സർഗ്ഗധനരായ ഒരു കൂട്ടം അമേരിക്കൻ മലയാളികൾ ഒത്തുചേർന്നപ്പോൾ പിറവിയെടുത്ത ഒരു ത്രില്ലിംഗ് മലയാള സിനിമയാണ് “ലോക്ക്ഡ് ഇൻ ” . മാറുന്ന മലയാള സിനിമയുടെ തുടി താളങ്ങൾക്കു ഒപ്പം സഞ്ചരിച്ചു വ്യത്യസ്തമായ ആഖ്യായന ശൈലിയിലൂടെ അമേരിക്കയിൽ നടന്ന ഒരു സംഭവത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടു ഇതൾ വിരിയുന്ന ഒരു റൊമാന്റിക് ത്രില്ലെർ സിനിമയാണ് “ലോക്ക്ഡ് ഇൻ ” . കെട്ടിലും മട്ടിലും ഒരു ഹോളിവുഡ് ചത്രത്തോടു കിട പിടിക്കുന്ന ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് അമേരിക്കൻ മലയാളികൾക്ക് ഒരു ഗായകൻ എന്ന നിലയിൽ ചിരപരിചിതനായ കലാകാരൻ ശബരിനാഥ് ആണ് . മൂന്നു ഹൃസ്വ ചിത്രങ്ങളും , ഏഴോളം പ്രൊഫൊഷണൽ നാടകങ്ങളും സംവിധാനം ചെയ്തതിനു ശേഷമാണ് 90 മിനിട്ടു ദൈർഖ്യം ഉള്ള ഈ ത്രില്ലെർ ഫീച്ചർ ഫിലിമിലേക്കുള്ള ശബരിയുടെ ചുവടു മാറ്റം. . വൈകാരികമായ തടങ്കലുകളിൽ അകപ്പെട്ടുപോകുന്ന മനുഷ്യ മനസുകളുടെ കഥ പറയുന്ന ‘ലോക്ക്ഡ് ഇൻ ” ഒരു മർഡർ മിസ്റ്ററി കൂടിയാണ് . പ്രേക്ഷകരെ ആദ്യാവസാനം ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തുന്ന ചിത്രം തന്റെ മികച്ച തിരക്കഥയിൽ ശബരി മെനഞ്ഞെടുത്തിരിക്കുന്നു .
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പാടിയ ” മുകിലേ “എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ് . യൂട്യൂബിൽ ഒരു തരംഗമായി മാറിയ ഗാനം സൈന മ്യൂസിക് റിലീസ് ചെയ്‌ത് പത്തു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുപത്തിയെണ്ണായിരത്തിൽ പരം പ്രേക്ഷകർ ആണ് ഈ ഗാനം ഏറ്റെടുത്തത് . സൈന മ്യൂസിക് ടോപ് ഹിറ്റ് ചാർട്ടിൽ ഒന്നാമതായി ഇടം പിടിച്ച ഈ ഗാനം വൈറൽ ആകുന്നതിന്റെ സൂചനയാണത് . അതീവ ശ്രവണ സുഖം പകരുന്ന ഗാനത്തിന് മനോഹരമായ ഈണം പകർന്നിരിക്കുന്നത് ശബരിനാഥ് ആണ് . വരികൾ സിജു തുറവൂർ .ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കെ എസ് ചിത്രയുടെ മാധുര്യമേറിയ ആലാപനം ഈ മെലഡി ഗാനത്തിലൂടെ ശ്രോതാക്കൾക്ക് അനുഭവവേദ്യമാകുന്നു . “മരയ്ക്കാർ അറബി കടലിന്റെ സിംഹം” പോലുള്ള വൻകിട സിനിമയ്‌ക്കൊക്കെ സംഗീതം മിക്സ് ചെയ്ത ഖത്തറിലെ R V സ്റുഡിയോസിലെ രഞ്ജിത് വിശ്വനാഥൻ ആണ് ഗാനം മിക്സ് ചെയ്തിരിക്കുന്നത് .
സാങ്കേതികമായി ഏറെ മുൻപിൽ നിൽക്കുന്ന ചിത്രത്തിൽ ഹോളിവുഡ് ആക്ടർ ആയ ജോയൽ റാറ്റ്നെറോടോപ്പം അമേരിക്കൻ മലയാളികൾ ആയ കലാകാരന്മാരും കലാകാരികളുമാണ് തിരശീലയിൽ അണിനിരക്കുന്നത് . ഷാജി എഡ്‌വേഡ് , സവിത റാവു , ഹന്നാ അരീച്ചിറ ,ആൽബിൻ ആന്റോ , സണ്ണി കല്ലൂപ്പാറ , ഹരിലാൽ നായർ , രാജേഷ് കാവുള്ളി , എൽദോ സ്കറിയ, ജയാ അജിത് , കോശി ഉമ്മൻ , പ്രകാശ് മേനോൻ , ഷാജി എണ്ണശേരിൽ, ജോയ്സൺ മണവാളൻ, കിരൺ പിള്ള , ജോസ് കുരിയൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ .
മനോഹരമായ ഫ്രയിമുകൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ജോൺ മാർട്ടിൻ ആണ് സിനിമക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . ഒരു റൊമാന്റിക് ത്രില്ലെർ സിനിമയ്ക്ക് വേണ്ട മൂട് നിലനിറുത്തിക്കൊണ്ടു തന്നെ കാവ്യാത്മകവും എന്നാൽ ഉദ്വേഗം ജനിപ്പിക്കുന്നതുമായ ജോണിന്റെ ഫ്രെയിമുകൾ സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു . അസ്സോസിയേറ്റ് ക്യാമറാമാൻ ആയി ശ്രീപ്രവീണും , അസ്സോസിയേറ്റ് ഡയറക്ടർ ആയി ജെയ്സൺ പൗലോസ് ചാക്കോയും പ്രവർത്തിക്കുന്നു . ടിനു തോമസ് എഡിറ്റിംഗും , രാഗേഷ് നാരായണൻ കളറിങ്ങും ,ബിനൂപ് സഹദേവൻ സൗണ്ട് ഡിസൈനിങ്ങും ,നിഥിൻ നന്ദകുമാർ V F X ഉം ചെയ്യുന്നു . സുധാകരൻ പിള്ളയാണ് കലാ സംവിധാനം . സഹായി റെജി വർഗീസ് . സുമേഷ് ആനന്ദ് സൂര്യയാണ് പശ്ചാത്തല സംഗീതം .എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി ഹരിലാൽ നായരും , പ്രൊജക്റ്റ് ഡിസൈനർ ആയി അജിത് എബ്രഹാമും പ്രവർത്തിക്കുന്നു . അഖിൽ കൃഷ്ണയാണ് മീഡിയ കോർഡിനേറ്റർ , P R O ജാഫർ ഓമശ്ശേരി. സുമേഷ് , അഖിൽ വിജയൻ , സാഗർ എന്നിവരാണ് പോസ്റ്റർ ഡിസൈനിങ്ങും ടൈറ്റിൽസും .
“ലോക്ക്ഡ് ഇൻ” ഉടൻ തന്നെ അമേരിക്കയിലെ തിയേറ്ററുകളിലും തുടർന്ന് O T T പ്ലാറ്റുഫോമുകളിലും ആയി വേൾഡ് റിലീസും ഉണ്ടാകും .