Friday, March 29, 2024

HomeAmericaജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു

ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു

spot_img
spot_img

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം പിന്നിടുന്ന ഈ വർഷം സെൻറ് തോമസ് ദിനമായ ജൂലൈ 3-ന് “ഇന്ത്യൻ ക്രിസ്ത്യൻ ഡേ” ആയി ആഘോഷിക്കുവാൻ ന്യൂയോർക്കിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മ ആലോചിക്കുന്നു. ലോങ്ങ് ഐലൻഡ് എൽമണ്ട് സെൻറ് വിൻസെന്റ് ഡീപോൾ സീറോ മലങ്കര കാത്തലിക് കത്തീഡ്രൽ (1500 DePaul Street, Elmont, NY 11003) ആഡിറ്റോറിയത്തിൽ ജൂലൈ 3 ഞായറാഴ്ച വൈകിട്ട് 5 മുതൽ 7 വരെ അതി വിപുലമായി “ഇന്ത്യൻ ക്രിസ്ത്യൻ ദിനം” ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾക്ക് സംഘാടകർ തയ്യാറെടുത്തു വരുന്നു.

യേശു ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യരിൽ ഒരാളായ തോമാശ്ലീഹാ ക്രിസ്തുവിന്റെ മരണവും ഉയിർത്തെഴുന്നേല്പിനും ശേഷം ക്രിസ്തു വർഷം 52-ൽ (AD 52) കേരള തീരത്തുള്ള മുസ്സറീസ് (ഇപ്പോഴത്തെ കൊടുങ്ങല്ലൂർ) അഴിമുഖത്തു കപ്പലിറങ്ങി ഭാരതത്തിൽ ക്രിസ്തീയ സഭ സ്‌ഥാപിച്ചു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ ഭാരതത്തിൽ തോമാശ്ലീഹാ സുവിശേഷ വേല നിർവ്വഹിച്ചതിനാൽ രൂപീകരിക്കപ്പെട്ട വിശ്വാസ സമൂഹത്തിന്റെ പിന്തലമുറക്കാരാണ് സുറിയാനി ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്ന ക്രിസ്തീയ സഭകൾ.

പാലയൂർ (ചാവക്കാട്), മുസ്സറീസ് (കൊടുങ്ങല്ലൂർ), കൊക്കമംഗലം, പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവിടങ്ങളിലായി ഏഴരപ്പള്ളികൾ സ്ഥാപിച്ചതിനു ശേഷം തമിഴ് നാട്ടിലെ മറ്റു സ്ഥങ്ങളിലായി തോമാശ്ലീഹാ സുവിശേഷ വേല നിർവഹിച്ചു. അവസാനമായി പ്രവർത്തിച്ച തമിഴ് നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തു വർഷം 72-ൽ അക്രമികളുടെ കുത്തേറ്റു തോമാശ്ലീഹാ രക്തസാക്ഷിത്വം വഹിച്ചു എന്നാണ് ചരിത്രം. തോമാശ്ലീഹായുടെ കബറിടം അദ്ദേഹം പ്രവർത്തിച്ച മൈലാപ്പൂരിൽ ഇപ്പോഴും ഉണ്ടെങ്കിലും അവിടെ അടക്കിയിരുന്ന ഭൗതികാവശിഷ്ടം സിറിയയിലെ എഡെസയിലേക്കും പിന്നീട് ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.

ദക്ഷിണേന്ത്യയിൽ സ്ഥാപിതമായ സീറോ മലബാർ കത്തോലിക്കാ സഭാ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ, മലങ്കര മാർത്തോമ്മാ സുറിയാനി സഭാ, സീറോ മലങ്കര കത്തോലിക്കാ സഭാ, ലത്തീൻ കത്തോലിക്കാ സഭാ, കൽദായ സുറിയാനി സഭാ തുടങ്ങിയ പല സഭകളും തോമാശ്ലീഹായുടെ ഓർമ്മത്തിരുനാളായി ജൂലൈ 3 നാണു കൊണ്ടാടുന്നത്. ഈ വർഷത്തെ ഓർമ്മത്തിരുന്നാൾ 1950 വർഷം പൂർത്തീകരിക്കുന്നതിനാലാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി വ്യാപാരിച്ചു കിടക്കുന്ന വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ (Elmont) എല്ലാ സഭാ വിഭാഗങ്ങളെയും കോർത്തിണക്കി സെന്റ് തോമസ് ഡേ “ഇന്ത്യൻ ക്രിസ്ത്യൻ ഡേ” ആയി ആഘോഷിക്കുന്നത്.

ഈ ആഘോഷങ്ങളുടെ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി സംഘാടകരുടെ ഒരു യോഗം ഫ്ലോറൽ പാർക്കിൽ കൂടി ആഘോഷ നടത്തിപ്പിന്റെ രൂപരേഖ തയ്യറാക്കി. വർഗീസ് ഏബ്രഹാം (സെന്റ് ജോൺസ് മാർത്തോമാ ചർച്ച്), കോശി ജോർജ്, റെയ്‌ച്ചൽ ജോർജ് (സി.എസ്.ഐ. ജൂബിലി ചർച്ച്), കോശി ഉമ്മൻ (ഓർത്തഡോക്സ് ചർച്ച്), പാസ്റ്റർ ജേക്കബ് ജോർജ് (ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച്), റെവ. ഡാനിയേൽ പീറ്റർ, റെവ. സാറാ പീറ്റർ (സെന്റ് പോൾസ് ലൂഥറൻ ചർച്ച്), റെവ. എഡ്വിൻ അരുമനായഗം, മേരി ഫിലിപ്പ് (സീറോ മലബാർ കാത്തലിക്ക് ചർച്ച്), ജോൺ ജോസഫ് (റോമൻ കാത്തലിക്ക് ചർച്ച്), ജോർജ് ജോസഫ് (അവർ ലേഡി ഓഫ് സ്നോ കാത്തലിക്ക് ചർച്ച്), മാത്യുക്കുട്ടി ഈശോ (ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ചർച്ച്), ഷാജി എണ്ണശ്ശേരിൽ, ജോർജ് കൊട്ടാരം (ഗ്ലോബൽ ഇന്ത്യൻ വോയ്‌സ് ന്യൂസ് പേപ്പർ), ജോർജ് ചാക്കോ (സെയിന്റ്സ് ചർച്ച്) എന്നിവർ സംഘാടക യോഗത്തിൽ പങ്കെടുത്തു. സംഘാടകരുടെ അടുത്ത ആലോചനാ യോഗം ആഘോഷ പരിപാടി നടത്തുന്ന വിൻസെന്റ് ഡീപോൾ സീറോ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ആഡിറ്റോറിയത്തിൽ വച്ച് ജൂൺ 27 തിങ്കൾ വൈകിട്ട് 6 മണിക്ക് കൂടുന്നതിനും തീരുമാനിച്ചു. പ്രസ്തുത ആലോചനാ യോഗത്തിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ള എല്ലാവരും എത്തിച്ചേരണമെന്ന് സംഘാടക കൺവീനർ കോശി ജോർജ് അറിയിച്ചു.

ജൂലൈ 3 ഞായറാഴ്ച്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ സഭാ വിഭാഗങ്ങളിലെ ബിഷപ്പുമാരും മെത്രാപ്പോലീത്തമാരും വൈദിക ശ്രേഷ്ടരും പങ്കെടുക്കുന്നതാണ്. ന്യൂയോർക്കിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ ക്രിസ്തീയ വിശ്വാസികളും നമ്മുടെ മാതൃരാജ്യമായ ഇന്ത്യക്കുവേണ്ടി പ്രാർത്ഥിക്കുവാൻ “ഇന്ത്യൻ ക്രിസ്ത്യൻ ഡേ” ആഘോഷങ്ങളിൽ ജൂലൈ 3 ഞായറാഴ്ച വൈകിട്ട് 4:30-ന് എൽമണ്ടിലെ മലങ്കര കത്തോലിക്കാ ആഡിറ്റോറിയത്തിൽ എത്തിച്ചേർന്നു പങ്കെടുക്കണമെന്ന് സംഘാടകർക്ക്‌ വേണ്ടി കോശി ഉമ്മൻ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോശി ഉമ്മനുമായി 347-867-1200 നമ്പറിൽ ബന്ധപ്പെടുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments