ സോപെൻ ബി. ഷായെ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. ട്രമ്പ് ഭരണകൂടം നിയമിച്ച സ്കോട്ട് ബ്ലെയ്ഡർ രാജി വച്ചതിനെ തുടർന്നാണ് ഈ തസ്തികയിൽ കഴിഞ്ഞ വർഷം ഒഴിവു വന്നത്.
നിയമനത്തിന് അംഗീകാരം ലഭിച്ചാൽ മാഡിസണിൽ യു എസ് അറ്റോണിയുടെ ഓഫീസിന്റെ ചുമതല ഏൽക്കുന്ന രണ്ടാമത്തെ വനിതയാവും ഷാ.
“നിയമപാലനത്തിൽ കാട്ടിയ സമർപ്പണം, പ്രൊഫഷണലിസം , അനുഭവ സമ്പത്ത്, എല്ലാവർക്കും നീതി നടപ്പാക്കുന്നതിലുള്ള പ്രതിബദ്ധത, നീതിന്യായ വകുപ്പിന്റെ സ്വതന്ത്ര പ്രവർത്തനത്തോടുള്ള പിന്തുണ ഇവയൊക്കെയാണ് അവരെ തിരഞ്ഞെടുക്കാൻ കാരണം.” സോപെൻ ഷാ ഉൾപ്പെടെ ജൂൺ ആറിന് നിയമിതരായ അഞ്ച് യു എസ് അറ്റോണിമാരെയും കുറിച്ച് വൈറ്റ് ഹൗസ് പറഞ്ഞു.
കൂടാതെ, യുഎസ് മാർഷലായി പ്രവർത്തിക്കാൻ ബൈഡൻ രണ്ട് പുതിയ നോമിനികളെയും തിരഞ്ഞെടുത്തു. 2020 മുതൽ വർദ്ധിക്കുന്ന തോക്ക് കുറ്റകൃത്യങ്ങൾ തടയാനുള്ള ശ്രമത്തിലാണ് ഈ തീരുമാനം . അടുത്തിടെ നടന്ന വെടിവയ്പ്പുകളും ആളുകളുടെ സുരക്ഷ സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്താൻ ബൈഡൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു .