വാഷിംഗ്ടൺ: മേഖലായുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനും ഹിസ്ബുല്ലക്കുമിടയിൽ നയതന്ത്ര നീക്കം ഊർജിതമാക്കുമെന്ന് അമേരിക്ക. പുതിയ യുദ്ധമുഖം തുറക്കുന്നത് ഇസ്രായേൽ താൽപര്യങ്ങൾക്ക് ഒട്ടും ഗുണം ചെയ്യില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.
ഇസ്രായേൽ, ലബനാൻ സംഘർഷം ഗൾഫ് മേഖലായുദ്ധമായി പടരുമെന്ന് മുന്നറിയിപ്പ് നൽകിയ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, നയതന്ത്ര മാർഗത്തിലൂടെ സംഘർഷം പരിഹരിക്കാൻ ഇരുകൂട്ടരോടും ആവശ്യപ്പെട്ടു. വിനാശകാരിയായ യുദ്ധം ഇസ്രായേൽ താൽപര്യങ്ങൾക്കും ഒട്ടും ഗുണം ചെയ്യില്ലെന്നും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റുമായുള്ള ചർച്ചയിൽ ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
നയതന്ത്ര സാധ്യതകളിലൂടെ യുദ്ധം ഒഴിവാക്കാൻ ശ്രമം തുടരുമെന്ന് യോവ് ഗാലൻറ് അറിയിച്ചതായി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. ഗസ്സയിലെ സിവിലിയൻ കുരുതിയിലുള്ള ആശങ്ക പങ്കുവെച്ചതിനു പുറമെ കൂടുതൽ സഹായം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
എന്നാൽ, ലക്ഷ്യം നേടും വരെ ആക്രമണം ഉപേക്ഷിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണം പൂർണമായും ഉപേക്ഷിക്കുകയും സൈന്യം ഗസ്സ വിടുകയും ചെയ്യാതെ ബന്ദിമോചനം മുൻനിർത്തിയുള്ള ചർച്ചകളിൽ കാര്യമില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം തള്ളിയ നെതന്യാഹുവിൻ്റെ ഗസ്സ ക്രൂരതകൾക്ക് അമേരിക്ക തന്നെയാണ് ഉത്തരവാദിയെന്ന് ഹനിയ്യ കുറ്റപ്പെടുത്തി.
അതേസമയം, ഗസ്സയിൽ അൽ-ശാതി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ സഹോദരി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. യു.എൻ സ്കൂളുകൾക്കുനേരെ നടന്ന രണ്ട് ആക്രമണങ്ങളിൽ 14 പേരും കൊല്ലപ്പെട്ടു. തന്റെ കുടുംബാംഗങ്ങളെ വകവരുത്തിയതു കൊണ്ടൊന്നും ഫലസ്തീൻ ചെറുത്തുനിൽപ്പ് അവസാനിക്കാൻ പോകുന്നില്ലെന്ന് ഹനിയ്യ വ്യക്തമാക്കി.
50 ദിവസമായി ഒരുസഹായ ട്രക്കുപോലും ഗസ്സയിലെത്താത്ത സാഹചര്യത്തിൽ പട്ടിണി വ്യാപകമാകുന്നതായി യു.എൻ ഏജൻസികൾ അറിയിച്ചു. സന്നദ്ധ പ്രവർത്തകരുടെ ജീവന് ഭീഷണി നിലനിൽക്കെ, ഗസ്സയിലെ എല്ലാ സഹായപ്രവർത്തനങ്ങളും നിർത്തിവെക്കാൻ നിർബന്ധിതമാകുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. തനിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ഇസ്രായേലിനെ പരോക്ഷമായി വിമർശിച്ച് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും രംഗത്തുവന്നു.
ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ സേനയാണ് ഇസ്രായേലിന്റേതെന്ന് യു.എൻ മനുഷ്യാവകാശ വിദഗ്ധനായ ക്രിസ് സിദോത്തി കുറ്റപ്പെടുത്തി. അതിനിടെ, യാഥാസ്ഥിതിക ജൂത വിഭാഗവും സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്ന് ഇസ്രായേൽ സുപ്രീംകോടതി വിധിച്ചു.