പി.ഡി ജോര്‍ജ് നടവയല്‍
ഫിലഡല്‍ഫിയ: അമ്മയും അച്ഛനും അവിഭാജ്യം എന്ന മനോഹാരിതയെ ഹൃദയത്തിലേന്തി, മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും വേറിട്ടല്ലാ എന്ന മഹത്വം ഉയര്‍ത്തി, ‘മാതാ പിതാ ഗുരൂ ദൈവ’ മഹത്വ പ്രകീര്‍ത്തനമായി, മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും ഒരുമിച്ച്, സാഹോദര്യ നഗരമായ ഫിലഡല്ഫിയയില്, ജൂണ്‍ 18 ശനിയാഴ്ച്ച, വൈകുന്നേരം മൂന്നു മുതല്‍ എട്ടു മണി വരെ, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (1009 അണ്‍റൂ അവന്യൂ, ഫിലഡല്‍ഫിയാ) ആഘോഷിക്കുന്നു.

കോവിഡാനന്തര കാലത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് വിളംബരം ചെയ്തു കൊണ്ട്, ജൂണിന്റെ ഉത്സാഹത്തിളക്കങ്ങളെ പ്രസരിപ്പിച്ച്, ഭാരതീയ സംസ്കാരത്തിന്റെ കാതലായ ‘മാതാ-പിതാ- ഗുരു-ദൈവം” എന്ന സന്ദേശത്തിന്റെ ഉള്‍ക്കാമ്പിനെ മുത്തമിട്ട്, നൃത്ത വിസ്മയവുമായി, ഗന്ധര്‍വ ഗാനങ്ങളോടെ, നാവൂറും അത്താഴ വിരുവിരുന്നിനൊപ്പം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയാ പ്രൊവിന്‍സ്, മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും ഒരുമിച്ച്, ഇതാദ്യമായി, ഫിലഡല്ഫിയയില് ആഘോഷിക്കുന്നു. ഫാ. എം.കെ. കുര്യാക്കോസ് ഭദ്രദീപം തെളിയ്ക്കും. പെസന്സില്വേനിയാ സ്റ്റേറ്റ് റെപ്രസെന്റേറ്റിവ് മാര്‍ടിനാ വൈറ്റ് മുഖ്യ സന്ദേശം നല്‍കും.
അവയവ ദാനത്തിന്റെ (വൃക്ക), ഫിലഡല്‍ഫിയാ മാതൃകയായ, മിസ്. സുനിതാ അനീഷിനെ, എം കെ കുര്യാക്കോസ് അച്ചന് ‘കനക ആട’ അണിയിച്ച് വേള്‍ഡ് മലയാളി കൗണ്‍സിലിനായി ആദരിക്കുന്നൂ. ഫിലഡല്ഫിയയില് സുദീര്‍ഘകാലം നൃത്തപരിശീലന രംഗത്ത് അദ്ധ്യാപന സേവനം നിര്‍വഹിച്ച അജി പണിക്കര്‍ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നു. കേരളത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നിരാലംബര്‍ക്ക് നല്കുന്ന ഭവനനിര്മ്മിതിലേക്ക് മാതൃപിതൃദിനാഘോഷ സായാഹ്ന മേളയിലെ വരുമാനം സംഭാവന ചെയ്യുന്നു. എല്ലാ സഹൃദയര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ആറ്റുപുറം (267-231-4643), സിബിച്ചന് ചെമ്പ്ളായില്‍ (215-869-5604), നൈനാന് മത്തായി (215- 760-0447), തോമസ് കുട്ടി വര്‍ഗീസ് (267-515-8727), ജോര്‍ജ് നടവയല്‍, ഷൈലാ രാജന്, ഡോ. ജിന്‍സി മാത്യൂ, മറിയാമ്മ തോമസ്, ലൈസമ്മ ബെന്നി.