ലാസ് വെഗാസ് :അമേരിക്കയിലെ ഏറ്റവും വലിയ ജലാശയമായ ലേക്ക് മീഡിൽ ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിൽ എത്തി. കൊളറാഡോ നദിയിൽ നെവാഡ, അരിസോണ സംസ്ഥാനങ്ങൾ പങ്കിടുന്ന തടാകത്തിൽ വരൾച്ച മൂലം വെള്ളം ഏതാണ്ട് പൂർണമായും വറ്റിക്കഴിഞ്ഞു.
തടാകത്തിലെ ജലം കൊണ്ട് ഇനി വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയാതെ വരും. 895 അടി വരെ താഴുമ്പോൾ വെള്ളം പുറത്തേക്കു ഒഴുകില്ല.വെള്ളിയാഴ്ച തടാകത്തിൽ ഉണ്ടായിരുന്നത് 1,042 അടി മാത്രമാണ് .
മേയിൽ തടാകത്തിന്റെ അടിത്തട്ടു കാണാമായിരുന്നു. കഴിഞ്ഞ ആഴ്ചകളിലായി മുങ്ങിപ്പോയ ബോട്ടുകളും മനുഷ്യ അസ്ഥികൂടങ്ങളും മറ്റും തടാകത്തിന്റെ അടിത്തട്ടിൽ നിന്നു പൊങ്ങി വന്നിട്ടുണ്ട്.
പടിഞ്ഞാറൻ യു എസിൽ 20 ശതമാനത്തിലേറെ ഭൂമി കൊടും വരൾച്ചയിലാണ്. 1,200 വർഷത്തിൽ ഏറ്റവും കഠിനമായ വരൾച്ച 22 വർഷമെത്തി. ഭൂമിയുടെ ചൂട് കൂടുന്നതു കൊണ്ട് വരൾച്ച നിയന്ത്രിക്കാൻ കഴിയാത്ത വിധം വഷളായി എന്ന് കൊളംബിയ യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ജേസൺ സ്മെർഡൺ പറഞ്ഞു. ഭൂമിക്കു കൂടുതൽ ദാഹിക്കുമ്പോൾ കാടുകളിൽ നിന്നും പച്ചപ്പുകളിൽ നിന്നും മണ്ണിൽ നിന്നും ഈർപ്പം വലിച്ചെടുക്കുന്നു.
ലാസ് വെഗാസ്, ഹെന്ഡേഴ്സൺ, നോർത്ത് ലാസ് വെഗാസ്, ബൗൾഡർ സിറ്റി എന്നിവിടങ്ങളിൽ കുടിവെള്ളം എത്തുന്നത് ഈ തടാകത്തിൽ നിന്നാണ്. രണ്ടര കോടി ആളുകൾ ഈ വെള്ളത്തെ ആശ്രയിക്കുന്നു. വറ്റിപ്പോയാൽ അരിസോണ, കലിഫോണിയ, നെവാഡ സംസ്ഥാനങ്ങളിൽ ദശലക്ഷക്കണക്കിനു ആളുകൾ വലിയ പ്രശ്നത്തിലാവും.
വരൾച്ച പ്രതീക്ഷിച്ചതിലും വേഗത്തിലാണ് തടാകത്തെ വറ്റിക്കുന്നതെന്ന് വിദഗ്‌ധർ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ കൊളറാഡോ നദിയിൽ വെള്ളത്തിനു ക്ഷാമം ഉണ്ടെന്നു ഗവൺമെന്റ് ചൂണ്ടിക്കാട്ടി. അരിസോണ, നെവാഡ സംസ്ഥാനങ്ങളിലേക്കും മെക്സിക്കോയിലേക്കുമുള്ള വെള്ളത്തിന്റെ വിതരണം അന്നു കാര്യമായി വെട്ടിക്കുറച്ചു.
അരിസോണയിൽ നിരവധി കർഷകർ നദിയിലെ വെള്ളം ഉപേക്ഷിച്ചു ഭൂഗർഭ ജലം എടുക്കാൻ തുടങ്ങി. പക്ഷെ അധികപേരും വയലുകൾ കൃഷി ചെയ്യാതെ ഇട്ടിരിക്കയാണ്.
കലിഫോണിയയിലെ ഏറ്റവും വലിയ ശസ്‌ത തടാകത്തിൽ പകുതി വെള്ളമേയുള്ളൂ എന്ന് മെയ് ആദ്യം റിപ്പോർട്ട് ഉണ്ടായിരുന്നു. യൂട്ടയിലെ ഗ്രേറ്റ് സോൾട് ലേക്കിൽ കഴിഞ്ഞ മാസം ചരിത്രം കാണാത്ത വിധം വെള്ളം താഴ്ന്നു.