Tuesday, April 29, 2025

HomeAmericaനാഷ്‌വില്ലില്‍ മേളകലാരത്‌നം കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ പഞ്ചാരി മേളം

നാഷ്‌വില്ലില്‍ മേളകലാരത്‌നം കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ പഞ്ചാരി മേളം

spot_img
spot_img

അമ്പഴയ്ക്കാട്ട് ശങ്കരന്‍

നാഷ്‌വില്‍: നാഷ്വില്ലിലെ മേളപ്രേമികളെയാകെ വിസ്മയിപ്പിച്ചുകൊണ്ട് മേളകലാരത്‌നം ശ്രീ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ നാഷ്വില്ല് ടെന്നിസ്സിയിലെ ശിഷ്യന്മാര്‍ പഞ്ചാരിമേളം അവതരിപ്പിച്ചു. ചെമ്പടവട്ടങ്ങളെ അഞ്ച് കാലങ്ങളില്‍ കാലപ്പൊരുത്തം കൈവിടാതെ കൊട്ടികയറിയ താളപെരുപ്പം ശ്രവണമധുരമായി. കേരള അസോസിയേഷന്‍ ഒഫ് നാഷ്വില്ലും ഗണേശ ടെമ്പിള്‍ നാഷ്വില്ലും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ശിവദാസിനെ ആദരിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ ശിഷ്യമാരുടെ അരങ്ങേറ്റം നടത്തുന്ന ചടങ്ങായിരുന്നു വേദി. വര്‍ഷങ്ങളുടെ സാധനയുടെ മധുരഫലമായി അരങ്ങേറ്റം മാറി. ക്ഷേത്രം പൂജാരിമാര്‍പൂജ നടത്തി, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ നിലവിളക്ക് കൊളുത്തി, ശിവദാസനാശാന്‍ തന്നെ ഇടക്കകൊട്ടി കല്യാണി പത്യാരിയും അഭിരാമി അനിലും സോപാനം പാടി ആദര-അരങ്ങേറ്റ ചടങ്ങുകള്‍ക്ക് സമാരംഭം കുറിച്ചു. ശിവദാസ് ആശന്‍ പൂജിച്ച ചെണ്ടകോലുകള്‍ ശിഷ്യര്‍ക്ക് നല്കി അരങ്ങേറ്റത്തിന് നാന്ദി കുറിച്ചു.

തുടര്‍ന്ന് ശിവദാസിന്റെ ശിഷ്യ കൂടിയായ ഷീബ മേനോന്‍ ആശാനെയും പഞ്ചാരിമേളത്തിന്റെ വിവിധ ഘടകങ്ങളേയും കാലങ്ങളേയും സദസ്സിന് പരിചയപ്പെടുത്തി. പിന്നീട് നടന്ന മേളത്തില്‍ ശ്രീ ശിവദാസിന്റെ ശിഷ്യന്മാരായ അനില്‍കുമാര്‍ ഗോപാലകൃഷ്ണന്‍, വിജയ് മേനോന്‍, അനില്‍ പത്യാരി, സൂരജ് മേനോന്‍, ഷീബ മേനോന്‍, മനോജ് നായര്‍, രാകേഷ് കൃഷ്ണന്‍, രമേഷ് ഇക്കണ്ടത്ത്, വിജയന്‍ കുന്നത്ത് എന്നിവര്‍ ശിവദാസിനോടൊപ്പവും രാജേഷ് നായരോടൊപ്പവും മേളം കൊട്ടി അരങ്ങേറ്റം കുറിച്ചു. ഡിറ്റ്രോയിറ്റില്‍ നിന്നും വന്ന മേള കലാകാരന്മാര്‍ വലന്തലയുടെയും, ഇലത്താളത്തിന്റെ അകമ്പടിയേന്തിയും മേളത്തിന് മിഴിവേകി.

സദസ്സിനെ നിര്‍ന്നിമേഷരാക്കിയ മേളത്തിനുശേഷം കലാമണ്ഡലം ശിവദാസനെ ആദരിക്കുന്ന ചടങ്ങ് ആരംഭിച്ചു.ഗണേശ ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍ ചന്ദ്രമൗലി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. കേരള അസോസിയേഷന്‍ ഒഫ് നാഷ്വില്‍ മുന്‍ പ്രസിഡണ്ട് സാം ആന്റോ പ്രശസ്തി പത്രം വായിച്ചശേഷം, കര്‍ണാടക സംഗിത വിദ്വാനും

വാന്റര്‍ബില്‍ട് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സറുമായ ഡോ. ശങ്കരന്‍ മഹാദേവനും, വാന്റര്‍ബില്‍ട് യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ ഡോ. സുശീല സോമരാജനും ചേര്‍ന്ന് പ്രശസ്തി പത്രം സമ്മാനിച്ചു. പിന്നീട് കേരള അസോസിയേഷന്‍ ഒഫ് നാഷ്വില്ലിനുവേണ്ടി പ്രസിഡണ്ട് രാകേഷ് കൃഷ്ണന്‍ പൊന്നാടയും, സെക്രട്ടറി

ശങ്കര്‍ മന മൊമന്റോയും, വൈസ് പ്രസിഡണ്ട് ഷിബു പിള്ള ടൊക്കണ്‍ ഒഫ് അപ്രീസിയേഷനും നല്കി ആദരിച്ചു. കാന്‍ മുന്‍ പ്രസിഡണ്ടും ക്ഷേത്രം കള്‍ച്ചറല്‍ കമ്മിറ്റി മെമ്പറുമായ അശോകന്‍ വട്ടക്കാട്ടിലും, കാനിന്റെ ജോയിന്റ് ട്രഷറുമായ അനില്‍കുമാര്‍ ഗോപാലകൃഷ്ണനും ആദര-അരങ്ങേറ്റ ചടങ്ങിന്റെ പ്ലാനിങ്ങ് ഘട്ടം മുതല്‍ സമാപനദിവസം വരെ ആദ്യന്തം നേതൃത്വം നല്കി. ശ്രീ ശിവദാസ് സദസ്സിനും സംഘാടകര്‍ക്കും തനിക്ക് നല്കിയ ആദരവിന് കൃതജ്ഞത പ്രകാശിപ്പിച്ചു.

ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് നാഷ്വില്‍ ട്രഷറര്‍ ആദര്‍ശ് രവീന്ദ്രന്‍, കാന്‍ ട്രഷറര്‍ അനില്‍ പത്യാരി, കാന്‍ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ മനോജ് രാജന്‍, ഫൂഡ് കമ്മിറ്റി ചെയര്‍ മഞ്ജീഷ് മഹാദേവന്‍, നിര്‍മാല്യം സത്സംഘം കാര്യകര്‍ത്താക്കള്‍ രാജീവ് ചന്ദ്രമന, ആശ പത്യാരി എന്നിവരും, കാന്‍ വളണ്ടിയര്‍മാരായ അനീഷ് കാപ്പാടന്‍, ബിനോപ് ഭാനുമാന്‍, ഹരി മേനോന്‍, മറ്റ് കാന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവര്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സജീവ നേതൃത്വം നല്കി. ചടങ്ങിനുടനീളം ശ്രീമതി ലീന ജോര്‍ജ്ജ് എംസിയായിരുന്നു.

പാലക്കാട് ജില്ലയില്‍ കൊല്ലങ്ങോട് പ്രസിദ്ധ സംഗിതകുടുംബത്തില്‍ 1964-ലാമ് ഗുരുശ്രീ മേളകലാരത്‌നം കലാമണ്ഡലം ശിവദാസ് ജനിച്ചത്. കേരള കലാമണ്ഡലം യൂണിവേഴ്‌സിറ്റിയില്‍നിന്ന് കഥകളി ചെണ്ടയില്‍ ഡിപ്ലൊമയും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയും നേടി 1986 മുതല്‍ ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയര്‍ കലാനിലയത്തില്‍ തന്റെ ജോലി ആരംഭിച്ചു.

ഇപ്പോല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായി പ്രവര്‍ത്തിക്കുന്നു. ചെണ്ട മേളം, തായമ്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളില്‍ കഴിവ് തെളീയിച്ച അനുഗൃഹീത കലാകാരനാണ് ശ്രീ ശിവദാസ്. ഇന്ത്യന്‍ മിനിസ്റ്ററി ഓഫ് ഹ്യുമന്‍ റിസോഴ്‌സിന്റെ സീനിയര്‍ ഫെല്ലോഷിപ്പടക്കം നിരവധി അവാര്‍ഡുകള്‍ കേരളത്തിലും പുറത്തും

അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ശിവദാസ് മുപ്പതിലേറെ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അനേകം സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും എ-ഗ്രേഡ് ആര്‍ട്ടിസ്റ്റായ അദ്ദേഹം ‘ചെണ്ട പഠനസഹായി’ ‘ഇലഞ്ഞിത്തറ മേളം’ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ, അരിസോണ, മിഷിഗന്‍,

ഇല്ലിനോയ്, മാസ്സച്യൂസറ്റ്, ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, പെന്‍സില്‍വാനിയ തുടങ്ങി അമേരിക്കയിലുടനീളവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അദ്ദേഹത്തിന് ശിഷ്യഗണങ്ങളുണ്ട്. ശിവദാസ് കുടുംബത്തോടോപ്പം ഇരിഞ്ഞാലക്കുടയില്‍ താമസിക്കുന്നു. സഹധര്‍മ്മിണി: സിന്ധു ശിവദാസ്, മക്കള്‍: ഐശ്വര്യ, അപര്‍ണ്ണ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments