ന്യൂയോർക്ക്: കോരസൺ വർഗീസിനു ഫൊക്കാനയുടെ പ്രത്യേക അവാർഡ് .അഭിമുഖങ്ങളുടെ പശ്ചാത്തലത്തിൽ സാഹിത്യവും കലയും സാമൂഹ്യ വിഷയങ്ങളും കോർത്തിണക്കി പൊതുജീവിതത്തിൽ നിരന്തരം ഇടപെടുവാൻ കാണിക്കുന്ന പ്രവണത അംഗീകരിക്കപ്പെടണമെന്നു അവാർഡ് പ്രഖ്യാപിച്ചു കൊണ്ട് അവാർഡ് നിർണ്ണയകമ്മിറ്റി അഭിപ്രായപ്പെട്ടു.
കോരസൺ വർഗീസ് വാൽക്കണ്ണാടി എന്ന പേരിൽ കല, സാഹിത്യം, സംഗീതം, രാഷ്ട്രീയം തുടങ്ങി വിവിധ സാമൂഹ്യ വിഷയങ്ങളെക്കുറിച്ചു വിവിധ മേഖലകളിൽ അഗ്രഗണ്യരുമായി അഭിമുഖം നിരന്തരം നടത്തുന്നു. ഇതു യൂട്യൂബ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്നു. അമേരിക്കൻ രാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ ചർച്ചകളും വാൽക്കണ്ണാടിയിൽ നിരന്തരം കടന്നുവന്നു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളെയും ചേർത്ത് അടിസ്ഥാനപരമായ വിഷയങ്ങൾ ഇഴപിരിച്ചെടുത്തപ്പോൾ, കേരളരാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാകാത്ത പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തി.

കോരസൺ എഴുതുന്ന വാൽക്കണ്ണാടി എന്ന പംക്തിയിൽ സൂക്ഷ്മമായ നിരീക്ഷണം, ആഴത്തിലുള്ള പഠനം, വാക്കുകളുടെ മനോഹാരിത, നിഷ്പക്ഷമായ നിലപാടുകൾ, വിഷയങ്ങളുടെ പരപ്പ്, ചരിത്രപരമായ ഉൾകാഴ്ച, നന്മക്കുവേണ്ടിയുള്ള പോരാട്ടം, ജാഗ്രത ഒക്കെ എടുത്തുകാട്ടാവുന്ന ലേഖനങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. മനോരമ ഓൺലൈനിൽ വാൽക്കണ്ണാടി എന്ന പംക്തി വർഷങ്ങളായി തുടരുന്നു. ഇ മലയാളി, മറുനാടൻ മലയാളി, ബ്രിട്ടീഷ് മലയാളി, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ പ്രദേശങ്ങളിലും മറ്റു മുഖ്യധാരാ ഓൺലൈൻ മീഡിയകളിലും സജീവം. വാൽക്കണ്ണാടി എന്ന ലേഖന സമാഹാരം 2016 ഇൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽവച്ചു പ്രകാശനം ചെയ്തു. ഇ മലയാളിയുടെ ജനപ്രിയ എഴുത്തുകാരൻ എന്ന അവാർഡ് ലഭിച്ചിട്ടുണ്ട്.
ഫൊക്കാനയുടെ ആൽബനി കൺവൻഷനിൽ പുറത്തിറക്കിയ ‘ഹരിതം’ സ്മരണികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്നു. ആനുകാലിക വിഷയങ്ങളിൽ കുറിക്കുകൊള്ളുന്ന കോരസൺ വരക്കുന്ന കാർട്ടൂൺ വിവിധ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അന്തർദേശീയ സാമൂഹ്യസംഘടനയായ വൈസ് മെൻസ് ഇന്റർനാഷനലിന്റെ അന്തർദേശീയ പബ്ലിക് റിലേഷൻസ് ഡയറക്റ്റർ ആയി സേവനം അനുഷ്ഠിച്ചു. ഇപ്പോൾ ആ സംഘടനയുടെ യുണൈറ്റഡ് നേഷൻസ് പ്രതിനിധിയാണ്. ഫൊക്കാനയുടെ സാഹിത്യസമ്മേളനത്തിന്റെ കോ- ചെയർ കൂടിയാണ് കോരസൺ. കലാലയ ജീവിതം മുതൽ സാഹിത്യവും കലയും ഒപ്പം കൂടുകൂട്ടി. ചിത്രരചനക്കും സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.