തിരുവനന്തപുരം: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസക്കുകീഴില്‍ ആകാശയാത്രക്കുള്ള പരിശീലനത്തിന് ആതിര തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് മലയാളികള്‍ക്കൊന്നാകെ അഭിമാനമാവുകയാണ്.
കല്‍പന ചൗളക്കും സുനിത വില്യംസിനും ശേഷം മറ്റൊരു ഇന്ത്യന്‍ വനിത ബഹിരാകാശയാത്രക്കുള്ള ഒരുക്കത്തിലാണ്. ആതിര പ്രീത റാണി, ഈ നേട്ടം കൈവരിക്കാനൊരുങ്ങുന്ന ആദ്യ മലയാളി വനിതകൂടിയാവും അവര്‍. വാലന്റിന തെരഷ്‌കോവക്കുശേഷം എഴുപത്തഞ്ചോളം വനിതകള്‍ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ടെങ്കിലും അതില്‍ സുനിത വില്യംസ്, കല്‍പ്പന ചൗള എന്നീ രണ്ട് പേരുകള്‍ മാത്രമേ ഇന്ത്യയില്‍നിന്നുള്ളൂ. ആ ചരിത്രമാണ് ആതിരയിലൂടെ തിരുത്താന്‍ പോകുന്നത്.

തിരുവനന്തപുരം സ്വദേശിനിയാണ് ആതിര. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസക്കുകീഴില്‍ ആകാശയാത്രക്കുള്ള പരിശീലനത്തിന് ആതിര തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് മലയാളികള്‍ക്കൊന്നാകെ അഭിമാനമാവുകയാണ്. പരിശീലനം പൂര്‍ത്തിയാക്കിയശേഷം ആകാശം കീഴടക്കാന്‍ ആതിരക്ക് അധികം കാത്തുനില്‍ക്കേണ്ടിവരില്ലെന്നാണ് അറിയുന്നത്.
ആറു വയസ്സുള്ളപ്പോള്‍ അച്ഛന്‍ കൊണ്ടുവന്ന കളിപ്പാട്ട വിമാനത്തോടുതോന്നിയ കൗതുകത്തില്‍നിന്നാണ് ആതിരയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകുമുളക്കുന്നത്. പിന്നെ, വിമാനങ്ങളുടെയും റോക്കറ്റുകളുടെയും ബഹിരാകാശ പേടകങ്ങളുടെയുമൊക്കെ ലോകത്തെ അറിയാനുള്ള ശ്രമങ്ങളായി. സ്‌കൂള്‍ പഠനകാലം ആകാശയാത്രകളുടെ അന്വേഷണങ്ങള്‍ കൂടിയായിരുന്നു.

അമച്വര്‍ ആസ്‌ട്രോണമേഴ്‌സ് ഓര്‍ഗനൈസേഷനില്‍ (ആസ്‌ട്രോ) 2013 മുതല്‍ ആതിര സജീവമായിരുന്നു. മിക്ക ക്ലാസുകളിലും പങ്കെടുക്കും. ആ ക്ലാസുകള്‍ തന്റെ സ്വപ്നത്തിലേക്കുള്ള പ്രായോഗികവഴികളുടെ ദിശാസൂചകങ്ങളായി. പിന്നീട് ജീവിതസുഹൃത്തായി മാറിയ ഗോകുല്‍ ദാസ് ബാലചന്ദ്രനെ പരിചയപ്പെടുന്നതും ‘ആസ്‌ട്രോ’യുടെ ക്ലാസ് മുറിയില്‍വെച്ചുതന്നെ.
വാലന്റിനയെയും സാലി റൈഡിനെയുമെല്ലാംപോലെ ഫൈറ്റ് പൈലറ്റാവുക; അതുവഴി അവരെപ്പോലെ പറക്കുക. ഇതായിരുന്നു ആതിരയുടെ മനസ്സിലെ ആദ്യ ലക്ഷ്യം. നാഷനല്‍ സ്‌പേസ് ഒളിമ്പ്യാഡിലും ഐ.എസ്.ആര്‍.ഒ സംഘടിപ്പിച്ച സ്‌പേസ് ക്വിസിലുമെല്ലാം വിജയിയായി ആ മോഹങ്ങളിലേക്കവള്‍ ഏറെ നടന്നടുക്കുകയും ചെയ്തു.
ഇന്ത്യയില്‍ ആ സമയത്ത് വനിതകള്‍ക്ക് ഫൈറ്റ് പൈലറ്റാകാന്‍ കഴിയുമായിരുന്നില്ല. ആ അന്വേഷണം എത്തിയത് ഒട്ടോവയിലെ അല്‍ഗോക്വിന്‍ കോളജിലാണ്. അവിടെ ‘റോബോട്ടിക്‌സ്’ പഠിക്കാന്‍ സ്‌കോളര്‍ഷിപ് കിട്ടിയതോടെ സ്വപ്നയാത്രക്ക് ചിറകുമുളച്ചുതുടങ്ങി. 2018ല്‍ അങ്ങനെ കാനഡയിലേക്ക്.
ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണോട്ടിക്കല്‍ സയന്‍സസ് എന്നൊരു സംഘടനയുണ്ട്. ലോകത്തിലെ ആദ്യത്തെ ജനകീയ ബഹിരാകാശ ഗവേഷണ കേന്ദ്രം എന്നുവേണമെങ്കില്‍ ഈ സ്ഥാപനത്തെ വിശേഷിപ്പിക്കാം. മനുഷ്യനെ ബഹിരാകാശ യാത്രക്ക് സജ്ജമാക്കാനുള്ള അനൗദ്യോഗികവേദി. നാസയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുമൊക്കെ ഈ സംരംഭത്തില്‍ പങ്കാളികളാണ്.
നാസയുടെ സഹായത്തോടെ ഇവര്‍ നടത്തുന്ന ബഹിരാകാശ യാത്ര പരിശീലന പദ്ധതിയാണ് ‘പ്രോജക്ട് പോസം’ (POSSUM -Polar Suborbital Science in the Upper Mesosphere) ലത്തീന്‍ ഭാഷയില്‍ ‘പോസം’ എന്നാല്‍ ‘എനിക്ക് കഴിയും’ എന്നാണര്‍ഥം. ഈ പദ്ധതിയിലേക്കായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഡസന്‍ പേരിലൊരാളാണി?പ്പോള്‍ ആതിര. ഫ്‌ലോറിഡയില്‍ നാസയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലന പരിപാടിക്കുപോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ആതിര.
ഫൈറ്റ് ജെറ്റ് ഓടിച്ചുള്ള പരിചയത്തിന്റെയും എക്‌സോജിയോ സമ്മാനിച്ച അനുഭവത്തിന്റെയും ആത്മവിശ്വാസത്തിലാണ് ആതിര അപേക്ഷ സമര്‍പ്പിച്ചത്. അതിപ്പോള്‍ സ്വപ്നസാഫല്യത്തിലേക്കെത്തിയിരിക്കുന്നു. ഫ്‌ലോറിഡയിലേക്ക് പോകുംമുമ്പ്, ഫൈറ്റ് പൈലറ്റ് ലൈസന്‍സും ഒരുപക്ഷേ, ആതിരക്ക് ലഭിച്ചേക്കും. അധികം വൈകാതെ ആതിരക്കുവേണ്ടി ആകാശം വഴിമാറിയ പുതിയ കഥകള്‍ കേള്‍ക്കാനായേക്കും.