Thursday, March 28, 2024

HomeAmerica'സമൂഹത്തില്‍ വിശ്വാസാതീതമായ മതസ്വാധീനം': കേരള റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച സജീവമായി

‘സമൂഹത്തില്‍ വിശ്വാസാതീതമായ മതസ്വാധീനം’: കേരള റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച സജീവമായി

spot_img
spot_img

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും ഹൂസ്റ്റണിലെ ആദ്യത്തെ മലയാളി കൂട്ടായ്മയായ, കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ജൂലൈ 24-ാം തീയതി നടന്ന പ്രതിമാസ മീറ്റിങ്ങില്‍, ‘സമൂഹത്തില്‍ വിശ്വാസാതീതമായ മതസ്വാധീനം’ എന്ന വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ച ക്രിയാത്മകവും സജീവവുമായി.

റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സംഘടനയുടെ മുതിര്‍ന്ന അംഗവും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ കെ.സി വര്‍ഗീസ് ചിറ്റാറിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

ഇക്കൊല്ലത്തെ ഫൊക്കാന സാഹിത്യ അവാര്‍ഡ് കരസ്ഥമാക്കിയ കുര്യന്‍ മ്യാലില്‍, ജോണ്‍ മാത്യു എന്നിവരെ യോഗത്തില്‍ അനുമോദിക്കുകയുണ്ടായി. തുടര്‍ന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍, സെക്രട്ടറി, ട്രഷറര്‍ വിവിധ കമ്മിറ്റി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

യോഗം ചര്‍ച്ചയ്‌ക്കെടുത്ത വിഷയത്തിലെ മതവും വിശ്വാസവും എക്കാലത്തെയും സെന്‍സിറ്റീവായ ഒന്നാണ്. മതം എന്ന പദത്തിനര്‍ത്ഥം മനുഷ്യനെ ഒന്നിപ്പിക്കുന്നത് എന്നാണ്. ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ പഠനങ്ങളിലോ പ്രവാചകന്റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകള്‍ പിന്തുടരുന്ന ആചാരങ്ങള്‍ ജീവിതക്രമങ്ങള്‍ ആരാധനാ രീതികള്‍ എന്നിവയെ പദമാണ് മതം എന്ന് പൊതുവേ പറയാം.

മനുഷ്യര്‍ അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങള്‍ ഒരു ദൈവത്തിലോ പല ദേവതകളിലോ വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദേവതകളോടോ പുണ്യാളന്‍മാരിലോ ഉള്ള ആരാധനയും നിഷ്‌കര്‍ഷിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളില്‍ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിര്‍ദ്ദേശിക്കുന്നു.

ഭൂമിയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ കണ്ടുവരുന്ന ദൈവവിശ്വാസങ്ങളും വ്യത്യസ്തമാണ്. ഇവ പ്രദേശികവുമാണ്. രോഗം, അപകടം തുടങ്ങിയ നിസ്സഹായ അവസ്ഥയിലും മറ്റു ചിലര്‍ സ്വര്‍ഗമോഹം-പറുദീസാ, നരകഭയം, മോക്ഷം, പരമപദപ്രാപ്തി, നിര്‍വാണം, ആഗ്രഹലഭ്ധി തുടങ്ങിയവക്ക് വേണ്ടിയും ദൈവത്തെ ആരാധിക്കാറുണ്ട്. മതവിശ്വാസത്തിന്റെ അഭാവമോ, നിരാസമോ, അതിനോടൂള്ള താത്പര്യക്കുറവോ, വിദ്വേഷമോ ആണ് മതരാഹിത്യം. മതരാഹിത്യം നിര്‍ബന്ധമായും നിരീശ്വരവാദപരമാകണമെന്നില്ല. ഈശ്വര വിശ്വാസത്തിലധിഷ്ടിതമായ മതരാഹിത്യവും സാധ്യമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ അധികാര, വരേണ്യ വര്‍ഗങ്ങള്‍ മതത്തിനുമേല്‍ സ്വാധീനം പുലര്‍ത്തുകയും മതസ്ഥാപനങ്ങള്‍ കൈയടക്കിവയ്ക്കുകയും ചെയ്യുമ്പോള്‍ പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും മതത്തെയും ബന്ധപ്പെട്ട പ്രസ്ഥാനങ്ങളെയും തങ്ങളുടെ അഭയസങ്കേതങ്ങളായാണ് കാണുന്നതെന്ന അഭിപ്രായവും ഉയര്‍ന്നു. മതമാണ് ആത്യന്തിക സത്യം എന്ന് ബഹുഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. തല്‍ഫലമായി മതസംഘടനകള്‍ തഴച്ചുവളരുന്നു. അതേസമയം, ഫ്യൂഡലിസം അഥവാ നാടുവാഴിത്ത വ്യവയ്ഥിതിയിന്‍മേലാണ് മതത്തിന്റെ സാമൂഹികാടിത്തറ കെട്ടിപ്പൊക്കിയതെന്ന വാദവും ചര്‍ച്ചയില്‍ കേട്ടു.

ദൈവഭക്തിയും വിശ്വാസവും രണ്ട് കാര്യങ്ങളാണ്. ഭയത്തില്‍ ഊന്നിയുള്ളതാണ് ഭക്തി. ദൈവഭയമുള്ളവരായി ജീവിക്കണം എന്ന ഉപദേശം തന്നെയുണ്ടല്ലോ. വിശ്വാസത്തെപ്പറ്റി പറയുകയാണെങ്കില്‍ അത് സത്യമാകാം അസത്യമാകാം. അതിനോടുള്ള മനോഭാവമാണ് വിശ്വാസമെന്ന് പറയുന്നത്. ദൈവപുത്രനായ യേശു ക്രിസ്തുവും ശ്രാനാരായണ ഗുരു, മഹാത്മാ ഗാന്ധി തുടങ്ങിയ പുണ്യാത്മാക്കളായവരും വിശ്വാസം കാത്തുസൂക്ഷിക്കുകയും അതുവഴി സമൂഹത്തില്‍ കഷ്ടതയും വേദനയും അനുഭവിക്കുന്നവര്‍ക്ക് എങ്ങനെ കൈത്താങ്ങാകുവാന്‍കഴിയുമെന്നും അവരുടെ ജീവിതത്തിലൂടെ കാട്ടിത്തന്നു.

മതവും വിശ്വാസവും പണത്തിന് അതീതമാണ്. വലിയ സാമ്പത്തിക നിക്ഷേപങ്ങളും ഫിക്‌സഡ് ഡിപ്പോസിറ്റുകളും സ്റ്റോക്ക് മാര്‍ക്കറ്റ് ഷെയറുകള്‍ വാങ്ങലും ഒന്നും മതത്തിന് പറഞ്ഞിട്ടുള്ളതല്ല. പണം സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഇന്നത്തെ മതങ്ങളും മതസംഘടനകളും പണത്തിന്റെ വിളനിലങ്ങളാണ്. പണം കൊയ്യാനുള്ള വ്യഗ്രതയില്‍ വിശ്വാസം അകന്നുപോകുന്നുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ലെന്ന അഭിപ്രായവും ചര്‍ച്ചയില്‍ പങ്കുവയ്ക്കപ്പെട്ടു.

മതവും രാഷ്ട്രീയവും മനുഷ്യര്‍ക്ക് വേണ്ടിയാണെങ്കിലും ഇവ രണ്ട് വഴിക്ക് പോകേണ്ടവയാണ്. എന്നാല്‍ മതം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുവെന്ന വിലാപം നാം കേള്‍ക്കാറുണ്ട്. തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം തന്നെ ഇപ്പോള്‍ ജാതി, മതാടിസ്ഥാനത്തിലാണ്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ സംഘടനകള്‍ തന്നെയുണ്ടല്ലോ. സമൂഹത്തില്‍ വിശ്വാസാതീതമായ മതസ്വാധീനത്തിന്റെ ഉദാഹരണമാണ് ഇത്തരം പാര്‍ട്ടികളും ജാതി നോക്കിയുള്ള വോട്ട്ബാങ്ക് രാഷ്ട്രീയവും.

മതം വ്യക്തിയുടെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കേണ്ടതാണ്. അത് ആലംബഹീനരുടെ ഊന്നുവടിയും അശരണരുടെ ആശാകേന്ദ്രവുമാണ്. എന്നാല്‍ രാഷ്ട്രീയം ജനങ്ങളുടെ ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാനുള്ളതാണ്. ചര്‍ച്ചയില്‍ കേട്ട മറ്റൊരഭിപ്രായം, വ്യക്തികള്‍ മതത്തിലെ കെട്ടുകഥകളില്‍ വിശ്വസിക്കാതെ യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ശാസ്ത്രീയമായി ചിന്തിക്കണമെന്നാണ്. ഇതിനായി അറിവ് സമ്പാദിച്ച് വളരണം.

കേരള റൈറ്റേഴ്‌സ് ഫോറം 34-ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുകയാണെന്ന് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. സ്റ്റാഫോര്‍ഡിലെ കേരള കിച്ചണ്‍ റസ്റ്റോറന്റില്‍ സെപ്റ്റംബര്‍ 17-ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 2.30 വരെ നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ സാഹിത്യ സമ്മേളനം, റൈറ്റേഴ്‌സ് ഫോറം സമാഹാര പ്രകാശനം, ഓണാഘോഷം, പുസ്തക പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും സംഘാടകനുമായ ഈശോ ജേക്കബിന്റെ പേരില്‍ ഒരു സുവനീര്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഇതിലേയ്ക്ക് റൈറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ സൃഷ്ടികള്‍ നല്‍കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഈ യോഗത്തില്‍ ഡോ. മാത്യു വൈരമണ്‍, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, മാത്യു മത്തായി, ജോസഫ് തച്ചാറ, ചെറിയാന്‍ മഠത്തിലേത്ത്, ശ്രീകുമാര്‍ മേനോന്‍, എ.സി ജോര്‍ജ്, ടി.ജെ ഫിലിപ്പ്, തോമസ് വര്‍ഗീസ് കളത്തൂര്‍, റവ. തോമസ് അമ്പലവേലില്‍ അച്ചന്‍ എന്നിവരും പങ്കെടുത്തു. വൈകിട്ട് 6 മണിക്ക് സമാപിച്ച് യോഗത്തില്‍ മാത്യു മത്തായി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments