Wednesday, May 21, 2025

HomeAmericaഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ ആഘോഷം:  ഇന്ത്യന്‍ ക്രൈസ്തവ വിഭാഗങ്ങളുടെ ഐക്യ വേദി ജൂലൈ രണ്ടിന് ന്യൂ...

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ ആഘോഷം:  ഇന്ത്യന്‍ ക്രൈസ്തവ വിഭാഗങ്ങളുടെ ഐക്യ വേദി ജൂലൈ രണ്ടിന് ന്യൂ യോര്‍ക്ക് എല്‍മോണ്ടില്‍

spot_img
spot_img

പോള്‍ ഡി. പനയ്ക്കല്‍

വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളെ സാമൂഹികമായും ആല്മീയമായും ഒരുമിപ്പിക്കുവാന്‍ കഴിഞ്ഞ വര്ഷം വേദി ഒരുക്കിയ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സംഘാടകസമിതി ഈ വര്ഷം വീണ്ടും  വേദി ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു.   ഭാരതീയ ക്രിസ്ത്യാനികള്‍ സെയിന്റ് തോമസ് ദിനമായി ആഘോഷിക്കുന്ന ജൂലായ് മൂന്നാം തിയതി തിങ്കളാഴ്ച ആയതിനാല്‍ രണ്ടാം തിയതിയാണ് ആഘോഷം നടക്കുക.  ന്യൂ യോര്‍ക്ക് എല്‍മോണ്ടിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സീറോ മലങ്കര കാത്തലിക് കത്തീഡ്രലില്‍ ആയിരിക്കും ആഘോഷ സമ്മേളനമെന്ന് ആഘോഷസമിതിക്കു വേണ്ടി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയക്കൊന) പ്രസിഡന്റ്  കോശി ജോര്‍ജ് അറിയിച്ചു.  

രണ്ടായിരം വര്‍ഷത്തെ പാരമ്പര്യവും പൈതൃകവും അഭിമാനത്തോടെ ആഘോഷിക്കുന്നതോടൊപ്പം ഇന്ത്യയില്‍ പലയിടങ്ങളിലും ക്രിസ്ത്യാനികള്‍ ദൈനം ദിനം അനുഭവിക്കുന്ന വേദനാജനകവും ദയനീയവുമായ  പീഢനത്തെ സമൂഹത്തിനു മുന്നില്‍ അവബോധകമാക്കുകയെന്ന ലക്ഷ്യം കൂടി സമ്മേളനോദ്ദേശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.  ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ അനുഭവിച്ചിട്ടുള്ള   ആക്രമണങ്ങളില്‍ ഏറ്റവും മാരകവും അക്രമാസക്തവുമായ മാസങ്ങളില്‍ ഒന്നായിരുന്നു ഇക്കഴിഞ്ഞ മാസം.  ഉത്തര-പൂര്‍വ്വ സംസ്ഥാനമായ മണിപ്പൂരില്‍ മെയ് മാസത്തില്‍ മാത്രം എഴുപത്തി അഞ്ച് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  മുപ്പത്തിനായിരത്തില്‍ പരം പേര്‍ തങ്ങളുടെ വീടും നാടും ഉപേക്ഷിച്ചു.  

മണിപ്പൂരില്‍ നടക്കുന്നത് മതപരമായ കാര്യങ്ങളുമായി ബന്ധമില്ലെന്നും ഭൂമി അവകാശത്തിന്റെ പേരില്‍ ആദിവാസികള്‍ നടത്തുന്ന അക്രമഫലമാണെന്നുമുള്ള ഗവണ്മെന്റിന്റെ വാദം തെറ്റാണെന്നും സ്വതന്ത്രമായി നടത്തിയ അന്വേഷണഫലം കാണിക്കുന്നത് മോഡി ഗവണ്മെന്റിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായാണെന്നും ഫിയക്കൊന പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.  ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുന്നതിന്  ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘര്‍ഷത്തെയാണ് ബിജെപി മുതലാക്കിയത് – ഫിയക്കൊന തുടരുന്നു.

മതസൗഹാര്‍ദ്ദവും വംശീയസഹവര്‍ത്തിത്വവും രാജ്യത്തിന്റെ മുഖമുദ്രയായി ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങളും മതപീഡനങ്ങളും ഗൗരവമായി ഇന്ത്യയിലും ഇന്ത്യയ്ക്ക് വെളിയിലും  വളരെ പരിമിതമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു.  വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഐക്യം ഇന്ത്യയില്‍ പീഡനമനുഭവിക്കുന്ന, സ്വരം ഉയര്‍ത്താനാകാത്ത, പീഢിക്കപ്പെടുന്ന ക്രിസ്ത്യന്‍ സമൂഹവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള സ്വാധീനശക്തിയായി മാറ്റുവാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സംഘാടകരുടെ പ്രത്യാശ.


വിവിധ സഭാ നേതാക്കന്മാര്‍, ന്യൂ യോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്ലിന്റെ പ്രതിനിധി, സെനറ്റര്‍ കെവിന്‍ തോമസ്, നാസൗ കൗണ്ടി എക്‌സിക്യൂട്ടീവ് എന്നിവര്‍  സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.   റൈറ്റ് റെവ. ഡോ. ഐസക് ആര്‍ ഫിലോക്‌സിനോസ് എപ്പിസ്‌കോപ്പ (മാര്‍ത്തോമാ ചര്‍ച്), റൈറ്റ് റെവ. ഡോ. ജോണ്‍സി ഇട്ടി (എപ്പിസ്‌കോപ്പല്‍ ചര്‍ച്), റൈറ്റ് റെവ. ഡോ. സി.വി. മാത്യു (ഇവാന്‍ജെലിക്കല്‍ ചര്‍ച്),  റെവ. ജേക്കബ് ജോര്‍ജ് (ഇന്ത്യന്‍ പെന്തക്കോസ്റ്റല്‍ ചര്‍ച്) എന്നിവര്‍ പ്രസംഗിക്കും.   ഇന്ത്യയിലെ ക്രൈസ്തവപീഡനത്തിനിരയായ റെവ. ബ്രയന്‍ നെരെന്‍ ആയിരിക്കും മുഖ്യ പ്രഭാഷകന്‍.  ടെന്നെസിയിലെ ഷെല്‍ബിവില്‍ ഇന്റര്‍നാഷണല്‍ ഹൌസ് ഓഫ് പ്രയേഴ്‌സ് സീനിയര്‍ പാസ്റ്റര്‍ ആയ അദ്ദേഹം ഇല്ലാത്ത കുറ്റം ചമയ്ക്കപ്പെട്ട് ഏഴരമാസക്കാലം ഇന്ത്യയില്‍ തടങ്കലില്‍ കഴിഞ്ഞയാള്‍ ആണ്.

ഇന്ത്യയിലെ വിവിധ ഭാഷാ-സാംസ്‌കാരിക ഗ്രൂപ്പുകളുടെ കലാപരിപാടികളും അത്താഴ ഭക്ഷണവും ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേയെ അലങ്കരിക്കും.  ജോര്‍ജ് എബ്രഹാം (അസ്സെംബ്ലി ഓഫ് ഗോഡ്), റെവ. ക്രിസ്റ്റഫര്‍ സോളമന്‍ (സി എസ് ഐ – തെലുഗു), റെവ. ആനന്ദ് ശേഖര്‍ മാന്വല്‍ (എപ്പിസ്‌കോപ്പല്‍ ചര്‍ച്), ഡോ. ലെനോ തോമസ് (മാര്‍തോമ ചര്‍ച്), കോശി ജോര്‍ജ് (സി എസ ഐ – മലയാളം), ഡോണ്‍ തോമസ് (സി എസ ഐ – മലയാളം), ഡോ. സിന്തിയ പ്രഭാകര്‍ (സി എസ ഐ – തമിഴ്), ചക് പിള്ള (അസ്സംബ്ലി ഓഫ് ഗോഡ്), ജോണ്‍ ജോസെഫ് (കാത്തലിക്), കോശി തോമസ് (ഓര്‍ത്തഡോക്‌സ്) എന്നിവര്‍  സംഘാടകസമിതിയില്‍  പങ്കെടുത്തു.  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments