മാത്യുക്കുട്ടി ഈശോ
ന്യൂയോര്‍ക്ക് : അടുത്ത കാലത്തായി കേരളത്തിലെ യുവജനങ്ങള്‍ അവരുടെ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം വിദേശരാജ്യങ്ങളിലേക്ക് ഉപരി പഠനത്തിനായി ചേക്കേറുന്ന പ്രവണത വര്‍ധിച്ചുവരുന്നു. വിദേശത്തേക്കുള്ള കുടിയേറ്റം നിമിത്തം സര്‍ഗ്ഗശക്തിയുള്ളവരെയും യുവജനങ്ങളെയും നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
അതിനാല്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകള്‍ പ്രവാസി മലയാളികള്‍ മനസ്സിലാക്കണമെന്നും കേരളത്തെ ഒരു നോളഡ്ജ് ഹബ്ബ് ആക്കി മാറ്റുവാന്‍ പ്രവാസികള്‍ ആലോചിക്കണമെന്നും കേരളാ കോണ്‍ഗ്രസ്സ് (മാണി) ചെയര്‍മാനും രാജ്യ സഭാംഗവുമായ ജോസ് കെ. മാണി ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു.

ഒര്‍ലാണ്ടോയിലെ ഫൊക്കാനാ കണ്‍വെന്‍ഷന് ശേഷം ന്യൂയോര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ ജോസ് കെ. മാണിക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ്സ് (മാണി) ന്യൂയോര്‍ക്ക് ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തിലാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ക്വീന്‍സിലുള്ള സന്തൂര്‍ റെസ്റ്റോറന്റിലാണ് നൂറിലധികം മലയാളികള്‍ സംബന്ധിച്ച സ്വീകരണ യോഗം സംഘടിപ്പിച്ചത്.
പതിറ്റാണ്ടുകളായി നമ്മുടെ മലയാളികള്‍ അമേരിക്കലേക്കും മറ്റും കുടിയേറി പാര്‍ത്തുവരികയാണ്. ആദ്യകാലങ്ങളില്‍ വന്നവരുടെ രണ്ടാം തലമുറയും മൂന്നാംതലമുറയും ഈ ദേശങ്ങളില്‍ ധാരാളമായുണ്ട്. ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ചു മലയാളികള്‍ ലോകത്തിലേയും അമേരിക്കയിലെയും ഉന്നത ശ്രേണിയില്‍ നില്‍ക്കുന്ന പല കമ്പനികളുടെയും സി.ഇ.ഓ. സ്ഥാനങ്ങളിലും മറ്റു ഉന്നത മേഖലയിലും എത്തിച്ചേര്‍ന്നിട്ടുള്ളത് നമുക്ക് അഭിമാനിക്കാവുന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാട്ടില്‍ നിന്നുള്ളവര്‍ ഗ്രാഡുവേഷനും പോസ്റ്റ് ഗ്രാഡുവേഷനും കഴിഞ്ഞു ജോലി സംബന്ധമായും മറ്റുമാണ് അമേരിക്കയിലേക്ക് കുടിയേറി വന്നിരുന്നത്.

എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ പന്ത്രണ്ടാം ക്ളാസ്സ് കഴിയുന്നവര്‍ അമേരിക്കയിലേക്കും, ക്യാനഡയിലേക്കും, യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കും ഉക്രൈന്‍, റഷ്യ, ചൈനാ തുടങ്ങിയ രാജ്യങ്ങളിലേക്കും ഉന്നത വിദ്യാഭ്യാസത്തിനായി നാട് വിടുന്ന പ്രവണതയാണ് കാണുന്നത്. ഇവരില്‍ പലരും പഠന ശേഷം അതാത് രാജ്യങ്ങളില്‍ ജോലി സമ്പാദിച്ചു അവിടെത്തന്നെ കുടിയേറുന്നു. അങ്ങനെ നമുക്ക് നമ്മുടെ യുവജനങ്ങളെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ നമ്മള്‍ മാറി ചിന്തിക്കേണ്ടതുണ്ട് എന്ന് ജോസ് കെ. മാണി ഉദ്ബോധിപ്പിച്ചു.
ലോകത്തെ വമ്പന്‍ ശക്തികളായി അമേരിക്കയും, ഫ്രാന്‍സും, ചൈനയും മറ്റും ഉണ്ടെങ്കിലും, ഇപ്പോള്‍ ലോകത്തെ നയിക്കുവാന്‍ കഴിവുള്ളവരാണ് നമ്മള്‍ ഇന്‍ഡ്യാക്കാര്‍. ഗൂഗിള്‍, ഗൂഗിള്‍ ക്ളൗഡ്, മൈക്രോസോഫ്ട്, ഐ.ബി.എം., ഇന്‍ഫോസിസ്, വിപ്രോ, സാന്‍ഡിസ്‌ക്, ഫര്‍മസ്യൂട്ടിക്കല്‍ കമ്പനി നൊവാര്‍ട്ടീസ് തുടങ്ങി ലോകത്തിലെ മിക്കവാറും വന്‍കിട കമ്പനികളുടെയെല്ലാം അമരത്തു സി.ഇ.ഓ.മാരായി ഇന്ത്യക്കാരാണ്. അപ്പോള്‍ ഈ കമ്പനികളെയെല്ലാം നയിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടയുള്ള ഇന്ത്യക്കാരാണ്.

ലോകം എമ്പാടുമുള്ള ബി.എം.ഡബ്ലിയു. കാറുകള്‍ക്കുള്ളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ സിസ്റ്റം ടെക്‌നോ പാര്‍ക്കിലുള്ള നൂറു പേര് മാത്രം ജോലി ചെയ്യുന്ന അക്കേഷ്യ ടെക്‌നോളജി എന്ന കമ്പനിയാണ് നല്‍കുന്നത്. കേരളത്തിന് വെളിയിലേക്കുള്ള യുവജനങ്ങളുടെ ഒഴുക്ക് നാട്ടില്‍ ഒരു സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുവാന്‍ സാധ്യതയുള്ളതായി നാം മനസ്സിലാക്കേണ്ടതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ യുവാക്കളുടെയും, നമ്മുടെ അറിവിന്റെയും സമ്പത്തായ ഹ്യൂമന്‍ റിസോഴ്‌സസ് നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണമെങ്കില്‍ കേരളത്തെ ഒരു നോളഡ്ജ് ഹബ് ആക്കി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്.
ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ ഒരു സയന്‍സ് സിറ്റി കുറവിലങ്ങാട്ട് മുപ്പതു ഏക്കര്‍ സ്ഥലത്തു നൂറു കോടി രൂപാ മുടക്കി സ്ഥാപിച്ചു വരികയാണ്. ഏകദേശം എഴുപത്തഞ്ചു ശതമാനം പണി പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രത്യേക രീതിയിലുള്ള ഡിസൈനില്‍ രൂപീകരിക്കുന്ന ഈ സയന്‍സ് സിറ്റി ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നൊരു സ്ഥാപനം ഇരുനൂറു കോടിയിലധികം രൂപാ മുടക്കി സ്ഥാപിക്കുന്നു.
അമേരിക്കയിലെ പല യൂണിവേഴ്‌സിറ്റികളുമായും ബന്ധപ്പെട്ടു ഉന്നത വിദ്യാഭ്യാസത്തിനും റിസേര്‍ച്ചു നടത്തുന്നതിനും സഹായകരമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നമുക്ക് കേരളത്തില്‍ സ്ഥാപിക്കുവാനുള്ള അനന്ത സാധ്യതകളെപറ്റി പ്രവാസി മലയാളികളായ നാം പരിശോധിക്കേണ്ടതാണ്. അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഉള്ള മലയാളികളുടെയും ഇന്ത്യക്കാരുടെയും മറ്റു രാജ്യക്കാരുടെയും കുട്ടികളെ കേരളത്തിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി അയക്കാനുള്ള സാധ്യതകള്‍ പ്രവാസികളായ നാം കണ്ടെത്തേണ്ടതാണെന്നും ജോസ് കെ.മാണി പറഞ്ഞു.
‘പ്രവാസികളായവര്‍ കേരളത്തില്‍ വന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനു പകരം സര്‍ക്കാര്‍ മുന്‍ കൈ എടുത്ത് പ്രവാസികളുടെ സഹകരണത്തിലൂടെയും സ്വകാര്യ നിക്ഷേപത്തിലൂടെയും കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) മാതൃകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍ അത് കൂടുതല്‍ വിജയപ്രദമായി നടത്തുവാന്‍ സാധിക്കുകയില്ലേ?’ എന്ന് മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ ന്യൂയോര്‍ക്കിലെ മാധ്യമ പ്രവര്‍ത്തകനുമായ മാത്യുക്കുട്ടി ഈശോ മറു ചോദ്യമായി ജോസ് കെ. മാണിയോട് ചോദിച്ചു. അത് നല്ലൊരു അഭിപ്രായമാണെന്നും സിയാല്‍ മാതൃകയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നും രാജ്യസഭാംഗം ജോസ് കെ. മാണി മറുപടി പറഞ്ഞു.
പ്രവാസി കേരളാ കോണ്‍ഗ്രസ്സ് (മാണി) ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റ് സലീമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സമൂഹത്തിലെ പ്രമുഖരായ പലരും ആശംസകള്‍ നേര്‍ന്നു. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ദീപിക മുന്‍ മാനേജിങ് ഡയറക്ടറും ബിസിനെസ്സ്‌കാരനുമായ സുനില്‍ കുഴമ്പാല, ജോസ് കെ. മാണിയുടെ കുടുംബ സുഹൃത്തും ബിസിനെസ്സുകാരനുമായ വര്‍ക്കി എബ്രഹാം, ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍, കേരള സെന്റര്‍ സ്ഥാപകന്‍ ഇ. എം. സ്റ്റീഫന്‍, കൈരളി ചാനല്‍ ഡയറക്ടര്‍ ജോസ് കാടാപുറം, ടോമാര്‍ കണ്‍സ്റ്റ്ക്ഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രധിനിധി തങ്കം അരവിന്ദ്, സാമൂഹിക പ്രവര്‍ത്തകന്‍ കോശി ഉമ്മന്‍ തുടങ്ങി സമൂഹത്തിലെ വിവിധ നേതാക്കള്‍ ജോസ് കെ. മാണിക്കും സഹധര്‍മ്മിണി നിഷാ ജോസിനും ആശംസകള്‍ അര്‍പ്പിച്ചു.
ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അസംബ്ലി മെമ്പര്‍ ഡേവിഡ് വിപ്രിന്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ ആശംസകള്‍ അര്‍പ്പിച്ചു ജോസ്. കെ മാണിക്ക് ആദരസൂചകമായി പൊന്നാട അണിയിച്ചു.