Thursday, April 24, 2025

HomeAmericaപ്രശസ്ത നർത്തകി പാരിസ് ലക്ഷ്മി ഫൊക്കാന കൺവൻഷനിൽ

പ്രശസ്ത നർത്തകി പാരിസ് ലക്ഷ്മി ഫൊക്കാന കൺവൻഷനിൽ

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ഒർലാണ്ടോ :ലോകപ്രശസ്ത നർത്തകി പാരിസ് ലക്ഷ്മി ഫൊക്കാന ഒർലാണ്ടോ കൺവൻഷനിൽ പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് സെക്രട്ടറി സജിമോൻ ആന്റണി എന്നിവർ അറിയിച്ചു .ഫ്രാൻസിൽ നിന്നു പറന്നെത്തി മലയാളത്തിന്റെ സ്വന്തമായിത്തീർന്ന പാരിസ് ലക്ഷ്മി ഫൊക്കാന കൺവൻഷന്റെ ഭാഗമാകുമ്പോൾ അമേരിക്കൻ മലയാളികൾക്കും അഭിമാനിക്കാം .കഴിഞ്ഞ രണ്ടു പതിറ്റാണ്ട് ഭാരതീയ കലകളേയും വിശ്വാസങ്ങളേയും സാംസ്കാരിക പൈതൃകങ്ങളേയും മുറുകെ പിടിച്ച് മലയാളിയെ വെല്ലും വിധം മലയാളത്തെ സ്നേഹിച്ച് ജീവിക്കുന്ന അനുഗ്രഹീത നർത്തകിയെ ഫൊക്കാന കൺവൻഷന്റെ ഭാഗമാക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ് പറഞ്ഞു.


ഫ്രാൻസിലെ പ്രോവൻസ് സ്വദേശികളായ ഈവിന്റേയും പാത്രേസ്യയുടേയും മൂത്ത മകളായി ജനനം. മറിയം സോഫിയ ലക്ഷ്‌മി എന്നാണ്‌ പാരീസ്‌ ലക്ഷ്‌മിയുടെ യഥാർത്ഥ നാമം. ഈവ് നാടക കലാകാരനും കവിയുമാണ്, പത്രേസ്യ ശില്പിയും. ഭാരത സംസ്കാരത്തോടും ഹൈന്ദവ ആചാരങ്ങളോടുമുള്ള താല്പര്യം കൊണ്ടാണ് മാതാപിതാക്കൾ അവർക്ക് ലക്ഷ്മി എന്നും ഇളയ മകനെ നാരായണൻ എന്നും നാമകരണം ചെയ്തത്. ഫ്രാൻസിലെ ക്ലാസിക് കലകൾ ചെറുപ്പത്തിൽ തന്നെ പഠിച്ച അവർ, തന്റെ ഏഴാം വയസ്സിലാണ് മാതാപിതാക്കൾക്കൊപ്പം ആദ്യമായി ഇന്ത്യയിൽ വരുന്നത്. ആ യാത്രക്കിടയിൽ കണ്ട ഭരതനാട്യം അവരെ ആകർഷിക്കുകയും, നൃത്തം പഠിക്കണമെന്ന മോഹം കൊണ്ട് ഒന്‍പതാം വയസ്സ്‌ മുതല്‍ ഫ്രാന്‍സില്‍ ഭരതനാട്യം പഠിക്കാനും തുടങ്ങി. ഫ്രാന്‍സില്‍നിന്നും ഭരതനാട്യത്തിന്റെ പ്രാഥമികചുവടുകള്‍ മാത്രം അഭ്യസിച്ച അവർ പിന്നീട് ഇന്ത്യയിലെത്തി, ഡോ. പത്മ സുബ്രഹ്‌മണ്യത്തിന്റെ കീഴിലും, അവരുടെ പ്രമുഖ ശിഷ്യരുടെ കീഴിലും വര്‍ഷങ്ങളോളം നൃത്തം അഭ്യസിച്ചു.

ഭരതനാട്യ വേദികളിൽ തിരക്കേറിയപ്പോൾ പാരീസ് ലക്ഷ്മി എന്ന പേരു സ്വീകരിച്ചു. അമൽ നീരദിന്റെ ബിഗ്‌ ബിയിലെ ‘ഓ ജനുവരി’ എന്ന ഗാനത്തിൽ ഭരതനാട്യ ചുവടുകൾ വച്ച് കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നു. ബാംഗ്ലൂർ ഡേയ്സിൽ മിഷേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും പാരീസ് ലക്ഷ്മിയാണ്‌. പ്രശസ്‌ത കഥകളി നടനായ പളളിപ്പുറം സുനിലാണ്‌ പാരീസ്‌ ലക്ഷ്‌മിയുടെ ഭര്‍ത്താവ്‌. വൈക്കത്ത്‌ കലാശക്‌തി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ് എന്ന സ്‌ഥാപനം നടത്തുകയാണ്‌ ലക്ഷ്‌മി. നൃത്തത്തിൽ മാത്രമല്ല, ചിത്രകലയിലും തല്പരയാണ് പാരീസ് ലക്ഷ്മി.

പാരിസ് ലക്ഷ്മി മലയാളത്തെ സ്‌നേഹിക്കുമ്പോൾ തിരിച്ചും മലയാളം അവരെ സ്നേഹിക്കുന്നു എന്നതാണ് സത്യം .കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ അരങ്ങുകൾ തന്നെ ഇല്ലാതായ അവസരങ്ങളിൽ നിന്ന് പുതിയ ഊർജവുമായി ഫൊക്കാന കൺവെൻഷനിലെത്തുന്ന പാരിസ് ലക്ഷ്മിക്ക് ഹൃദയപൂർവം സ്വാഗതം അർപ്പിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ,സെക്രട്ടറി സജിമോൻ ആന്റണി ,ട്രഷറർ സണ്ണി മറ്റമന ,കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ എന്നിവർ അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments