ഒട്ടാവ: ചരിത്രത്തിലെത്തന്നെ കടുപ്പമേറിയ ചൂടുകാലത്തിലൂടെ കടന്നുപോകുന്ന കാനഡയില്‍ ഉഷ്ണതരംഗത്തില്‍പെട്ട് 134 പേര്‍ മരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാന്‍കൂവര്‍ നഗരത്തില്‍ വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെയുള്ള മരണക്കണക്കാണിത്. പ്രവിശ്യയിലെ ലിട്ടന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തിയത്.
49.5 ഡിഗ്രി സെല്‍ഷ്യസ്. ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. യു.എസിലും അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കുകയാണ്. കനത്ത ചൂടില്‍ 65ഓളം പേര്‍ക്ക് അപ്രതീക്ഷിത മരണം സംഭവിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. ചൂടിനെ പ്രതിരോധിക്കാന്‍ പലയിടങ്ങളിലും ശീതീകരണകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്നും ആശങ്കയുണ്ട്. പ്രദേശത്തെ സ്കൂളുകളും വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളും അടച്ചു. അപകടസാധ്യതയുള്ളവര്‍ക്ക് പ്രത്യേകകരുതല്‍ നല്‍കാനും ചൂടിനെ പ്രതിരോധിക്കാന്‍ പോംവഴിതേടാനും ബ്രിട്ടീഷ് കൊളംബിയ മുഖ്യമന്ത്രി ജോണ്‍ ഹോര്‍ഗന്‍ ജനങ്ങളോടാവശ്യപ്പെട്ടു.
അതേസമയം, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി വിഷയത്തില്‍ ചര്‍ച്ചനടത്തി.
20 കൊല്ലത്തിനിടെയുള്ള ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണ് മേഖല കടന്നുപോകുന്നത്. കാലിഫോര്‍ണിയ, നെവാദ, വാഷിങ്ടണ്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും കാട്ടുതീയും റിപ്പോര്‍ട്ട് ചെയ്തു.