ഫ്രാൻസിസ് തടത്തിൽ
ഒർലാൻഡോ : ആവേശകരമായ ഫൊക്കാന തിരഞ്ഞെടുപ്പിൽ ഡോ. ബാബു സ്റ്റീഫൻ പ്രസിഡന്റായി ജയിച്ചു കയറിയപ്പോൾ സംഘടനയെ ഇനി നയിക്കാനുള്ള മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഷാജി വർഗീസിന് 191 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷമാണ് ലഭിച്ചത്. ട്രസ്റ്റീ ബോർഡിൽ രണ്ടു സ്ഥാനങ്ങളിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ കാനഡയിൽ നിന്നുള്ള ജോജി തോമസിനാണ് ഏറ്റവുമധികം വോട്ടുകൾ. ഫ്ലോറിഡയിൽ നിന്നുള്ള സണ്ണി മറ്റമനയാണ് 143 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയത്. ഷിക്കാഗോയിൽ നിന്നുള്ള ടോമി അമ്പേനാട്ട് 123 വോട്ടുകളോടെ മൂന്നാം സ്ഥാനത്തും ഹൂസ്റ്റണിൽ നിന്ന് എറിക്ക് മാത്യു 97 വോട്ടുകളോടെ നാലാം സ്ഥാനത്തുമെത്തി. ഇവരിൽ ഒന്നാം സ്ഥാനം നേടിയ ജോജി തോമസും രണ്ടാം സ്ഥാനം നേടിയ സണ്ണി മറ്റമനയുമായിരിക്കും ട്രസ്റ്റി ബോർഡിൽ ഒഴുവു വന്ന സ്ഥാനങ്ങളിൽ.
രാവിലെ 9 നു നടന്ന ജനറൽ ബോഡി യോഗത്തിനു ശേഷമാണു വോട്ടെടുപ്പ് ആരംഭിച്ചത്. പല റീജിയണുകൾക്കുവേണ്ടി നാലു ബൂത്തുകൾ ക്രമീകരിച്ചായിരുന്നു വോട്ടെടുപ്പ് നടത്തിയത്. ഉച്ചയോടു കൂടി വോട്ടെടുപ്പ് അവസാനിച്ചയുടൻ വോട്ടെണ്ണൽ തുടങ്ങി. തുടക്കം മുതൽ തന്നെ ഡോ. ബാബു സ്റ്റീഫൻ വൻ ലീഡ് നിലനിർത്തിയിരുന്നു. ഈ സമയം തന്നെ വാഷിങ്ടൻ ഡിസിയിൽ നിന്നുള്ള യുവ നേതാക്കളും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും വിജയാഘോഷം തുടങ്ങി. ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പിന്റെ സാന്നിധ്യത്തിൽ തിരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, കമ്മിറ്റി അംഗവും ട്രസ്റ്റി ബോർഡ് സെക്രെട്ടറിയുമായ സജി എം. പോത്തൻ എന്നിവർ ചേർന്നാണ് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്തിയത്.
ഷാജി വർഗീസ് ഫൊക്കാനയുടെ മുൻ ട്രഷററും നിലവിൽ ന്യൂജഴ്‌സി റീജിയണൽ ആർവിപിയുമാണ്. മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (മഞ്ച്) യുടെ സ്ഥാപക നേതാവും നിലവിൽ ട്രസ്റ്റി ബോർഡ് ചെയർമാനുമാണ് അദ്ദേഹം. ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പട്ട രണ്ടുപേരിൽ ഒരാളായ ജോജി തോമസ് അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയും രണ്ടാമതായി വന്ന ഫൊക്കാന സണ്ണി മറ്റമന ഫൊക്കാനയുടെ നിലവിലുള്ള ട്രഷററും ആണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള മറ്റു സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ എല്ലാവരും വിജയിച്ചു. സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഡോ. കല ഷഹി നിലവിൽ ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർപേഴ്സൺ ആണ്.
ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ബിജു കൊട്ടരക്കരയും നിലവിൽ ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയാണ്. ഫൊക്കാന കൺവെൻഷൻ ചെയർമാൻ ആയ ചാക്കോ കുര്യൻ ആണ് വൈസ് പ്രസിഡന്റ്. ന്യൂജേഴ്‌സിയിൽ നിന്നുള്ള ജോയി ചാക്കപ്പൻ ആണ് അസോസിയേറ്റ് സെക്രട്ടറി. ഇപ്പോഴത്തെ അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ് ആണ് അസോസിയേറ്റ് ട്രഷറർ. അഡിഷണൽ അസോസിയേറ്റ് സെക്രട്ടറിയായി ഷിക്കാഗോയിൽ നിന്നുള്ള ജോർജ് പണിക്കർ, അഡിഷണൽ അസോസിയേറ്റ് ട്രഷറർ കണക്ടിക്കട്ടിൽ നിന്നുള്ള സോണി അമ്പൂക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. ഷിക്കാഗോയിൽ നിന്നുള്ള ഡോ. ബ്രിജിത്ത് ജോർജ് ആണ് വിമൻസ് ഫോറം ചെയർപേഴ്സൺ.