പി പി ചെറിയാൻ
ഐഡഹോ :പ്രൈഡ് ഇവന്റിൽ കലാപത്തിനു പദ്ധതിയിട്ട വൈറ്റ് നാഷനലിസ്റ്റ് ലീഡർ തോമസ് റയൻ റൗസു ഉൾപ്പെടെ 31 പേരെ ഐഡഹോ പൊലീസ് അറസ്റ്റു ചെയ്തു. കോർ ഡി അലിൻ സിറ്റി പാർക്കിൽ നടക്കുന്ന പ്രൈഡ് ഇവന്റിനെ ലക്ഷ്യമാക്കിയാണ് ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും പുറപ്പെട്ടത്. ഇവരുടെ വാഹനം ശ്രദ്ധയിൽപ്പെട്ട ആളാണ് പോലിസിനെ വിവരം അറിയിച്ചത്. ഉടനെ വാഹനത്തെ പിന്തുടർന്ന് 31പേരേയും അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ചീഫ് ലീ വൈറ്റ് പറഞ്ഞു.
പാർക്കിൽ പ്രൈഡ് ഇവന്റിൽ പങ്കെടുക്കുന്നതിന് നൂറുകണക്കിന് ആളുകളും, പ്രാദേശിക ഗായകരും, ഡാൻസ് സംഘവും, ആർട്ടിസ്റ്റുകളും എത്തിച്ചേർന്നിരുന്നു. പരിപാടിക്കിടെ ആക്രമണം നടത്തി ആളുകളെ ഭയപ്പെടുത്താനാണ് ഇവർ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റു ചെയ്തവരുടെ തൊപ്പി പാട്രിയറ്റ് ഫണ്ട് ഗ്രൂപ്പിനോടു സമാനമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 2017 ൽ ടെക്സസിലായിരുന്നു ഈ ഗ്രൂപ്പ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്.