ചെറിയാന്‍ മഠത്തിലേത്ത്
ഹൂസ്റ്റണ്‍: എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും കൂട്ടായ്മയായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ കഴിഞ്ഞ പ്രതിമാസ മീറ്റിങ്ങില്‍, ‘മണി ഗ്രോത്ത് ഓര്‍ ഇന്‍ഫ്‌ളേഷന്‍’ (സാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പവും) എന്ന പ്രസക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്തു. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി, ട്രറര്‍ മറ്റ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
നാണയത്തിന്റെ മൂല്യത്തകര്‍ച്ച മൂലം ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിലുണ്ടായ ദീര്‍ഘകാല വര്‍ദ്ധനവാണല്ലോ പണപ്പെരുപ്പം. വ്യക്തികളുടെ വരുമാനത്തില്‍ വേണ്ടത്ര പൊരുത്തപ്പെടാത്ത അപ്രതീക്ഷിത പണപ്പെരുപ്പം അനുഭവിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ലളിതമായി പറഞ്ഞാല്‍, ലഭ്യമായ പണവുമായി താരതമ്യം ചെയ്യുമ്പോള്‍ കാലങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന വിലക്കയറ്റമാണ് പണപ്പെരുപ്പം.
ഒരു നിശ്ചിത തുക കൊണ്ട് ചില വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മങ്ങള്‍ വാങ്ങിയ ഒരു വസ്തു ഇപ്പോള്‍ വാങ്ങുമ്പോള്‍ അതിന്റെ വില ഉയര്‍ന്നിട്ടുണ്ടായിരിക്കും. അതായത് ഒരു നിശ്ചിത കാലയളവില്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ വരുന്ന വര്‍ധനയാണ് പണപ്പെരുപ്പമായി കണക്കാക്കുന്നത്. ഇത് ജീവിതച്ചെലവ് കൂട്ടുന്നു.
ചരക്കുകളുടെയും സേവനങ്ങളുടെയും വിലകളുടെ പൊതുനിലവാരം ഉയരുകയും, തല്‍ഫലമായി, കറന്‍സിയുടെ വാങ്ങല്‍ ശേഷി കുറയുകയും ചെയ്യുന്ന നിരക്കാണ് പണപ്പെരുപ്പം. സാധനങ്ങളുടെ വിലയ്ക്കൊപ്പം വരുമാനം വര്‍ദ്ധിക്കുന്നില്ലെങ്കില്‍, എല്ലാവരുടെയും വാങ്ങല്‍ ശേഷി ഫലപ്രദമായി കുറയുന്നു, ഇത് സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുകയോ സ്തംഭനാവസ്ഥയിലാക്കുകയോ ചെയ്യും.
മണി ഗ്രോത്തും ഇന്‍ഫ്‌ളേഷനും സാങ്കേതികാര്‍ത്ഥത്തില്‍ രണ്ട് വിഷയങ്ങളാണെന്ന് ജോണ്‍ കുന്തറ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ വിവിയോഗത്തില്‍ വരുന്ന അനിയന്ത്രിതമായ വര്‍ധനവ്, കറന്‍സിയുടെ അച്ചടിക്കല്‍, കോവിഡും സ്റ്റിമുലസ് ചെക്കുകളും, ഇന്ധന ഉല്‍പാദനത്തിലെ കുറവ്, ഉക്രൈന്‍ യുദ്ധം തുടങ്ങിയവ ഇപ്പോഴത്തെ നാണ്യപ്പെരുപ്പത്തിന് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
നാണ്യപ്പെരുപ്പത്തിന്റെ വിപരീതാവസ്ഥയാണ് ഡിഫ്‌ളേഷന്‍ അഥവാ നാണയച്ചുരുക്കം. വിലകള്‍ അമിതമായി ഉയരുകയാണെങ്കില്‍, അത് താഴേണ്ടത് അനിവാര്യമാണ്. വിലനിലവാരത്തില്‍ ഇങ്ങനെയുണ്ടാകുന്ന താഴ്ച സമൂഹത്തിന് ഗുണകരമാവുന്നതോടൊപ്പം ഉത്പാദനത്തിലോ തൊഴിലിലോ ഒരു കുറവും ഉണ്ടാവുകയില്ല. അതുകൊണ്ട് പണപ്പെരുപ്പം മൂലം വിലകള്‍ വര്‍ധിക്കുമ്പോള്‍, തൊഴിലില്ലായ്മക്കിടവയ്ക്കാതെ അവ കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഈ പ്രക്രിയ നാണയച്ചുരുക്കത്തിലൂടെയാണ് മിക്കപ്പോഴും സാധിക്കുന്നതെന്ന് ജോണ്‍ കുന്തറ വ്യക്തമാക്കി.
നാണയപ്പെരുക്കത്തില്‍ പണവരുമാനങ്ങള്‍ വര്‍ധിക്കുമ്പോള്‍ നാണയച്ചുരുക്കത്തില്‍ പണവരുമാനങ്ങള്‍ താഴുന്നുവെന്ന് എ.സി ജോര്‍ജ് ചൂണ്ടിക്കാട്ടി. നാണയച്ചുരുക്കവും അതുമൂലമുണ്ടാകുന്ന വിലയിടിവും സമ്പദ്വ്യവസ്ഥയില്‍ പല മാറ്റങ്ങളും സൃഷ്ടിക്കുന്നു. പണച്ചുരുക്കവും വിലയിടിവും ദോഷകരമാണ്. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള അമിതമായ ആവശ്യം മൂലം ലോകത്ത് ഉല്‍പ്പന്നങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പത്തിനും പണച്ചുരുക്കത്തിനും ചരിത്രപരമായ പശ്ചാത്തലമുണ്ടെന്ന് ടി.ജെ ഫിലിപ്പ് അഭിപ്രായപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ നാണ്യപ്പെരുപ്പത്തെ ഉദാഹരണമായെടുക്കാം. അക്കാലത്ത് നാണ്യപ്പെരുപ്പം 20 ശതമാനത്തോളം ഉയര്‍ന്നു. എന്നാല്‍ ഇകഴിഞ്ഞ ഏപ്രില്‍ മാസത്തെ അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് എട്ട് ശതമാനമാണ്.
എല്ലാവരും തങ്ങളുടെ സേവനത്തിനും ഉല്‍പ്പന്നങ്ങള്‍ക്കും കൂടുതല്‍ പണം ആവശ്യപ്പെടുന്നു. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് അവര്‍ക്കിതെല്ലാം ലഭിക്കുകയും വേണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സാമ്പത്തിക വിനിമയത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ പലബാഗത്തും പണപ്പെരുപ്പം ഉയര്‍ന്ന തലത്തിലാണ്. ഉപഭോക്ത്തൃ സംസ്ഥാനമായ കേരളത്തില്‍ വിലവര്‍ധനയെന്നത് നിത്യ പ്രതിഭാസവുമാണ്.
എഴുപതുകളില്‍ ഏറ്റവും കുറഞ്ഞ വേതനം അഥവാ മിനിമം വേതനം രണ്ട് ഡോളറായിരുന്നുവെങ്കില്‍ ഇപ്പോഴത് 10 മുതല്‍ 15 ഡോളര്‍ വരെയാണ്. അതേസമയം ഉല്‍പാദനവും വര്‍ധിക്കുകയുണ്ടായി. പണപ്പെരുപ്പമില്ലാതെ വളര്‍ച്ചയില്ല. പക്ഷേ ഇത് നിയന്ത്രിക്കേണ്ടതുമാണ്.
കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഈ ജൂണ്‍ മാസ യോഗത്തില്‍ ഡോ. മാത്യു വൈരമണ്‍, ജോണ്‍ കുന്തറ, എ.സി ജോര്‍ജ്, ടി.ജെ ഫിലിപ്പ് എന്നിവര്‍ക്ക് പുറമെ മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, മാത്യു മത്തായി, ജോസഫ് തച്ചാറ, ചെറിയാന്‍ മഠത്തിലേത്ത്, ശ്രീകുമാര്‍ മേനോന്‍, തോമസ് വര്‍ഗീസ് കളത്തൂര്‍, റവ. തോമസ് അമ്പലവേലില്‍ അച്ചന്‍ എന്നിവരും പങ്കെടുത്തു. വൈകിട്ട് 6 മണിക്ക് സമാപിച്ച് യോഗത്തില്‍ മാത്യു മത്തായി നന്ദി രേഖപ്പെടുത്തി.