വാഷിംഗ്ടണ്‍: പൊലീസ് റെയ്ഡിനിടെ ബ്രിയോണ ടെയ് ലര്‍ എന്ന കറുത്ത വര്‍ഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ കുറ്റപത്രം ചുമത്തി. നിലവില്‍ സര്‍വീസിലുള്ളവരും വിരമിച്ചവരും പ്രതികളാണ്.
ലൂയിവില്ല പൊലീസ് ഉദ്യോഗസ്ഥരാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതികള്‍. ലൂയിവില്ല മെട്രോപോളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഡിറ്റക്ടീവ് ജോഷ്വ ജെയിന്‍സ്, നിലവിലെ സെര്‍ജന്റ് കൈല്‍ മീനി, നിലവിലെ ഡിറ്റക്ടീവ് കെല്ലി ഗുഡ്ലെറ്റ്, മുന്‍ ഡിറ്റക്ടീവ് ബ്രെറ്റ് ഹാന്‍കിന്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.
പൊലീസ് ഉള്‍പ്പെട്ട വംശീയ അധിക്ഷേപങ്ങളും വിവേചനങ്ങളും തടയാനുള്ള യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടികളുടെ ഭാഗമായാണ് നടപടി. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ യു.എസ് പൊലീസ് വംശീയ വിവേചനം കാണിക്കുന്നെന്ന പരാതികള്‍ അടുത്തിടെ ശക്തമായിരുന്നു.
2020 മാര്‍ച്ച് 13 ന് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 26 വയസുകാരിയായ ടെയ് ലര്‍ കൊല്ലപ്പെടുകയായിരുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ടെയ്ലര്‍.