അലൻ ചെന്നിത്തല
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി ബോബൻ ജോർജിനെ തിരഞ്ഞെടുത്തു. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മിഡ്‌വെസ്ററ് റീജിയണനിൽ നിന്നും ഭദ്രാസന കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈദികൻ സഭയുടെ ക്രമീകരണപ്രകാരം കേരളത്തിലേക്ക് സ്ഥലംമാറി പോയ ഒഴിവിലേക്കാണ് ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക അംഗമായ ബോബൻ ജോർജിനെ ഭദ്രാസന കൗൺസിൽ അംഗമായി തിരഞ്ഞെടുത്തത്.
മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസന കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മിഡ്‌വെസ്ററ് റീജിയണനിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ ആത്മായ പ്രതിനിധിയാണ് ബോബൻ ജോർജ്.
ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ നിന്നുമുള്ള ഭദ്രാസന അസംബ്‌ളി അംഗം, നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ മുഖപത്രമായ മെസ്സഞ്ചർ മാസികയുടെ മാനേജിങ്ങ് കമ്മറ്റി അംഗം, ഭദ്രാസന വെബ്സൈറ്റ്-ഐറ്റി കമ്മറ്റി അംഗം എന്നീ ചുമതലകളും വഹിക്കുന്ന ബോബൻ ജോർജ് ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ മുൻ ട്രസ്റ്റി, സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. വെണ്മണി തെക്കേതിൽ മലയിൽ കുടുംബാംഗമായ ബോബൻ ജോർജ് ഇപ്പോൾ മിഷിഗണിലെ നോവായ് സിറ്റിയിൽ കുടുംബസമേതം താമസിച്ചുകൊണ്ട് ഐറ്റി മേഖലയിൽ പ്രവർത്തിക്കുന്നു.