ന്യൂജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരളാ അസോസിയേഷന്‍ ഓഫ് ന്യുജേഴ്സി (കാന്‍ജ് ) യുടെ മുന്‍ പ്രസിഡന്റ് ജെയിംസ് ജോര്‍ജ്ജ് ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു, ഡോക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ ഓജസ് ജോണ്‍ സെക്രട്ടറിയും, ബിജു തോണിക്കടവില്‍ ട്രഷററായും, ജെയ്മോള്‍ ശ്രീധര്‍ ജോയിന്റ് സെക്രട്ടറിയും,സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും മത്സരിക്കുന്ന മുന്നണിയിലാണ് ജെയിംസ് ജോര്‍ജ്ജ് ജോയിന്റ് ട്രഷററായി മത്സരരംഗത്തേക്ക് എത്തുന്നത്,
2009 ല്‍ കേരളാ അസോസിയേഷന്‍ ഓഫ് ന്യുജേഴ്സിയുടെ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് ജോര്‍ജ്ജ് 2013 ല്‍ ജോയിന്റ് ട്രഷററായി.പിന്നീട് ട്രഷറര്‍ ആയും സെക്രട്ടറിയായും പ്രവര്‍ത്തിച്ച ശേഷം 2018 ല്‍ കാന്‍ജിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. കാന്‍ജിന്റെ സുവര്‍ണ കാലഘട്ടങ്ങളിലൊന്നായിരുന്നു ജെയിംസ് ജോര്‍ജ് പ്രസിഡന്റായി പ്രവര്‍ത്തിച്ച വര്‍ഷം, നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ജെയിംസ് ജോര്‍ജ്ജിന്റെ നേത്യത്വത്തില്‍ നടത്തിയത്.
മാത്യദിന പരിപാടിയില്‍ നിന്ന് സമാഹരിച്ച സംഭവനകളിലൂടെ കേരളത്തിലെ നിര്‍ധനരായ രണ്ടു കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുന്നതിനും, ഫോമായുടെ കടപ്ര ഫോമാ വില്ലേജിന് ഒരു വീട് സംഭാവന ചെയ്യുന്നതിനും, കഴിഞ്ഞത് കാന്‍ജിന്റെ പ്രവര്‍ത്തനങ്ങളിലെ വലിയ ഒരു മുന്നേറ്റമായിരുന്നു.

കൂടാതെ കേരള മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു വീട് നിര്‍മ്മിക്കാനുള്ള തുക നല്‍കിയതും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള സാമ്പത്തിക സഹായം, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെയും, ആവാസ വ്യവസ്ഥയേയും തകര്‍ത്തുകളഞ്ഞ പ്രളയകാലത്ത് കേരളത്തിന് നല്‍കിയ സഹായങ്ങള്‍ തുടങ്ങിയവ ജയിംസിന്റെ കാര്യണ്യമനസ്സിന്റെ വലിയ ഉദാഹരണങ്ങളാണ്. കാന്‍ജിന്റെ ചാരിറ്റി വിഭാഗമായ കാന്‍ജ് കെയേഴ്‌സ്’ എന്ന കണ്‍സപ്റ്റിന് രൂപം കൊടുത്തതും ജെയിംസാണ്.
നിലവില്‍ കാന്‍ജ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്ന ജെയിംസ് ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ബിസിനസ് ഫോറം ചെയര്‍ പേഴ്‌സണ്‍ കൂടിയാണ്. കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ വളരെ വിപുലമായ രീതിയില്‍ മിഡ് അറ്റ്‌ലാന്റിക് റീജിയനു വേണ്ടി രണ്ടു തവണ മീറ്റ് ദി ക്യാന്‍ഡിഡേറ്റ് സംഘടിപ്പിച്ചത് ജെയിംസ് ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്,
ഡോക്ടര്‍ ജേക്കബ് തോമസ് നേത്യത്വം നല്‍കുന്ന മുന്നണിയില്‍ തെരെഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, ഫോമയുടെ നേതൃത്വത്തില്‍ ഒരു ആഗോള വാണിജ്യ മീറ്റ് സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. ലോകത്തെമ്പാടുമുള്ള മലയാളി വ്യവസായികളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന വലിയ വെല്ലുവിളി ലക്ഷ്യം കാണണം.
അന്തര്‍ദ്ദേശീയ വ്യവസായ സമൂഹം കെട്ടിപ്പെടുക്കുന്നതിലൂടെ പരസ്പരം സഹായിക്കുന്നതിനും പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ സ്രോതസ്സുകള്‍ സൃഷ്ഠിക്കുന്നതിനും വഴിയൊരുക്കും. സാധ്യമായാല്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന ഒന്നാണ്. കമ്മ്യൂണിറ്റിക്ക് പരിചയപ്പെടുത്തുന്ന ഐതിഹാസിക വ്യവസായ സംരംഭകരുടെ വിവരങ്ങളും, സംസ്ഥാനതല മലയാളി ബിസിനസ്സ് വിശദാംശങ്ങളും റെഡി റഫറന്‍സിനായി ഫോമാ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും.
അമേരിക്കയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള ഏറ്റവും അര്‍ഹരായവര്‍ക്കായി ഹൈസ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് എന്നതാണ് മറ്റൊരു ആശയം. അര്‍ഹരും മിടുക്കരുമായ പ്രവാസി മലയാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിലൂടെ അവരെ സംഘടനയിലേക്ക് അടുപ്പിക്കുന്നതിനും, വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉറപ്പ് വരുത്തുന്നതിനും കഴിയും. വിദ്യഭാസമുള്ള ഒരു തലമുറയാണ് രാജ്യത്തിന്റെ ഭാവിയുടെ മുതല്‍ക്കൂട്ട്
ഇന്‍ട്രാ – സിറ്റി ക്രോസ് സെക്ടര്‍ കൊളാബറേഷന്‍ ആണ് മറ്റൊരു സ്വപ്നം. കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട ഒരു ജില്ലയോ,നഗരമോ, താലൂക്കോ, ഗ്രാമമോ ആയി അമേരിക്കയിലെ മറ്റൊരു സമാന സ്ഥലത്തെ ഭരണകൂടവുമായി യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചും, പങ്കുവെക്കാവുന്ന അറിവുകളും, സാങ്കേതിക വിനിമയവും പരസ്പരം കൈമാറിയും, പുരോഗതി കൈവരിക്കുക എന്നതാണ് ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യസഭാ എം പി ജോസ് കെ.മാണിയുമായി ഇത് സംബന്ധിച്ച് പ്രാരംഭമായി ചില കൂടിയാലോചനകളും ആശയങ്ങളും പങ്കുവെച്ചിട്ടുണ്ട്. പ്രതീക്ഷകളും സ്വപ്നങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജെയിംസ് പ്രത്യാശിക്കുന്നു.
ജനസേവനത്തിന്റ പുതിയ മാതൃകകള്‍ പ്രവാസിമലയാളികള്‍ക്കിടയില്‍ നടപ്പിലാക്കി കാരുണ്യത്തിന്റെ പാതയില്‍ കോടിക്കണക്കിന് സംഭാവന നല്‍കിയ ഫോമയുടെ ഭാരവാഹിയാകാന്‍ അനുയോജ്യനായ, കാരുണ്യത്തിന്റെ വറ്റാത്ത ഹൃദയമുള്ള സ്ഥാനാര്‍ത്ഥിയാണ് ജെയിംസ് ജോര്‍ജ്ജ്.
പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡോക്ടര്‍ ജേക്കബ് തോമസിനൊപ്പം ഓജസ് ജോണ്‍ (ജനറല്‍ സെക്രട്ടറി), ബിജു തോണിക്കടവില്‍ (ട്രഷറര്‍) സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്) ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി), ജെയിംസ് ജോര്‍ജ് ((ജോയിന്റ് ട്രെഷറര്‍) എന്നിവരാണ് ഫ്രണ്ട്സ് ഓഫ് ഫോമാ എന്ന പാനലില്‍ ഫോമാ 2024 എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നത്.
ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ ഞങ്ങള്‍ എവരെയും തിരഞ്ഞെടുക്കണമെന്ന് ജെയിംസ് ജോര്‍ജ് അഭ്യര്‍ഥിച്ചു.
വാര്‍ത്ത : ജോസഫ് ഇടിക്കുള.