വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസിൽ ഐസലേഷനിൽ കഴിയുന്ന അദ്ദേഹം തന്റെ ചുമതലകൾ എല്ലാം നിർവഹിക്കുമെന്ന് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണമായും വക്സീൻ സ്വീകരിച്ച ബൈഡൻ രണ്ടു തവണ ബൂസ്റ്റർ ഡോസും എടുത്തിട്ടുണ്ട്. നേരിയ രോഗലക്ഷണങ്ങൾ ഉള്ള ബൈഡനെ ചികിത്സയ്ക്ക് വിധേയനാക്കിയതായി കരീൻ ജീൻ പിയറി വ്യക്തമാക്കി.
വൈറ്റ് ഹൈസ് ജീവനക്കാരുമായി ഫോണിൽ അദ്ദേഹം ബന്ധപ്പെട്ടിരുന്നതായും, നേരത്തെ നിശ്ചയിച്ചിരുന്ന മീറ്റിങ്ങുകളിൽ ഓൺലൈനായും ഫോണിലൂടെയും ബൈഡന്‍ പങ്കെടുത്തിരുന്നതായും പ്രസ് സെക്രട്ടറി വ്യക്തമാക്കി.
ബുധനാഴ്ച്ച വൈകിട്ട് മൂക്കൊലിപ്പും ക്ഷീണവും വരണ്ട ചുമയും ഉണ്ടായിരുന്ന ബൈഡനു വ്യാഴാഴ്‌ച രാവിലെയാണ് പി സി ആർ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചത്. ബൈഡൻ സുഖമായിരിക്കുന്നുവെന്നു പ്രഥമ വനിത ജിൽ ബൈഡൻ അറിയിച്ചു. തന്റെ ജോലികൾ തുടരുമെന്നും അവർ അറിയിച്ചു. ബൈഡനു രോഗം സ്ഥിരീകരിച്ചു അര മണിക്കൂർ കഴിഞ്ഞാണ് അവർ ഡെട്രോയിറ്റിലെ ഒരു പബ്ലിക് സ്കൂൾ സന്ദർശിക്കവെ അവർ മാധ്യമങ്ങളോട് സംസാരിച്ചത്.
ജിൽ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും പരിശോധനകളിൽ നെഗറ്റീവായി. ഇരുവരും മാസ്‌ക് ധരിക്കുന്നുണ്ട്.
ബൈഡന്റെ രോഗലക്ഷണങ്ങൾ കടുത്തതല്ലെന്നു അദ്ദേഹത്തിന്റെ ഡോക്ടർ കെവിൻ ഓ’ കോണർ പറഞ്ഞു. കോവിഡിനു പാക്സ്ലോവിഡ് തുടങ്ങിയതിനാൽ ഹൃദയാരോഗ്യത്തിനുള്ള എലിക്വിസ് നിർത്തി — അതു മൂലം രക്തം കട്ട പിടിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും.
പാക്സ്ലോവിഡ് കഴിക്കുമ്പോൾ അഞ്ചു ദിവസത്തേക്ക് ആ മരുന്നുകൾ നിർത്തണമെന്നാണു നിയമമമെന്നു വൈറ്റ് ഹൗസ് കൊറോണവൈറസ് കോ-ഓർഡിനേറ്റർ ഡോക്ടർ ആശിഷ് ജാ പറഞ്ഞു. കൊളെസ്ട്രോൾ കുറയ്ക്കാനുള്ള ക്രെസ്റ്റോറും നിർത്തി. രക്തം കട്ട പിടിക്കാനുള്ള സാധ്യതയെപ്പറ്റി അദ്ദേഹം സംസാരിച്ചില്ല.
എന്നാൽ അഞ്ചു ദിവസം നിർത്തി വച്ച ശേഷം എലിക്വിസും ക്രെസ്റ്റോറും വീണ്ടും കഴിച്ചു തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. അത് പതിവുള്ള രീതിയാണ്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകൾ പാക്സ്ലോവിഡുമായി പൊരുത്തപ്പെടില്ല.
1988 ൽ ബൈഡനു തലച്ചോറിലെ രക്തദാഹമാണി വീർക്കുന്ന അസുഖം ഉണ്ടായി. അത്തരം പ്രശ്ങ്ങളൂം പക്ഷാഘാതവും ഒഴിവാക്കാനാണ് എലിക്വിസ് കഴിച്ചിരുന്നത്.
വ്യാഴാഴ്ച വൈറ്റ് ഹൌസ് ബാൽക്കണിയിൽ നിന്നു വീഡിയോ എടുത്തു ബൈഡൻ ട്വീറ്റ് ചെയ്തു: “ഞാൻ രണ്ടു കുത്തിവയ്പ് എടുത്തതാണ്. രണ്ടു ബൂസ്റ്ററും. നിങ്ങളുടെ അന്വേഷണങ്ങൾക്കു നന്ദി. എനിക്ക് പ്രശ്നമൊന്നുമില്ല. ഒട്ടേറെ ജോലികൾ ചെയ്യുന്നുണ്ട്.”
യു എസിൽ 70 ശതമാനത്തോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നു ആശിഷ് ജാ പറഞ്ഞു. പുതിയ ഒമൈക്രോൺ വകഭേദം എത്ര വേഗത്തിൽ വ്യാപിക്കുന്നു എന്നതിന്റെ തെളിവാണിത്. അത് കൊണ്ട് 50 കഴിഞ്ഞവർ ഉടൻ കുത്തിവയ്ക്കണം.