Thursday, March 28, 2024

HomeAmericaകൂടെ വേണം ചങ്ങതിക്കൂട്ടം; ഇന്ന് ലോക സൗഹൃദ ദിനം

കൂടെ വേണം ചങ്ങതിക്കൂട്ടം; ഇന്ന് ലോക സൗഹൃദ ദിനം

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ഇന്നാണ് ലോക സൗഹൃദ ദിനം. ഇന്ത്യയില്‍ സൗഹൃദ ദിനം ഹൃദയപൂര്‍വം ആഘോഷിക്കുന്നത് ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ്. വ്യക്തികള്‍തമ്മിലുള്ള ഊഷ്മള ബന്ധമാണ് സൗഹൃദം. മനുഷ്യന്‍ഒരു സാമൂഹ്യജീവിയെന്ന നിലക്ക് നല്ല സൗഹൃദ ബന്ധങ്ങള്‍ ജീവിതത്തില്‍ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു. കൊച്ചുകുട്ടികളില്‍ നിന്ന് തുടങ്ങി വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്നവര്‍ക്ക് വരെ സുഹൃദ്ബന്ധങ്ങള്‍ ഒഴിച്ചു കൂടാനാവാത്തത് അതു കൊണ്ടാണ്.

പുരുഷന്മാര്‍ പരസ്പരവും സ്ത്രീകള്‍ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. ചെറിയ പുഞ്ചിരിയില്‍ നിന്ന് തുടങ്ങുന്ന ബന്ധങ്ങള്‍ ചിലരിലെങ്കിലും ഒരിക്കലും വേര്‍പ്പെടുത്താനാവാത്ത വിധം രൂഢമൂലമാവാറുണ്ട്. എല്ലാത്തിലും മിതത്വം അനിവാര്യമാണെന്ന പോലെ സൗഹൃദങ്ങളിലും ഇത് സ്വീകരിക്കുന്നത് ഉറച്ച സൗദൃദത്തിന് നല്ലതാണ്.

ഒരിക്കലും വിലമതിക്കാനാവാത്തതാണ് സൗഹൃദം. തളര്‍ന്നു വീഴുമ്പോഴും താങ്ങായി എത്തുന്നവര്‍, നഷ്ടങ്ങള്‍ നോക്കാതെ ഒപ്പം നില്ക്കുന്നവര്‍…ഇവരെല്ലാം നമുക്ക് തരുന്ന മാനസികോന്മേഷം ചില്ലറയല്ല. തെറ്റ് കാണുമ്പോള്‍ തിരുത്താന്‍ ശക്തമായ, ജീവിതത്തില്‍ നല്ലത് സംഭവിക്കുമ്പോള്‍ മനസ്സു തുറന്ന് നമ്മെ അനുഗ്രഹിച്ച് ആശീര്‍വദിക്കുന്ന സുഹൃത്തുക്കള്‍ തന്നെയാണ് നമ്മുടെ ജീവിതത്തിന് ബലം നല്കുന്നത്.

നമ്മള്‍ നല്ല സുഹൃത്താകുമ്പോള്‍ മാത്രമാണ് നമുക്കും നല്ല സുഹൃത്തുക്കളെ ലഭിക്കുക. ആത്മാവിനോട് ചേര്‍ന്ന് നില്ക്കുന്ന സൗഹൃദങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വിരലിലെണ്ണാവുന്നത് മാത്രമായിരിക്കും. എല്ലാം പറയുന്ന, എന്തും പറയാവുന്ന നമ്മുടെ ഹൃദയം പൊട്ടിച്ച് അകത്തു കയറിയ വളരെ ചുരുക്കം ചിലര്‍ നമുക്കുണ്ടാകും. അവര്‍ ഒരിക്കല്‍ പോലും നമ്മളെയോ നമ്മള്‍ ഒരിക്കല്‍ പോലും അവരെയോ വേദനിപ്പിക്കില്ല, കാരണം അത്തരം സൗഹൃദങ്ങള്‍ പരസ്പര പൂരകമായിരിക്കും.

ശക്തമുള്ളതും ആഴത്തിലുള്ളതുമായ സൗഹൃദം കൗമാരക്കാരില്‍ മാനസികാരോഗ്യമേകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഉത്കണ്ഠ, സാമൂഹികമായ അംഗീകാരം, വിഷാദ ലക്ഷണങ്ങള്‍ തുടങ്ങി നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സൗഹൃദം പരിഹാരമാകും. വിര്‍ജീനിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കൗമാരപ്രായത്തിലെ സൗഹൃദം, ദീര്‍ഘ കാലത്തേക്കുള്ള മാനസികവും വൈകാരികവുമായ ആരോഗ്യത്തിന്റെ സൂചനയാണെന്നു കണ്ടു. നല്ല സുഹൃത്തുക്കളുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കാലം കഴിയുന്തോറും മാനസികാരോഗ്യവും മെച്ചപ്പെടുന്നതായി മനസിലാക്കി. 169 കൗമാരക്കാരില്‍ പത്തുവര്‍ഷം നീണ്ട പഠനം നടത്തി. അവര്‍ക്ക് 15 വയസ്സ് ആയപ്പോള്‍ തുടങ്ങിയ പഠനം 25 വരെ നീണ്ടു.

വര്‍ഗം, വര്‍ണം, സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍ ഇവയെല്ലാം വ്യത്യസ്തമായവര്‍ക്കിടയിലാണ് പഠനം നടത്തിയത്. 29 ശതമാനം പേര്‍ ആഫ്രിക്കന്‍ അമേരിക്കനും 58 ശതമാനം പേര്‍ കോക്കേഷ്യനും. എട്ട് ശതമാനം പേര്‍ മിശ്ര വര്‍ഗത്തില്‍ പെട്ടവരുമായിരുന്നു. ഇവരുടെ കുടുംബവരുമാനം 40,000 ഡോളര്‍ മുതല്‍ 59,999 ഡോളര്‍ വരെയാണ്. 15 വയസ്സില്‍ ആഴമുള്ള സൗഹൃദം ഉള്ള കുട്ടിക്ക് 25 ആകുമ്പോഴേയ്ക്കും സാമൂഹ്യ ഉത്കണ്ഠ വളരെ കുറവായിരിക്കും. കൂടാതെ വിഷാദ ലക്ഷണങ്ങളും ഇവരില്‍ കുറവായിരിക്കുമെന്ന് വ്യക്തമായി.

എന്നാല്‍ ആഴമുള്ള സൗഹൃദം ഇല്ലാതിരിക്കുന്നവരില്‍ മാനസികാരോഗ്യം അത്ര മികച്ചതായിരുന്നില്ലത്രേ. ജീവിതത്തിലെ ഒരു ഘട്ടത്തില്‍ അതായത് വ്യക്തിത്വം വികസിക്കുന്ന ഘട്ടത്തില്‍ സുഹൃത്തുക്കളുമൊത്തുള്ള നല്ല അനുഭവങ്ങള്‍, നല്ല ചിന്തകളും അവനവനെക്കുറിച്ചു തന്നെ നല്ല തോന്നലുകളും ഉണ്ടാക്കുന്നതുകൊണ്ടാകാം ഈ മാറ്റമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

അതേസമയം കാലത്തിനൊപ്പം മാറ്റത്തിലേയ്ക്ക് ചുവടുവെച്ചതോടെ ഫ്രണ്ട്ഷിപ്പ് ഡേയും അടിമുടി പുത്തനായിട്ടുണ്ട്. ആശംസാ കാര്‍ഡുകളില്‍ നിന്ന് ആശംസകള്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നുതുടങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേയ്ക്കും ഇന്‍സ്റ്റന്റ് ആപ്ലിക്കേഷനുകളിലേക്കും പൂര്‍ണ്ണമായി മാറുകയും ചെയ്തു. സൗഹൃദങ്ങളെ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ളവര്‍ ഒത്തുചേര്‍ന്നും ഓര്‍മകള്‍ പങ്കുവെച്ചും ആഘോഷങ്ങളില്‍ പങ്കുചേരും. ഫ്രണ്ട്ഷിപ്പ് ആഘോഷിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ആവശ്യമില്ലെങ്കിലും എല്ലാ ദിനങ്ങളേയും പോലെ ഫ്രണ്ട്ഷിപ്പ് ഡേയും വിപണി കയ്യടക്കിക്കഴിഞ്ഞതോടെ വിപണിയിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് ആഘോഷങ്ങള്‍ക്ക് നിറം പകരുന്നത്.

ഓര്‍മവെച്ച നാള്‍ മുതല്‍ കൈചേര്‍ത്തുപിടിച്ച് കൂടെ നിന്നവരാണ് വര്‍ഷങ്ങള്‍ പിന്നിട്ടാലും ഓര്‍മകളില്‍ സുഹൃത്തുക്കളുടെ സിംഹാസനങ്ങളില്‍ എപ്പോഴും ഇടംപിടിക്കുക. ചിരിപ്പിച്ചും, നോവിച്ചും അതിലേറെ കലഹിച്ചും ഓര്‍മകളുടെ ഗ്രാഫില്‍ അടയാളപ്പെടുത്തിയവരെ ലോകത്തിന്റെ ഏത് കോണിലായാലും ഓര്‍ക്കുന്ന ദിനങ്ങളില്‍ ഒന്നുമാത്രമായിരിക്കും സ്മാര്‍ട്ട് ഫോണ്‍ കയ്യടക്കിക്കഴിഞ്ഞ പുതുതലമുറയുടെ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങള്‍.

ഹാള്‍മാര്‍ക്ക് കാര്‍ഡിലെ ജോയ്‌സ് ഹോളാണ് ഫ്രണ്ട്ഷിപ്പ് 1930ല്‍ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പരാഗ്വേ ഉള്‍പ്പെടെയുള്ള സൗത്ത് അമേരിക്കന്‍ രാജ്യങ്ങളും ആഗസ്റ്റിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്. 2011 ഏപ്രില്‍ 27ന് ജൂണ്‍ 30 ലോക ഫ്രണ്ട്ഷിപ്പ് ഡേയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 1935ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് എല്ലാവര്‍ഷവും ആഗസറ്റിലെ ആദ്യത്തെ ഞായറാഴ്ച ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പ്രഖ്യാപനം പുറത്തിറക്കി.

കോഫി അന്നന്‍ 1997ല്‍ ഐക്യരാഷ്ട്ര സഭയുടെ തലവനായിരിക്കെയാണ് പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രം ‘വിന്നീ ദ പൂ’ വിനെ ഫ്രണ്ട്ഷിപ്പ് ദിനത്തിന്റെ ബ്രാന്‍ഡ് അംബാസഡാഫറായി യു.എന്‍ പ്രഖ്യാപിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയാണ് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങള്‍ക്കുള്ള തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് ഇന്ത്യയുള്‍പ്പെടെ പല ലോക രാജ്യങ്ങളും ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച തന്നെ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്.

ലോകത്ത് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത് പല ദിനങ്ങളിലായാണ് എന്നതാണ് ഇത് സംബന്ധിച്ച് രസകരമായ ഒരു കാര്യം. 1958ല്‍ വേള്‍ഡ് ഫ്രണ്ട്ഷിപ്പ് ക്രൂസേഡാണ് ജൂലൈ 30ന് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. പിന്നീട് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയാണ് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങള്‍ക്കുള്ള തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒബെര്‍ലിന്‍, ഒഹിയോ തുടങ്ങിയ രാജ്യങ്ങള്‍ ഏപ്രില്‍ എട്ടിനാണ് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്.

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ എന്നീ രാജ്യങ്ങള്‍ ഗിഫ്റ്റുകളും ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളും കൈമാറുന്നതാണ് ആഘോഷങ്ങളുടെ പ്രത്യേകത. ഫ്രണ്ട്ഷിപ്പ് കാര്‍ഡ്, പൂക്കളും പരസ്പരം കൈമാറിയും ലോകത്ത് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്. കാലം മാറിയതിനൊപ്പം ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങളും അടിമുടി മാറി. കാര്‍ഡുകള്‍ക്ക് പകരം ആശംസകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേയ്ക്കും ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകളിലേയ്ക്കും മാറിക്കഴിഞ്ഞു. മെസേജുകളില്‍ വീഡിയോയും ജിഫ് ഫയലുകളുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങള്‍ ബാഹ്യജാഡകള്‍ക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്ന കൂട്ടുകാര്‍ എന്നുമുണ്ട്. ദുഖവും സന്തോഷവും തമ്മില്‍ എന്താണ് വ്യത്യാസം..? പങ്കുവച്ചാല്‍ കുറയുന്നത് ദുഖം, ഏറുന്നത് സന്തോഷം. സൗഹൃദത്തിന്റെ നിര്‍വ്വചനങ്ങള്‍ക്ക് അര്‍ത്ഥവ്യാപ്തി നല്‍കുന്നത് ഈ പങ്കുവയ്ക്കലുകളാണ്. ആദ്യത്തെ പ്രേമലേഖനവും ആദ്യത്തെ ചുംബനവും പിന്നെ ആദ്യത്തെ പ്രണയപരാജയവും ഹൃദയരക്തം പുരണ്ട ആദ്യത്തെ തുള്ളി കണ്ണുനീരും ഈ ബന്ധത്തിന്റെ പവിത്രതയില്‍ പങ്കുവയ്ക്കപ്പെട്ട് പുതിയ മാനങ്ങള്‍ തേടുന്നു.

ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന്. പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അപൂര്‍വമായൊരു സൗഹൃദമുണ്ടാകുന്നത്. യഥാര്‍ത്ഥ ഹൃദയബന്ധമുള്ള സുഹൃത്തുക്കള്‍ക്ക് സൗഹൃദ ദിനം പോലെയുള്ള ആചാരങ്ങള്‍ ആവശ്യമുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട് ഒരു സൗഹൃദദിനം കൂടി കടന്നു വരികയാണ്.

ശരീരത്തില്‍ ഏല്പിക്കുന്ന മുറിവ് കാലം മായ്ക്കുമെന്നാണ്. എന്നാല്‍, വാക്ക് കൊണ്ട് ഒരാളുടെ മനസ്സില്‍ ഏല്പിക്കുന്ന മുറിവ് കാലം അസ്തമിച്ചാലും മാഞ്ഞെന്ന് വരില്ല. ഫലമോ, നമ്മുടെ ജീവിതത്തില്‍ നഷ്ടമാകുന്നത് തെളിമയുള്ള വിശ്വാസ്യതയുള്ള ഒരു സുഹൃത്തിനെ ആയിരിക്കും, സൗഹൃദം ആയിരിക്കും. ഈ സൗഹൃദ ദിനത്തില്‍ സുഹൃത്തുക്കളുടെ വില നമുക്ക് തെളിമയോടെ മനസ്സിലാക്കാന്‍ കഴിയട്ടെ. അബദ്ധവശാല്‍പ്പോലും ഒരു കൂട്ടുകാരനും കൂട്ടുകാരിയും നഷ്ടമാകാതിരിക്കട്ടെ. സൗഹൃദം വിലപ്പെട്ടതാണ്. അത് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്കുക. ‘ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട’ എന്നാണല്ലോ ചൊല്ല്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments