Friday, March 29, 2024

HomeAmericaഫിലാഡല്‍ഫിയയില്‍ നടത്തപ്പെട്ട ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം അവേശോജ്വലമായി

ഫിലാഡല്‍ഫിയയില്‍ നടത്തപ്പെട്ട ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം അവേശോജ്വലമായി

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: മതബോധനസ്‌കൂള്‍ കുട്ടികളൂടെ വിശ്വാസപരിപോഷണത്തിന്റെ ഭാഗമായി ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടത്തപ്പെട്ട നാലാമതു ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം മല്‍സരാര്‍ത്ഥികളുടെ പങ്കാളിത്തം, ഉന്നതനിലവാരം എന്നിവയാല്‍ ശ്രദ്ധേയമായി. കൊവിഡ് ഇടവേളയ്ക്കുശേഷം കഴിഞ്ഞ മാസം നടത്തപ്പെട്ട സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ പോലുള്ള പതിവു സ്‌പെല്ലിംഗ് ബീകളില്‍നിന്നു വ്യത്യസ്തമായി ബൈബിളിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥത്തില്‍നിന്നുള്ള വാക്കുകള്‍ ഉപയോഗിച്ചു നടത്തപ്പെട്ട ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം കാണികളിലും ആവേശമുണര്‍ത്തി.

ദിവംഗതരായ കത്രീന മെതിക്കളം, ജോസഫ് മെതിക്കളം എന്നിവരുടെ സ്മരണാര്‍ത്ഥം അവരൂടെ മക്കളും, മതാധ്യാപകരുമായ ഡോ. ബ്ലസി മെതിക്കളം, ഡോ. ബിന്ദു മെതിക്കളം എന്നിവരാണ് സ്‌പെല്ലിംഗ് ബീ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത്. കൊവിഡ് മഹാമാരിമൂലം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ വര്‍ഷം മതബോധനസ്‌കൂള്‍ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം സംഘടിപ്പിച്ചത്.


ബൈബിള്‍ ദിവസേന വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം മതബോധന കുട്ടികള്‍ക്ക് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ദേശീയ ജനപ്രീയ ടി.വി. പരിപാടികളായ ജപ്പടിയും, സ്‌പെല്ലിംഗ് ബീയും ബൈബിള്‍ അധിഷ്ഠിതമാക്കി സീറോമലബാര്‍ ദേവാലയത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്നത്.വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു ഈ വര്‍ഷത്തെ സ്‌പെല്ലിംഗ് ബീ മല്‍സരത്തിനുപയോഗിച്ചത്.

ജൂണ്‍ 5, 12 എന്നീ രണ്ടുദിവസങ്ങളിലായി ദിവ്യബലിയ്ക്കുശേഷം നടത്തപ്പെട്ട ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരത്തില്‍ നാലുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ നിന്ന് 30 കുട്ടികള്‍ പങ്കെടുത്തു.

ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ബൈബിള്‍ ബീ മല്‍സരം ഉത്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ തോമസ് ചാക്കോ, റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പലും, സ്‌പെല്ലിംഗ് ബീ കോര്‍ഡിനേറ്ററുമായ ജോസ് മാളേയ്ക്കല്‍, സഹകോര്‍ഡിനേറ്റര്‍മാരായ ലീനാ ജോസഫ്, ജയിന്‍ സന്തോഷ്, പി.റ്റി.എ. പ്രസിഡന്റ് ജോബി കൊച്ചുമുട്ടം എന്നിവരും, മതബോധനസ്‌കൂള്‍ കുട്ടികളും, അദ്ധ്യാപകരും, മാതാപിതാക്കളും ഉത്ഘാടനചടങ്ങിന് സാക്ഷ്യം വഹിച്ചു.

വാശിയേറിയ രണ്ടാം ദിവസത്തെ മല്‍സരത്തില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥികളായ ലില്ലി ചാക്കോ ബൈബിള്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യനും, അലന്‍ ജോസഫ് റണ്ണര്‍ അപ്പും ആയി. വിജയികള്‍ക്ക് മതാധ്യാപകരായ മെതിക്കളം സഹോദരിമാര്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ നല്‍കി ആദരിച്ചു.

മതാധ്യാപകരായ ഡോ. ബിന്ദു മെതിക്കളം, റോസ് മേരി ജോര്‍ജ്, എബന്‍ ബിജു, അഞ്ജു ജോസ് എന്നിവര്‍ സ്‌പെല്ലിംഗ് ബീ ജഡ്ജിമാരായും, ലീനാ ജോസഫ്, ജയിന്‍ സന്തോഷ്, എന്നിവര്‍ ഹോസ്റ്റുമാരായും, ജോസ് മാളേയ്ക്കല്‍ മാസ്റ്റര്‍ ജൂറിയായും സേവനം ചെയ്തു. എബിന്‍ സെബാസ്റ്റ്യന്‍, റോഷിന്‍ പ്ലാമൂട്ടില്‍ എന്നിവര്‍ ശബ്ദനിയന്ത്രണവും, സ്‌കൂള്‍ പി.ടി. എ. പ്രസിഡന്റ് ജോബി ജോര്‍ജ് കൊച്ചുമുട്ടം ലഘുഭക്ഷണവും ക്രമീകരിക്കുന്നതില്‍ സഹായികളായി.
ഫോട്ടോ: എബിന്‍ സെബാസ്റ്റ്യന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments