ന്യൂയോര്‍ക്: യു.എസ് നഗരമായ ടെക്സസില്‍ 53 കുടിയേറ്റക്കാര്‍ ട്രക്കിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍.
കടുത്ത ചൂട് സഹിക്കാനാകാതെയാണ് കുടിയേറ്റക്കാര്‍ മരിച്ചത്. ട്രക്കിലെ എയര്‍കണ്ടീഷനര്‍ പ്രവര്‍ത്തനരഹിതമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് അറസ്റ്റിലായ ട്രക്ക് ഡ്രൈവര്‍ കോടതിയില്‍ നല്‍കിയ മൊഴി. ട്രക്കിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന ഡ്രൈവര്‍ ഹൊമീറോ സമൊറാനോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആദ്യം കുടിയേറ്റക്കാരില്‍ ഒരാളാണ് സമൊറാനോ എന്നാണ് പൊലീസ് കരുതിയത്. ട്രക്ക് ഓടിച്ചിരുന്നത് ഇയാളാണെന്ന് പിന്നീട് മനസിലായി. യു.എസ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ കുടിയേറ്റക്കാര്‍ ട്രക്കിനുള്ളില്‍ മരിക്കുന്നത്. ട്രക്കില്‍ ജീവനോടെ കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സമൊറാനോക്കൊപ്പം മനുഷ്യക്കടത്തിന് കൂട്ടുനിന്ന ക്രിസ്റ്റീന്‍ മാര്‍ട്ടിനെസിനെയും അറസ്റ്റ് ചെയ്തിരുന്നു. കുടിയേറ്റക്കാര്‍ മരിച്ചുവെന്ന് കണ്ടെത്തിയപ്പോഴും ഇരുവരും തമ്മില്‍ മൊബൈലില്‍ സന്ദേശങ്ങള്‍ കൈമാറിയതായി പൊലീസ് പറഞ്ഞു. ടെക്സാസിലെ സാന്‍ ആന്റോണിയോയിലാണ് ട്രക്കിനുള്ളില്‍ 46 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മനുഷ്യക്കടത്താണിതെന്ന് കരുതുന്നതായും ടെക്സാസിലേക്ക് അനധികൃത കുടിയേറ്റത്തിനെത്തിയവരാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.
കുറ്റം തെളിഞ്ഞാല്‍ സമൊറാനോക്കും മാര്‍ട്ടിനെസിനും വധശിക്ഷ വരെ ലഭിക്കാം. മനുഷ്യക്കടത്തില്‍ രണ്ടുപേരെ കൂടി പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. ആകെ 67 കുടിയേറ്റക്കാരാണ് ട്രക്കിലുണ്ടായിരുന്നതെന്ന് മെക്സിക്കന്‍ അധികൃതര്‍ പറഞ്ഞു.