ഫ്‌ളോറിഡ: ഫോമയ്ക്കായി മാറ്റി വച്ച മുറികള്‍ തീര്‍ന്നതിനാല്‍ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ നിര്‍ത്തിവച്ചുവെങ്കിലും കൂടുതല്‍ മുറികള്‍ ലഭ്യമാക്കാന്‍ ചര്‍ച്ച തുടരുകയാണെന് പ്രസിഡന്റ് അനിയന്‍ ജോര്‍ജും ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്‌നും അറിയിച്ചു. തിങ്കളാഴ്ചയോടെ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കൂടുതല്‍ മുറികള്‍ ലഭ്യമായാല്‍ രജിസ്ട്രേഷനുള്ള വെബ്‌സൈറ്റ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വീണ്ടും സജീവമാക്കും. എന്തായാലും 350-ല്‍ പരം മുറികള്‍ മുറികള്‍ രണ്ടു മാസം മുന്‍പുതന്നെ ബുക്ക് ചെയ്ത് അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് മലയാളി സംഘടനകളില്‍ അപൂര്‍വമാണ്.
മെക്‌സിക്കോയിലെ വിനോദസഞ്ചാര കേന്ദ്രമായ കാന്‍കൂണിലുള്ള മൂണ്‍ പാലസില്‍ വച്ച് സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് ഫോമായുടെ രാജ്യാന്തര ഫാമിലി കണ്‍വന്‍ഷന്‍. പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് റൂമുകള്‍ തീര്‍ന്ന സാഹചര്യത്തിലാണ് രജിസ്ട്രേഷന്‍ താല്‍ക്കാലികമായി ക്ലോസ് ചെയ്യേണ്ടി വന്നത്. കൂടുതല്‍ റൂമുകള്‍ ലഭ്യമാകുന്ന പക്ഷം, രജിസ്ട്രേഷന്‍ പ്രക്രിയ പുനരാരംഭിക്കും. സമീപത്തുള്ള ഹോട്ടലുകളില്‍ റൂമുകള്‍ എടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നതിനാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്.
ഫോമായിലൂടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കണ്‍വന്‍ഷനിലും ജനറല്‍ ബോഡിയിലും വോട്ടിങ്ങിലും പങ്കെടുക്കാന്‍ സാധിക്കുകയുള്ളു എന്നിരിക്കെ, ഇതിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഓരോ അംഗങ്ങള്‍ക്കും അതിനുള്ള അവസരം ഒരുക്കണമെന്ന ആഗ്രഹംകൊണ്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി വളരെ ആത്മാര്‍ത്ഥമായി തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഫോമാ കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചുള്ളവര്‍ക്ക് മാത്രമേ മൂണ്‍ പാലസ് അധികൃതര്‍ പ്രസ്തുത ദിവസങ്ങളില്‍ മീറ്റിംഗ് ഹാളുകളില്‍ പ്രവേശനം നല്‍കുകയുള്ളൂ, അതല്ലെങ്കില്‍ 500 ഡോളര്‍ അധികമായി നല്‍കേണ്ടി വരും. ഫോമായുടെ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് ലിസ്റ്റുകളുടെ ആദ്യ പതിപ്പ് അസോസിയേഷന് കൈമാറേണ്ട അവസാന തീയതി ജൂലൈ 15 ന് അവസാനിക്കുകയാണ്. തൊണ്ണൂറുശതമാനത്തോളം അസോസിയേഷനുകളില്‍ നിന്നുള്ള ഡെലിഗേറ്റ് ലിസ്റ്റ് ഇതിനോടകം ലഭിച്ചതായി ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
ജൂലൈ 23 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കുന്ന സൂം ജനറല്‍ ബോഡിയില്‍ ഈ ഡെലിഗേറ്റ് ലിസ്റ്റില്‍ നിന്നും ഉള്ളവര്‍ക്കായിരിക്കും പങ്കെടുക്കാന്‍ സാധിക്കുക. ഡെലിഗേറ്റ് ലിസ്റ്റില്‍ മാറ്റം വരുത്തുന്നതിനുള്ള അവസരം മെമ്പര്‍ അസോസിയേഷനുകള്‍ക്ക് ജൂലൈ 25 വരെ ഉണ്ടായിരിക്കും. ബൈലോയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനുവേണ്ടിയാണ് ജനറല്‍ ബോഡി കൂടുന്നത്.
ഫോമായുടെ കണ്‍വന്‍ഷന്‍ നടക്കുന്ന ഔദ്യോഗിക തീയതി സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ ആണെങ്കിലും, ഓഗസ്റ്റ് 31 മുതല്‍ തന്നെ നിരവധി കുടുംബങ്ങള്‍ കാന്‍കൂണില്‍ എത്തിച്ചേരും. സെപ്റ്റംബര്‍ 6 വരെ അവിടെ തുടരുകയും ചെയ്യുമെന്നാണ് അറിയുന്നത്. അവധിക്കാലം ആഘോഷമാക്കുന്നതിന്റെ ഭാഗമായി 80 ശതമാനം അംഗങ്ങളും ‘ഫാമിലി കണ്‍വന്‍ഷന്‍’ എന്ന പേര് അന്വര്‍ത്ഥമാക്കും വിധം കുടുംബസമേതം തന്നെ എത്തിച്ചേരുമെന്നതാണ് ഇത്തവണത്തെ കണ്‍വന്‍ഷന്റെ പ്രധാന സവിശേഷത.
മുന്‍ വര്‍ഷങ്ങളില്‍ നടന്നിട്ടുള്ള ഫോമാ കണ്‍വന്‍ഷനുകള്‍, അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ വച്ചുതന്നെ ആയിരുന്നതുകൊണ്ട് രജിസ്റ്റര്‍ ചെയ്യാതെ തന്നെ നിരവധി ആളുകള്‍, പരിപാടികളില്‍ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നു. ‘ഡെസ്റ്റിനേഷന്‍ കണ്‍വന്‍ഷന്‍’ എന്ന നിലയില്‍, ബുക്ക് ചെയ്ത് പറന്നെത്തുന്നവര്‍ക്ക് മാത്രമേ പുതുമ നിറഞ്ഞ ഈ ഒത്തുചേരല്‍ അനുഭവേദ്യമാകൂ. മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും കലാസാഹിത്യരംഗത്തെ പ്രഗത്ഭരും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ കണ്‍വന്‍ഷന് തിളക്കമേറും. വരും ദിവസങ്ങളില്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടും.
കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേരും ഫോണ്‍ നമ്പറും സഹിതം ശിളീ@ളീാമമ.ീൃഴ എന്ന ഇമെയില്‍ ഐഡിയില്‍ താല്പര്യം അറിയിക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ പുനരാരംഭിക്കുമ്പോള്‍, അനുബന്ധ വിവരങ്ങള്‍ കമ്മിറ്റി അംഗങ്ങള്‍ ഫോണിലൂടെ വിളിച്ചറിയിക്കുന്നതായിരിക്കും. ഫോമാ രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോയ് ശാമുവല്‍ ,കോ-ഓര്‍ഡിനേറ്റര്‍ ബൈജു വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ സാജന്‍ മൂലപ്ലാക്കല്‍,സുനിത നായര്‍,സിമി എന്നിവരുടെ നേതൃത്വത്തില്‍ വളരെ നല്ലരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നുണ്ട്.
രജിസ്റ്റര്‍ ചെയ്ത് കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍, പിന്തുണ അറിയിച്ച എല്ലാവര്‍ക്കും ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ തുടങ്ങിയവര്‍ നന്ദി അറിയിച്ചു. ഇതിനോടകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ നിന്ന് കണ്‍വെന്‍ഷന്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്കും ആ വിവരം info@fomaa.org ലേക്ക് ഇമെയിലിലൂടെ അറിയിക്കാം.
രജിസ്‌ട്രേഷന്‍ പേയ്‌മെന്റ് പൂര്‍ത്തീകരിക്കാത്തവര്‍, ബാക്കി തുക ജൂലൈ 25 ന് മുന്‍പായി നല്‍കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.