ജോര്‍ജ് കറുത്തേടത്ത്
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമെന്നോണം ഇടവകാംഗങ്ങളുടേയും, മറ്റു തല്പരരായ സമീപവാസികളുടേയും കൂട്ടായ സഹകരണത്തിന്റേയും, അശ്രാന്ത പരിശ്രമത്തിന്റേയും ഫലമായി സ്വന്തമായി വാങ്ങിയ ഭൂമിയില്‍ ദേവാലയ നിര്‍മ്മിതിക്ക് തുടക്കംകുറിക്കുന്നു.
ദേവാലയ നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടിയായിട്ടുള്ള ഗ്രൗണ്ട് ബ്രേക്കിംഗ് കര്‍മ്മം 2021 ജൂലൈ മാസം 25-ന് ഞായറാഴ്ച 12 മണിക്ക് അതിഭദ്രാസന ആര്‍ച്ച് ബിഷപ്പും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. സെന്റ് ബേസില്‍ ദേവാലയ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു നാഴികക്കല്ലായി എന്നെന്നും സ്മരിക്കപ്പെടുന്ന ഈ മംഗള കര്‍മ്മത്തിന് ഇടവക വികാരി റവ.ഫാ. ഷിനോജ് ജോസഫ്, ഇടവകാംഗവും ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരിലൊരാളുമായ വന്ദ്യ ഡോ. തോമസ് ഇട്ടി കോര്‍എപ്പിസ്‌കോപ്പ, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. ബിജോ മാത്യു എന്നിവര്‍ക്കു പുറമെ സമീപ ദേവാലയങ്ങളിലെ ബഹുമാനപ്പെട്ട വൈദീകരും സഹകാര്‍മികത്വം വഹിക്കും.
അന്നേദിവസം രാവിലെ 8.30-നു ഹൂസ്റ്റണ്‍ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (4637 West orem dr, Huston, TX 77045) നടക്കുന്ന വി. കുര്‍ബാനയ്ക്ക് അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. വി. കുര്‍ബാനയ്ക്കുശേഷം അഭി. മെത്രാപ്പോലീത്തയേയും, ബ. വൈദീകരേയും, വികാരി റവ.ഫാ. ഷിനോജ് ജോസഫിന്റേയും, പള്ളി ഭരണസമിതിയുടേയും ഒട്ടനവധി വിശ്വാസികളുടേയും നേതൃത്വത്തില്‍ സെന്റ് ബേസില്‍ ഇടവക ദേവാലയം സ്ഥാപിക്കുന്ന സ്ഥലത്തേക്ക് (St. Basil Church Property, O Post Road, Arcola, TX 77583) സ്വീകരിച്ച് ആനയിക്കും. പ്രാരംഭ പ്രാര്‍ത്ഥനയ്ക്കുശേഷം ഗ്രൗണ്ട് ബ്രേക്കിംഗ് കര്‍മ്മം അഭി. മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് ആശീര്‍വാദവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.
ഹൂസ്റ്റണ്‍ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയിലെ ആര്‍ക്കോള സിറ്റിയില്‍ പോസ്റ്റ് റോഡില്‍ ഹൈവേ ആറിനും ഹൈവേ 288-നും അഞ്ചു മിനിറ്റില്‍ കുറഞ്ഞ ദൂരത്തായി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മിസോറി സിറ്റിയുടേയും പിയര്‍ലാന്റിന്റേയും അടുത്തായി സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ രണ്ടര ഏക്കറോളം വരുന്ന ഭൂമിയാണ് ദേവാലയ നിര്‍മ്മിതിക്കായി വാങ്ങിയിരിക്കുന്നത്.
സത്യവിശ്വാസ സംരക്ഷണത്തിനായി ഭാരത മണ്ണില്‍ എഴുന്നള്ളി കോതമംഗലത്ത് കബറടങ്ങിയ മഹാപരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈ ദേവാലയത്തിന്റെ നിര്‍മ്മിതിക്ക് നാന്ദികുറിക്കുന്ന മഹനീയ കര്‍മ്മത്തിന് സാക്ഷ്യംവഹിക്കാന്‍ എല്ലാ വിശ്വാസികളുടേയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സാന്നിധ്യ സഹകരണങ്ങള്‍ വികാരി റവ.ഫാ. ഷിനോജ് ജോസഫ് അഭ്യര്‍ത്ഥിക്കുന്നു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വെരി റവ. തോമസ് കോര്‍എപ്പിസ്‌കോപ്പ (സീനിയര്‍ വൈദീകന്‍), റവ.ഫാ. ഷിനോജ് ജോസഫ് (വികാരി & പ്രസിഡന്റ്), ഷാജി വര്‍ഗീസ് (സെക്രട്ടറി), ജോണി വര്‍ഗീസ് (ട്രഷറര്‍), ജോണ്‍ ഉലഹന്നാന്‍ (വൈസ് പ്രസിഡന്റ്), സിമി ജോസഫ് (ജോയിന്റ് സെക്രട്ടറി), ഷാജി അബ്രഹാം (ജോ. ട്രഷറര്‍), ജോര്‍ജ് ചക്കോട്ടില്‍ (ബോര്‍ഡ് മെമ്പര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി വിപുലമായ ക്രമീകരണങ്ങള്‍ നടത്തിവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ഷിനോജ് ജോസഫ് (713 518 3228), ഷാജി വര്‍ഗീസ് (505 453 2179), ജോണി വര്‍ഗീസ് (281 682 8332).
അമേരിക്കന്‍ അതി ഭദ്രാസന പി.ആര്‍.ഒ ജോര്‍ജ് കറുത്തേടത്ത് അറിയിച്ചതാണിത്.