ഷാജീ രാമപുരം
ന്യുയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെക്‌സിക്കോ രാജ്യത്തെ വടക്ക്കിഴക്കന്‍ പ്രദേശമായ തമൗലിപാസ് ജില്ലയില്‍ മറ്റമോറോസ് സിറ്റിയില്‍ പണികഴിപ്പിച്ച കൊളോണിയ മാര്‍ത്തോമ്മ സെന്ററിലുള്ള ദേവാലയത്തില്‍ വെച്ച് നാളെ (ജൂലൈ 30-ശനിയാഴ്ച്ച) മാര്‍ത്തോമ്മ കണ്‍വെന്‍ഷന് തുടക്കം കുറിക്കും.
മാര്‍ത്തോമ്മ സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മെക്‌സിക്കോ രാജ്യത്ത് തദ്ദേശീയര്‍ക്കായി തദ്ദേശ ഭാഷയില്‍ ഇപ്രകാരം കണ്‍വെഷന്‍ ക്രമീകരിക്കുന്നത്. പ്രമുഖ സ്പാനിഷ് കണ്‍വെന്‍ഷന്‍ പ്രഭാഷകയും, സാമൂഹ്യ പ്രവര്‍ത്തകയുമായ ജ്യുവനി മറിയോ മുഖ്യ സന്ദേശം നല്‍കും.

നാം ക്രിസ്തുവില്‍ ഒരു ശരീരം എന്ന ബൈബിള്‍ വാക്യത്തെ അധികരിച്ച് ജൂലൈ 30,31 തീയതികളിലാണ് (ശനി,ഞായര്‍) വചനഘോഷണം നടത്തപ്പെടുന്നത്. എല്ലാദിവസവും രാവിലെ10.30 ന് ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ സ്പാനിഷ് ഭാഷയില്‍ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.
ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഭയുടെ മെക്‌സിക്കോ മിഷന്റെ മിഷനറിയും, ഹ്യുസ്റ്റണ്‍ സെന്റ്.തോമസ് മാര്‍ത്തോമ്മ ഇടവക വികാരിയും ആയ റവ.സോനു വര്‍ഗീസ് , മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ടി എബ്രഹാം, പ്രാക്ടിക്കല്‍ ട്രെയ്‌നിംഗ് വിദ്യാര്‍ഥിയായ ആകാശ് ഡി.മാത്യു എന്നിവരാണ് കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഈ പ്രദേശത്ത് വസിക്കുന്നതായ മത്സ്യതൊഴിലാളികളായവരെ മാനസികപരമായും, സാമൂഹികപരമായും, ആരോഗ്യപരമായും, വിദ്യാഭ്യാസപമായും മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഭദ്രാസനം 2003 ല്‍ ആരംഭിച്ച പ്രോജക്ട് ആണ് മെക്‌സിക്കോ മിഷന്‍ പ്രവര്‍ത്തനം.