വാഷിങ്ടൻ: ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ ഇനിയും വൈകും. ഇവർ സഞ്ചരിച്ച ബോയിങ് സ്റ്റാർലൈനറെന്ന ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനാവത്തതിനാലാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ തീയതി നീട്ടിവെച്ചത്. ജൂൺ 14-ന് മടങ്ങേണ്ട പേടകം നാലാം തവണയാണ് യാത്ര മാറ്റുന്നത്.സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്നാണ് പുറത്തുവരുന്ന വിവരം.
ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നൽകുകയുള്ളൂ. പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം.