ഹൂസ്റ്റൺ: അമേരിക്ക, കാനഡ പര്യടനത്തിനിടയിൽ സ്വതന്ത്രചിന്തകനും ശാസ്ത്രപ്രചാരകനുമായ സി.രവിചന്ദ്രൻ ഹൂസ്റ്റണിൽ എത്തുന്നു.
ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന TexSENSE ‘24 എന്ന പരിപാടിയിൽ “സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. ഹൂസ്റ്റണിൽ മിസ്സുറിസിറ്റിയിലുള്ള അപ്‌നാബസാർ ഹാളിൽ അടുത്ത ജൂൺ 8 ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് TexSENSE ‘24 സമ്മേളനം. പ്രമുഖരായ വിവിധ പ്രഭാഷകരുടെ വിവിധ സെഷനുകൾ ഇതിൽ ഉണ്ടാവും. പാനൽ ചർച്ചകളും ശ്രോതാക്കൾക്ക് പ്രഭാഷകരുമായി സംവദിക്കാനുള്ള അവസരവും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും.
ശാസ്ത്രചിന്ത, ദൈവം, വിശ്വാസം എന്നീ വിഷയങ്ങളിൽ സി.രവിചന്ദ്രൻ ആയിരത്തിലധികം പ്രഭാഷണങ്ങളും, ഇരുപത്തിയഞ്ചിലധികം പരസ്യസംവാദങ്ങളും നടത്തിയിട്ടുണ്ട്. സമാന വിഷയങ്ങളിലായി പതിനേഴ് പുസ്തകങ്ങൾ രചിച്ചു. ഇദ്ദേഹം പ്രസിദ്ധ ന്യൂറോളജിസ്റ്റായ ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ രചിച്ച Tell tale brain എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇതിന് കേരള ശാസ്ത്ര സാഹിത്യ കൗൺസിൽ ഏർപ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്‌കാരം 2017 ൽ ലഭിച്ചു. വിഖ്യാത ബ്രിട്ടീഷ് പരിണാമശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസിന്റെ The god delusion എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രവിചന്ദ്രൻ രചിച്ച “നാസ്തികനായ ദൈവം”, റിച്ചാർഡ് ഡോക്കിൻസിന്റെ തന്നെ The greatest show on earth എന്ന പരിണാമശാസ്ത്ര ഗ്രന്ഥത്തിന്റെ വിവർത്തനമായ “ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം”, ഭഗവദ്ഗീത വിമർശനമായ “ബുദ്ധനെ എറിഞ്ഞ കല്ല് “, വാസ്തുശാസ്ത്ര വിമർശനഗ്രന്ഥമായ “വാസ്തുലഹരി”, ജ്യോതിഷ വിമർശനമായ “പകിട 13”, “മൃത്യുവിന്റെ വ്യാകരണം”, പശുരാഷ്ട്രീയവും ജനക്കൂട്ട അക്രമവും പ്രമേയമാക്കി രചിച്ച “ബീഫും ബിലീഫും” തുടങ്ങിയവയാണ് സി.രവിചന്ദ്രന്റെ മറ്റ് പ്രധാന കൃതികൾ.
സ്വതന്ത്രചിന്താമേഖലയിൽ അറിയപ്പെടുന്ന രവിചന്ദ്രൻ, തിരുവനന്തപുരം, യൂണിവേഴ്‌സിറ്റി കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. നിലവിൽ കൊട്ടാരക്കര എഴുകോൺ ഗവ.പോളിടെക്‌നിക് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്.
TexSENSE ‘24
Register now: https://forms.gle/K6HvKpmJjY11NQwYA
Venue Details:
2437 FM 1092 Rd, Missouri City, TX 77459 (Apna Bazaar Banquet Hall)
Time: 10 AM to 5 PM
For More Info, Call: 832-654-9848
