ഡാളസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരുപത്തി അഞ്ചാമത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 5 വെള്ളി മുതല്‍ 7 ഞായര്‍ വരെ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ വെച്ച് (14133 Dennis Lane, Farmers Branch, Tx 75234) വൈകിട്ട് 6.30 മുതല്‍ 9 മണി വരെ നടത്തപ്പെടുന്നു.
പ്രമുഖ ആത്മീയ പ്രഭാഷകനും, നാഗപ്പൂര്‍ സെന്റ്.തോമസ് ഓര്‍ത്തഡോക്‌സ് സെമിനാരി അധ്യാപകനും, വേദ പണ്ഡിതനും ആയ റവ.ഫാ.ഡോ.ജേക്കബ് അനീഷ് വര്‍ഗീസ് മുഖ്യ സന്ദേശം നല്‍കും. മുംബൈ മുള്ളുണ്ട് സെന്റ്.ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക അസിസ്റ്റന്റ് വികാരി കൂടിയാണ്.
കണ്‍വെന്‍ഷനോടനുബന്ധിച്ച് എല്ലാദിവസവും ഡാളസിലെ 21 ഇടവകളിലെ ഗായകര്‍ ഉള്‍പ്പെടുന്ന എക്ക്യൂമെനിക്കല്‍ ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രുഷ ഉണ്ടായിരിക്കും. ആഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ യുവജനങ്ങള്‍ക്കായി പ്രത്യേക യൂത്ത് സെമിനാര്‍ ഉണ്ടായിരിക്കുന്നതാണെന്ന് ചുമതലക്കാര്‍ അറിയിച്ചു.
1979 ല്‍ ഡാളസില്‍ ആരംഭിച്ച കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പില്‍ ഇന്ന് വിവിധ സഭകളില്‍പ്പെട്ട ഏകദേശം 21 ഇടവകകള്‍ അംഗങ്ങളാണ്. ഡാളസിലെ പ്ലാനോയില്‍ ഉള്ള സെന്റ്.പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വെരി.റവ.രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ പ്രസിഡന്റും, അലക്‌സ് അലക്സാണ്ടര്‍ ജനറല്‍ സെക്രട്ടറിയും, റവ.ജിജോ അബ്രഹാം വൈസ്.പ്രസിഡന്റും, ബിജോയ് ഉമ്മന്‍ ട്രസ്റ്റിയും, ജോണ്‍ തോമസ് ക്വയര്‍ കോഓര്‍ഡിനേറ്ററും, ലിതിന്‍ ജേക്കബ് യൂത്ത് കോഓര്‍ഡിനേറ്ററും ആയ 22 അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയാണ് ഡാളസിലെ കെഇസിഎഫിന് ചുക്കാന്‍ പിടിക്കുന്നത്. ഡാളസിലെ എല്ലാവിശ്വാസികളെയും കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.