പി.പി. ചെറിയാന്‍
വാഷിങ്ടന്‍ ഡിസി: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡിനെ കുറിച്ചു വിവാദം പുരോഗമിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ വോട്ടര്‍ ഐഡി നിയമം പ്രായോഗികമല്ലെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്.
ഫോട്ടോ കോപ്പി മെഷീനുകള്‍ ഗ്രാമപ്രദേശങ്ങളില്‍ ലഭ്യമല്ലാ എന്നതാണ് ഇതിനു ന്യായീകരണമായി കമല ഹാരിസ് ചൂണ്ടികാട്ടിയത്.
ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സമ്മര്‍ദത്തെ കുറിച്ചു അഭിപ്രായമാരാഞ്ഞപ്പോഴാണ് കമല ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിലെ ഫോട്ടോ കോപ്പി സ്ഥാപനങ്ങളായ കിന്‍ങ്കോസ്, ഓഫീസു മാക്‌സ് എന്നിവയുടെ സഹകരണം ഗ്രാമങ്ങളില്‍ ലഭ്യമല്ലെന്നും കമല കൂട്ടിച്ചേര്‍ത്തു.
കമല ഹാരിസിന്റെ ഈ പ്രതികരണത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് കാറോ, ഷോപ്പിങ് സൗകര്യങ്ങളോ, ഇന്റര്‍നെറ്റോ ഇല്ലാ എന്നാണ് കമലയും ഡമോക്രാറ്റുകളും വിശ്വസിക്കുന്നതെന്ന് കണ്‍സര്‍വേറ്റീവ് കമന്റേറ്റര്‍ സ്റ്റീവന്‍ എല്‍ മില്ലര്‍ ട്വിറ്ററില്‍ കുറിച്ചു.
ഗ്രാമപ്രദേശങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ളവരില്‍ നിന്നും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകരുതെന്നു പലരും അഭിപ്രായപ്പെട്ടു.